ലീഗിന്‍റേത് വിഭജന രാഷ്ട്രീയമെന്ന് വി വി രാജേഷ്, വേറെ രാജ്യം പ്രഖ്യാപിച്ച രാജാവിന്‍റെ രാഷ്ട്രീയമെന്തെന്ന് ഫസൽ ഗഫൂർ
മുസ്ലീം ലീഗിന്‍റെ സ്ഥാപക നേതാക്കളിലൊരാളും മലബാർ മേഖലയുടെ ആദ്യ ജനറൽ സെക്രട്ടറിയുമായിരുന്ന ഹാജി അബ്ദു സത്താർ സേട്ട് പാകിസ്ഥാനിലേക്ക് പോയതിനെക്കുറിച്ചായിരുന്നു വി വി രാജേഷിന്‍റെ ചോദ്യം.
തിരുവനന്തപുരം: മുസ്ലിം ലീഗിന്‍റേത് വിഭജന രാഷ്ട്രീയമാണെന്ന വാദവുമായി ബിജെപി വക്താവ് വി വി രാജേഷ്. മുസ്ലിം ലീഗിനെക്കുറിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ 'പച്ച വൈറസ്' പരാമർശത്തെ ന്യായീകരിച്ച രാജേഷ്, മുസ്ലിംലീഗിന്‍റെ രൂപീകരണകാലം മുതൽക്കേ വിഭജനത്തിന്‍റെ രാഷ്ട്രീയമാണ് ഉയർത്തിപ്പിടിച്ചതെന്ന് ആരോപിച്ചു. മുസ്ലീം ലീഗിന്‍റെ സ്ഥാപക നേതാക്കളിലൊരാളും മലബാർ മേഖലയുടെ ആദ്യ ജനറൽ സെക്രട്ടറിയുമായിരുന്ന ഹാജി അബ്ദു സത്താർ സേട്ട് പാകിസ്ഥാനിലേക്ക് പോയത് ഉയർത്തിപ്പിടിച്ചായിരുന്നു 'ന്യൂസ് അവറിൽ' വി വി രാജേഷിന്‍റെ ചോദ്യം.
ചർച്ചയിൽ പങ്കെടുത്ത രാഷ്ട്രീയനിരീക്ഷകനായ ഫസൽ ഗഫൂർ പക്ഷേ, ഇതിനെ നേരിട്ടത് വേറെ ഒരു ചോദ്യം കൊണ്ടാണ്. വി വി രാജേഷ് ഈ വിഷയം ഉന്നയിച്ചപ്പോൾത്തന്നെ ഫസൽ ഗഫൂർ, അങ്ങനെയെങ്കിൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയെ അംഗീകരിക്കാൻ തയ്യാറാകാതെ തിരുവിതാംകൂർ രാജാവ് വേറെ ഒരു രാജ്യം രൂപീകരിച്ചതും സർ സിപിയെ ദിവാനായി നിയമിച്ചതും തുടർന്നുണ്ടായ സംഭവങ്ങളും വിഭജനത്തിന്‍റെ രാഷ്ട്രീയമല്ലേ എന്ന് ചോദിച്ചതിന് വി വി രാജേഷിന് മറുപടിയുണ്ടായിരുന്നില്ല. ചരിത്രപരമായ കാര്യങ്ങൾ വച്ചല്ല, ഇന്നത്തെ നിലപാടുകൾ വച്ചാണ് സ്വതന്ത്ര ഇന്ത്യയിൽ പാർട്ടികളുടെ രാഷ്ട്രീയം പരിശോധിക്കേണ്ടതെന്ന് ഫസൽ ഗഫൂർ വ്യക്തമാക്കി.
Watch: യോഗിയോ മുസ്ലീം ലീഗോ വൈറസ്? നേർക്കു നേർ ചർച്ച ചെയ്യുന്നു