കത്തിക്കയറി അദാനി ട്രാൻസ്മിഷൻ ഓഹരികൾ; ഒരു വർഷത്തെ ഏറ്റവും ഉയർന്ന വില
അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ എന്നിവ നിഫ്റ്റി 50 സൂചികയിൽ മികച്ച നേട്ടമുണ്ടാക്കി.
മുംബൈ: അദാനി ട്രാൻസ്മിഷന്റെ ഓഹരി മൂല്യം ഇന്ന് കുത്തനെ ഉയർന്നു. ഓഹരി വില കദേശം 16 ശതമാനം ഉയർന്നതിന് ശേഷം 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തി. ഒരു വർഷത്തെ ഏറ്റവും ഉയർന്ന വില 1,246 രൂപയോളമാണ്. രാവിലെ 10:13 വരെ, ഓഹരികൾ 15.3 ശതമാനം ഉയർന്ന് 1,225.20 രൂപയിലാണ് വ്യാപാരം നടത്തുന്നത്.
അദാനി ഗ്രൂപ്പിന് കീഴിലുള്ള ലിസ്റ്റുചെയ്ത 10 കമ്പനികളുടെ ഓഹരികളും ഉയർന്നിട്ടുണ്ട്. ലിസ്റ്റ് ചെയ്ത എല്ലാ കമ്പനികളിൽ ഉടനീളം കാണപ്പെടുന്ന പ്രവണതയുടെ ഭാഗമാണ് അദാനി ട്രാൻസ്മിഷൻ ഓഹരികളിലെ ഈ കുതിച്ചുചാട്ടം. അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ എന്നിവ നിഫ്റ്റി 50 സൂചികയിൽ മികച്ച നേട്ടമുണ്ടാക്കി.
അദാനി ഗ്രൂപ്പിനെതിരെ യുഎസ് ആസ്ഥാനമായുള്ള ഷോർട്ട് സെല്ലിംഗ് സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ച ആരോപണങ്ങളിൽ കോടതിയുടെ നിരീക്ഷണത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടുള്ള സുപ്രിം കോടതിയുടെ നിർണായക വിധിക്ക് തൊട്ടുമുമ്പാണ് അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ വില്പന ഉയർന്നത്.
അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക സമ്പ്രദായങ്ങളെയും വ്യാപാര പ്രവർത്തനങ്ങളെയും കുറിച്ച് ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ച ആരോപണങ്ങളെ കേന്ദ്രീകരിച്ചാണ് കേസ്. വിധി വന്നപ്പോൾ, പ്രത്യേക അന്വേഷണ സംഘം വേണമെന്ന ഹര്ജി സുപ്രീംകോടതി തള്ളി.വിദഗ്ധ സമിതി അംഗങ്ങൾക്ക് അദാനിയുമായി ബന്ധമില്ലെന്ന് കോടതി വ്യക്തമാക്കി.നിയമലംഘനം ഉണ്ടോ എന്ന് കേന്ദ്ര സർക്കാർ പരിശോധിക്കണം.നിയമം അനുസരിച്ച് നടപടി എടുക്കണം. അന്വേഷണം മാറ്റി നൽകുക എന്നത് അസാധാരണ സാഹചര്യത്തിലാണ് കോടതി തീരുമാനിക്കുക.ഈ സാഹചര്യത്തിൽ ആ നടപടി എടുക്കുന്നില്ല. ഓഹരി വിപണിയിലെ സുതാര്യതയ്ക്ക് വിദഗ്ധ സമിതി നല്കിയ ശുപാർശകൾ നടപ്പാക്കണം.അന്വേഷണാത്മക പത്ര പ്രവർത്തനം വഴി വരുന്ന ഇത്തരം റിപ്പോർട്ടുകൾ സെബി പരിഗണിക്കണം.ഇത് തെളിവായി കണക്കാക്കാൻ ആവില്ലെന്ന് കോടതി വ്യക്തമാക്കി. ഹിൻഡൻബർഗ് റിപ്പോർട്ട് ഓഹരി വിപണിയെ സ്വാധീനിച്ചോ എന്ന ആരോപണവും പരിശോധിക്കണം.സെബിയുടെ അന്വേഷണത്തിന് മൂന്ന് മാസത്തെ സമയം കൂടി അനുവദിച്ചു.ഹർജിക്കാരെ കോടതി വിമർശിച്ചു.ന്യായമായ വിഷയങ്ങൾ കൊണ്ടുവരാനാണ് പൊതുതാൽപര്യ ഹർജി.ആധികാരികമല്ലാത്ത റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പൊതുതാല്പര്യ ഹർജികൾ നല്കരുതെന്നും കോടതി പറഞ്ഞു