3,216 കോടിയുടെ നഷ്ടം; സെബിയുടെ നിരോധനം അനിൽ അംബാനിക്ക് നൽകിയത് കനത്ത തിരിച്ചടി, ഓഹരികൾ കുത്തനെ താഴേക്ക്
റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയെയും റിലയൻസ് ഹോം ഫിനാൻസിൻ്റെ മുൻ പ്രധാന ഉദ്യോഗസ്ഥരുൾപ്പെടെ 24 പേരെയാണ് സെബി വിലക്കിയത്.
മുംബൈ: സെബിയുടെ നിരോധനത്തിന് ശേഷം, അനിൽ അംബാനി ഗ്രൂപ്പ് ഓഹരികൾക്ക് 3,216 കോടി രൂപയുടെ നഷ്ടം. റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ്, റിലയൻസ് പവർ ലിമിറ്റഡ്, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്നിവയുടെ ഓഹരികൾ കഴിഞ്ഞ മൂന്ന് സെഷനുകളിലായി കുത്തനെ ഇടിഞ്ഞു.
റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയെയും റിലയൻസ് ഹോം ഫിനാൻസിൻ്റെ മുൻ പ്രധാന ഉദ്യോഗസ്ഥരുൾപ്പെടെ 24 പേരെയാണ് സെബി വിലക്കിയത്. വായ്പാ സ്ഥാപനമായ റിലയൻസ് ഹോം ഫിനാൻസിലെ ഫണ്ട് വകമാറ്റി തിരിമറി നടത്തിയതിനാണ് സെബി നടപടിയെടുത്തത്.
തിങ്കളാഴ്ച 14 ശതമാനത്തിലധികം ഇടിഞ്ഞ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ആണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട ഓഹരി. കഴിഞ്ഞ മൂന്ന് സെഷനുകളിൽ കമ്പനിക്ക് 1,097.7 കോടി രൂപ നഷ്ടപ്പെട്ടു. ആറ് മാസത്തേക്ക് സെക്യൂരിറ്റീസ് മാർക്കറ്റുകളിൽ പ്രവേശിക്കുന്നതിൽ നിന്ന് കമ്പനിയെ വിലക്കുകയും ആറ് ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തതാണ് കാരണം.
ആർഎച്ച്എഫ്എല്ലിന്റെ പ്രധാന മാനേജർമാരുടെ സഹായത്തോടെ പണം തട്ടിയെടുക്കാനുള്ള പദ്ധതി അനിൽ അംബാനി ആസൂത്രണം ചെയ്തതായി സെബി കണ്ടെത്തിയിരുന്നു. ഡയറക്ടർ ബോർഡ് വായ്പാ രീതികൾ അവസാനിപ്പിക്കാൻ ശക്തമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും കോർപ്പറേറ്റ് വായ്പകൾ പതിവായി അവലോകനം ചെയ്യുകയും ചെയ്തിരുന്നുവെങ്കിലും, കമ്പനിയുടെ മാനേജ്മെൻ്റ് ഈ ഉത്തരവുകൾ അവഗണിച്ചുവെന്നും സെബി കണ്ടെത്തിയിട്ടുണ്ട്.