വമ്പൻ നിയമനങ്ങളുമായി എയർ ഇന്ത്യ എക്‌സ്പ്രസ്; പുതിയ ജീവനക്കാരുടെ എണ്ണം ഇതാണ്
അന്തർദ്ദേശീയ, ആഭ്യന്തര നെറ്റ്‌വർക്കുകളിൽ കൂടുതൽ ഫ്ലൈറ്റുകൾ സർവീസ് നടത്തുമ്പോൾ കൂടുതൽ ജീവനക്കാരെ ആവശ്യമുണ്ടാകും എന്ന് നിയമന പദ്ധതികൾ വിശദീകരിച്ചുകൊണ്ട് എയർ ഇന്ത്യ
ദില്ലി: പൈലറ്റ്, ക്യാബിൻ ക്രൂ എന്നിവയടക്കം അഞ്ഞൂറിലധികം ജീവനക്കാരെ നിയമിച്ചതായി ചെലവ് കുറഞ്ഞ അന്താരാഷ്ട്ര വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്‌സ്പ്രസ്. ദില്ലി, മുംബൈ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ അടുത്തിടെ നടത്തിയ റിക്രൂട്ട്‌മെന്റ് ഡ്രൈവിൽ 280-ലധികം പൈലറ്റുമാരെയും 250 ക്യാബിൻ ജീവനക്കാരെയും നിയമിച്ചതായി എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.
മുമ്പ് ഇന്ത്യൻ ഗവൺമെന്റിന്റെ കീഴിലായിരുന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ് ഇപ്പോൾ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ്, കഴിഞ്ഞ വർഷം ജനുവരി അവസാനത്തോടെ എയർ ഇന്ത്യയ്‌ക്കൊപ്പം ഏറ്റെടുത്തതാണ്. എയർ ഇന്ത്യയ്ക്കും എയർ ഇന്ത്യ എക്സ്പ്രസിനും പുറമെ, ടാറ്റ ഗ്രൂപ്പിന് ആഭ്യന്തര ബജറ്റ് കാരിയറായ എയർഏഷ്യ ഇന്ത്യ, സിംഗപ്പൂർ എയർലൈൻസ് എന്നിയവയിൽ 51 ശതമാനം ഓഹരിയും ഉണ്ട്. വിസ്താര എയർ ഇന്ത്യയുമായി ലയിക്കുമ്പോൾ എയർ ഏഷ്യ ഇന്ത്യയെ എയർ ഇന്ത്യ എക്സ്പ്രസുമായി സംയോജിപ്പിക്കും.
ALSO READ: സ്വർണവും പ്ലാറ്റിനവും പൂശിയ ചായക്കപ്പ്; നിത അംബാനിയുടെ അത്യാഢംബര ജീവിതശൈലി
പൈലറ്റുമാരുടെയും ക്യാബിൻ ക്രൂ അംഗങ്ങളുടെയും ഒഴിവുകൾ ലക്ഷ്യമിട്ട് കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ തങ്ങളുടെ തൊഴിലാളികളെ ശക്തിപ്പെടുത്തുന്നതിൽ സജീവമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി എയർ ഇന്ത്യ എക്സ്പ്രസ് പറഞ്ഞു.
ദില്ലി, ബാംഗ്ലൂർ, മുംബൈ, ചെന്നൈ എന്നിവിടങ്ങൾക്ക് പുറമേ, മറ്റ് നഗരങ്ങളിലും വാക്ക്-ഇൻ റിക്രൂട്ട്‌മെന്റ് ഡ്രൈവുകളും നടത്തുന്നുണ്ടെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.
ഫെബ്രുവരിയിൽ ലോകത്തിലെ ഏറ്റവും വലിയ വിമാന കരാറിൽ എയർ ഇന്ത്യ ഒപ്പുവെച്ചിരുന്നു. 70 ബില്യൺ ഡോളറിന്റെ 470 വിമാനങ്ങൾക്ക് എയർ ഇന്ത്യ ഓർഡർ നൽകിയിട്ടുണ്ട്. യൂറോപ്യൻ വിമാന നിർമ്മാതാക്കളായ എയർ ബസിൽ നിന്നും 250 വിമാനങ്ങളും അമേരിക്കൻ വിമാന നിർമ്മാതാക്കളായ ബോയിംഗിൽ നിന്നും 220 വിമാനങ്ങളും എയർ ഇന്ത്യ വാങ്ങും. ലോകത്തിലെ എക്കാലത്തെയും വലിയ ഒറ്റത്തവണ വിമാനം വാങ്ങലാണ് ഇത്.
ALSO READ: 60-ന് മുകളിൽ പ്രായമുള്ളവരാണോ? കാത്തിരിക്കുന്നത് വമ്പൻ ആനുകൂല്യങ്ങൾ
അന്തർദ്ദേശീയ, ആഭ്യന്തര നെറ്റ്‌വർക്കുകളിൽ കൂടുതൽ ഫ്ലൈറ്റുകൾ സർവീസ് നടത്തുമ്പോൾ കൂടുതൽ ജീവനക്കാരെ ആവശ്യമുണ്ടാകും എന്ന് നിയമന പദ്ധതികൾ വിശദീകരിച്ചുകൊണ്ട് എയർ ഇന്ത്യ ഇൻഫ്‌ലൈറ്റ് സർവീസ് ഹെഡ് സന്ദീപ് വർമ്മ വ്യക്തമാക്കിയിരുന്നു.