സേവിംഗ്സ് അക്കൗണ്ട് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട നാല് പ്രധാന കാര്യങ്ങളിതാ
ജോലിയുള്ളവർക്കും അല്ലാത്തവർക്കും പണം നിക്ഷേപിക്കാനും ഏത് സമയത്തും പിൻവലിക്കാനും കഴിയുന്ന ഒന്നാണ് ഒരു സേവിംഗ്സ് അക്കൗണ്ട്.
പണം കയ്യിൽ സൂക്ഷിച്ചാൽ തീർന്നുപോകുന്ന വഴി അറിയില്ലെന്ന് പലരും പറയാറുണ്ട്. അതുകൊണ്ട് തന്നെ ഒരു സേവിംഗ്സ് അക്കൗണ്ട് തുറന്നാൽ പണം കയ്യിൽ കൊണ്ടുനടക്കേണ്ടിവരില്ല. മാത്രമല്ല സമ്പാദ്യം ശീലമാക്കുന്നതിനുള്ള ലളിതവുമായ മാർഗ്ഗം കൂടിയാണ്ഒരു സേവിംഗ്‌സ് അക്കൗണ്ട് തുറക്കുക എന്നത്. ജോലിയുള്ളവർക്കും അല്ലാത്തവർക്കും പണം നിക്ഷേപിക്കാനും ഏത് സമയത്തും പിൻവലിക്കാനും കഴിയുന്ന ഒന്നാണ് ഒരു സേവിംഗ്സ് അക്കൗണ്ട്.
എടുക്കും മുൻപ് ശരിയായ സേവിംഗ്സ് അക്കൗണ്ട് തന്നെ തിരഞ്ഞെടുക്കണം. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് നിരവധി ഓപ്ഷനുകൾ ഉള്ളതിനാൽ, ഒരു സേവിംഗ്സ് അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് നിരവധി ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ഒരു സേവിംഗ്സ് അക്കൗണ്ട് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങൾ ഏതൊക്കെയെന്ന് നോക്കാം
പലിശ നിരക്കുകൾ
നിങ്ങളുടെ അക്കൗണ്ടിലെ സമ്പാദ്യത്തിന്റെ വളർച്ച നിർണ്ണയിക്കുന്നതിൽ പലിശനിരക്കാണ് പ്രധാനപങ്ക് വഹിക്കുന്നത്. സേവിംഗ്സ് അക്കൗണ്ട് തുറക്കുന്നതിന് മുൻപ് വിവിധ ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ നൽകുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഉയർന്ന പലിശ നിരക്കും മറ്റ് ആനുകൂല്യങ്ങളും നൽകുന്ന ഒരു അക്കൗണ്ട് തന്നെ തിരഞ്ഞെടുക്കുക.
ഫീസും ചാർജുകളും
സേവിംഗ്‌സ് അക്കൗണ്ടുകൾ പൊതുവെ ചെലവ് കുറഞ്ഞതോ -സൗജന്യമോ ആയിരിക്കും.,എങ്കിലും സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കുന്നതിന് മുൻപ് അധിക ചാർജുകൾ എന്തെങ്കിലും ബാങ്കുകൾ ഈടാക്കുന്നുണ്ടോയെന്ന് അറിയണം. പ്രതിമാസ മെയിന്റനൻസ് ഫീസ്, പിൻവലിക്കൽ ഫീസ്, ട്രാൻസ്ഫർ ഫീസ്, മിനിമം ബാലൻസ് ആവശ്യകതകൾ തുടങ്ങിയവ അതിൽ ഉൾപ്പെടുന്നവയാണ്. നിങ്ങളുടെ ഫണ്ടുകൾ ഇടയ്ക്കിടെ പിൻവലിക്കുന്നവരാണെങ്കിൽ, മിനിമം ബാലൻസ് മാനദണ്ഡങ്ങൾ കുറഞ്ഞതും ചാർജ് കുറവുള്ളതുമായ അക്കൗണ്ട് തിരഞ്ഞെടുക്കണം.
അക്കൗണ്ട് പ്രവേശനക്ഷമതയും സൗകര്യവും
നിങ്ങളുടെ അക്കൗണ്ടിലെ പണം എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുമോയെന്ന് ആദ്യം അറിയണം. ബാങ്ക് ഓൺലൈൻ ബാങ്കിംഗ് സേവനങ്ങളോ മൊബൈൽ ആപ്പുകളോ 24/7 ഉപഭോക്തൃ പിന്തുണയോ വാഗ്ദാനം ചെയ്യുന്നുണ്ടോയെന്നും, സൗജന്യമായി പണം പിൻവലിക്കാൻ എടിഎമ്മുകളുടെ സേവനം ലഭ്യമാണോ എന്നതുൾപ്പെടെ അറിഞ്ഞുവെയ്ക്കണം. പ്രവേശനക്ഷമതയും സൗകര്യവും നിങ്ങളുടെ ബാങ്കിംഗ് അനുഭവം വളരെയധികം മെച്ചപ്പെടുത്തുകയും നിങ്ങളുടെ സമ്പാദ്യം ട്രാക്ക് ചെയ്യാനും നിയന്ത്രിക്കാനും എളുപ്പമാക്കുകയും ചെയ്യും.ഏത് സമയത്തും പണം ഉപയോഗിക്കാൻ കഴിയുന്ന സൗകര്യങ്ങൾ നൽകുന്ന ബാങ്കിൽ പണം നിക്ഷേപിക്കുന്നതാണ് നല്ലത്
അക്കൗണ്ട് നിയന്ത്രണങ്ങൾ
ഒരു സേവിംഗ്സ് അക്കൗണ്ട് തുറക്കുന്നതിന് മുമ്പ്, ധനകാര്യ സ്ഥാപനം ഏർപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും നിയന്ത്രണങ്ങളുണ്ടോ എന്നത് പരിശോധിക്കണം. ചില അക്കൗണ്ടുകൾ തുറക്കുന്നതിന് ബാങ്ക് നിശ്ചിത ബാലൻസ് നിലനിർത്താൻ ആവശ്യപ്പെട്ടേക്കാം.കൂടാതെ, ഓരോ മാസവും നിങ്ങൾക്ക് നടത്താനാകുന്ന ഇടപാടുകളുടെയോ പിൻവലിക്കലുകളുടെയോ പരിമിതികളെക്കുറിച്ച് കൂടി അറിഞ്ഞിരിക്കണം.