ജീവനക്കാർ രാജിവച്ചെന്ന വാർത്ത അടിസ്ഥാനരഹിതം: ആകാശ എയർ സിഇഒ
3500 ജീവനക്കാരെന്ന ലക്ഷ്യം ഈ വർഷം തന്നെ. ജുൻജുൻവാലയുടെ സ്വപ്‍ന പദ്ധതി. ഇന്ത്യൻ എയർലൈൻ വ്യവസായത്തിൽ അതിവേഗം വളരുന്ന ശൃംഖലയായി ആകാശ എയർ
ദില്ലി: ക്യാബിൻ ക്രൂ അംഗങ്ങൾ രാജിവച്ചെന്ന വാർത്തകൾ നിരസിച്ച് ലോ-കോസ്റ്റ് എയർലൈനായ ആകാശ എയറിന്റെ സ്ഥാപകനും സിഇഒയുമായ വിനയ് ദുബെ. ആകാശ എയറിലെ ക്യാബിൻ ക്രൂ അംഗങ്ങളുടെ രാജിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വസ്തുതാപരമായി തെറ്റും അടിസ്ഥാനരഹിതവുമാണ് വിനയ് ദുബെ പറഞ്ഞു.
രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ ആകാശ എയർ ഈ വർഷാവസാനത്തോടെ ഏകദേശം 3,500 ജീവനക്കാരെന്ന ലക്ഷ്യത്തിലേക്ക് എത്തുമെന്ന് എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു.. നിലവിൽ 3000 ജീവനക്കാരുള്ള ആകാശ എയർ 2024 ആകുമ്പോഴേക്കും 500 ജീവനക്കാരെ കൂടി ഉൾപ്പെടുത്തും. ഇന്ത്യൻ എയർലൈൻ വ്യവസായത്തിൽ അതിവേഗം വളരുന്ന ശൃംഖലയാണ് ആകാശയുടേതെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: സ്വർണ്ണ വായ്പയ്ക്ക് കുറഞ്ഞ പലിശ ഈടാക്കുന്ന 5 ബാങ്കുകൾ; മറ്റ് ചാർജുകൾ എന്തൊക്കെ
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പറന്നു തുടങ്ങിയ കാരിയർ, ഓരോ ആഴ്ചയും 900 ലധികം ഫ്ലൈറ്റ് സർവീസുകൾ നടത്തുന്നു. 2023 അവസാനത്തോടെ അന്താരാഷ്ട്ര പ്രവർത്തനങ്ങൾ ആരംഭിക്കാനും പദ്ധതിയിടുന്നു. നിലവിൽ 19 വിമാനങ്ങളുള്ള എയർലൈൻ, 2027 മാർച്ചോടെ മൊത്തം 72 വിമാനങ്ങളാക്കി ഉയർത്തിയേക്കും. കഴിഞ്ഞ മാസം, നാല് ബോയിംഗ് 737 മാക്സ് വിമാനങ്ങൾ കൂടി ഏറ്റെടുക്കുമെന്ന് എയർലൈൻ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
മെയ് മാസത്തിൽ ആകാശ എയർ 6.29 ലക്ഷം യാത്രക്കാരെ വഹിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ആഭ്യന്തര വിപണി വിഹിതം 4.8 ശതമാനമായിരുന്നു.