8 ശതമാനം വരെ പലിശ; സേവിംഗ്സ് അക്കൗണ്ടിൽ ഉയർന്ന പലിശനിരക്കുമായി ചെറുകിട ബാങ്കുകൾ
മുൻ നിര ബാങ്കുകളെ അപേക്ഷിച്ച് ചെറുകിട ധനകാര്യസ്ഥാപനങ്ങളാണ് മികച്ച പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നത്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് 4 ശതമാനത്തിൽ നിന്ന് 6.50 ശതമാനമായി ഉയർത്തിയതിനെത്തുടർന്ന്, മിക്ക ബാങ്കുകളും സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്കും ഉയർത്തിയിട്ടുണ്ട്. മുൻ നിര ബാങ്കുകളെ അപേക്ഷിച്ച് ചെറുകിട ധനകാര്യസ്ഥാപനങ്ങളാണ് മികച്ച പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നത്.
വരുമാനത്തിന്റെ ഒരു ഭാഗം സേവിംഗ്സ് അക്കൗണ്ടുകളിൽ സൂക്ഷിക്കുന്നത് എന്തുകൊണ്ടും നല്ല തീരുമാനമാണ്. കാരണം മുൻനിര ബാങ്കുകൾ സ്ഥിരനിക്ഷേപത്തിന് നൽകുന്നത്ര പലിശ സേവിംഗ്സ് അക്കൗണ്ടുകൾക്ക് ലഭ്യമാക്കുന്ന ചെറുകിട ബാങ്കുകളുമുണ്ട്. ആകർഷകമായ പലിശ ലഭിക്കുന്നതിനൊപ്പം സേവിംഗ്സ് അക്കൗണ്ടിൽ നിന്നും എപ്പോൾ വേണമെങ്കിലും പണം പിൻവലിക്കാമെന്ന സൗകര്യവുമുണ്ട്. സേവിംഗ്സ് അക്കൗണ്ടുകൾക്ക് ഏറ്റവും മികച്ച പലിശ നിരക്ക് നൽകുന്ന സ്വകാര്യ ബാങ്കുകൾ ഏതൊക്കെയെന്നറിയാം.
ഡിസിബി ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകൾക്ക് ഉയർന്ന നിരക്കായ 8 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. . 2500 മുതൽ 5000 രൂപ വരെയാണ് മിനിമം ബാലൻസ് വേണ്ടത്. 2 ശതമാനം മുതൽ 8 ശതമാനം വരെയാണ് പലിശ ലഭിക്കുക
സ്മോൾ ഫിനാൻസ് ബാങ്കുകളിൽ ഉയർന്ന നിരക്ക് ലഭ്യമാക്കുന്നത് ഉജ്ജീവനി സ്മോൾ ഫിനാൻസ് ബാങ്ക് ആണ്. സേവിംഗ്സ് അക്കൗണ്ടുകൾക്ക് 7.5 ശതമാനം വരെ പലിശയാണ് ഉജ്ജീവനി ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ചെറുകിട ധനകാര്യ ബാങ്കുകൾക്കിടയിൽ, ഉജ്ജീവനി ബാങ്കിന്റെത് മികച്ച പലിശ നിരക്കാണ്.
ഫെഡറൽ ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകൾക്ക് 7.15 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്.. 5,000 രൂപയാണ് ശരാശരി പ്രതിമാസ ബാലൻസ് തുകയായി അക്കൗണ്ടിൽ വേണ്ടത്.
എയു സ്മോൾ ഫിനാൻസ് ബാങ്ക്, ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്, സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് എന്നിവ സേവിംഗ്സ് അക്കൗണ്ടുകൾക്ക് 7 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്.. 2,000 മുതൽ 5,000 രൂപവരെയാണ് ശരാശരി പ്രതിമാസ ബാലൻസ് ആയി എയു സ്മോൾ ഫിനാൻസ് ബാങ്കിൽ ആവശ്യമുള്ളത്. , 2,500 രൂപ മുതൽ 10,000 രൂപവരെ ഇക്വിറ്റാസ് ബാങ്കിലും 2000 രൂപ സൂര്യോദയ ബാങ്കിലും പ്രതിമാസ ബാലൻസ് ആയി ആവശ്യമുണ്ട്.
സ്മോൾ ഫിനാൻസ് ബാങ്കുകൾക്ക് പുറമെ ഐഡിഎഫ്സി ഫസ്റ്റ് ബാങ്കും, ആർബിഎൽ ബാങ്കും സേവിംഗ്സ് അക്കൗണ്ടുകൾക്ക് 7 ശതമാനം വരെ പലിശ നൽകുന്നുണ്ട്..ഐഡിഎഫ്സി ബാങ്കിൽ ശരാശരി പ്രതിമാസ ബാലൻസ് 10,000 രൂപയും, ആർബിഎൽ ബാങ്കിൽ 2,500 മുതൽ 5,000 രൂപ വരെയുമാണ്.
എന്തുതന്നെയായാലും പലിശ നിരക്കിനൊപ്പം ബാങ്കുകളുടെ ദീർഘകാല ട്രാക്ക് റെക്കോർഡ്, സേവന നിലവാരം, ബ്രാഞ്ച് നെറ്റ്‌വർക്ക്, എടിഎം സേവനങ്ങൾ എവിടെയൊക്കെ ലഭ്യമാകും എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് വേണം സേവിംഗ്സ് അക്കൊണ്ടിനായുള്ള ഒരു ബാങ്ക് തിരഞ്ഞെടുക്കേണ്ടത്. സേവിംഗ്സ് അക്കൗണ്ടുകളുടെ ഉയർന്ന പലിശ ഒരു ബോണസ് ആയി കണക്കാക്കണമെന്ന് ചുരുക്കം.