നിങ്ങള്‍ സ്വന്തം സാമ്പത്തികാരോഗ്യം പരിശോധിക്കാറുണ്ടോ?, സാമ്പത്തികാരോഗ്യം വര്‍ധിപ്പിക്കാനുളള അഞ്ച് വഴികള്‍
വീട്ടിലെത്തുന്ന വരുമാനത്തിന്റെ എത്ര ശതമാനം മിച്ചം പിടിച്ച് വിവിധ നിക്ഷേപാവസരങ്ങളില്‍ സ്വരുക്കൂട്ടുന്നുണ്ടെന്നുള്ളത് സാമ്പത്തികാരോഗ്യത്തിന്റെ മറ്റൊരു പ്രധാന സൂചികയാണ്. മാസംതോറും എന്നതിനേക്കാള്‍ ഓരോ വര്‍ഷവും വരുമാനത്തിന്റെ 20 ശതമാനം മെച്ചപ്പെട്ട മൂലധന വളര്‍ച്ച ഉറപ്പാക്കിക്കൊണ്ട് വ്യത്യസ്ത സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപിക്കാനാകണം.
ബ്ലഡ് പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍ എന്നിവയൊക്കെ ഇടയ്ക്കിടെ പരിശോധിച്ച് ശാരീരികാരോഗ്യം ഉറപ്പു വരുത്തുന്നതു മാതിരി സാമ്പത്തികാരോഗ്യവും കാത്ത് സൂക്ഷിക്കേണ്ടതുണ്ട്. വ്യക്തികളുടെ സാമ്പത്തികാരോഗ്യം ഏതളവില്‍ തുടരുന്നുവെന്ന് മനസ്സിലാക്കാന്‍ അഞ്ച് സുപ്രധാന സൂചികകള്‍ ഉപയോഗിക്കാം. ഇടയ്ക്കിടെ ഇവ പരിശോധിച്ച് സാമ്പത്തികാരോഗ്യ നിലവാരം മനസ്സിലാക്കാം.
നിങ്ങള്‍ക്ക് വായ്പ ഭാരം ഉണ്ടോ?
ഓരോരുത്തര്‍ക്കും വീട്ടില്‍ കൊണ്ടു വരാന്‍ സാധിക്കുന്ന മാസവരുമാനത്തിന്റെ എത്ര ശതമാനം ഇതിനോടകം എടുത്തിട്ടുള്ള വിവിധ വായ്പകളുടെ മുതലും പലിശയും കൂടി തിരിച്ചടയ്ക്കാനായി മാറ്റി വയ്‌ക്കേണ്ടി വരുന്നു എന്നാണ് വായ്പാ ഭാരം സൂചിപ്പിക്കുന്നത്. ഇടത്തരം കുടുംബങ്ങളില്‍ എല്ലാ വായ്പകളും കൂടി തിരിച്ചടയ്ക്കാന്‍ വരുമാനത്തിന്റെ 40 ശതമാനത്തില്‍ താഴെ നിര്‍ത്താന്‍ ശ്രദ്ധിക്കണം.
ദീര്‍ഘകാല ആസ്തികള്‍ കെട്ടിപ്പടുക്കുന്നതിനായുള്ള ഭവന വായ്പ ഉള്‍പ്പെടെ തിരിച്ചടവ് 30 ശതമാനത്തില്‍ നിര്‍ത്തണം. വാഹനം, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവ വാങ്ങുന്നതിനായി എടുക്കുന്ന വായ്പകള്‍ തിരിച്ചടയ്ക്കാന്‍ വരുമാനത്തിന്റെ 15 ശതമാനം വരെയാകാം. ഉപഭോഗ ആവശ്യങ്ങള്‍ക്കായി എടുക്കുന്ന വ്യക്തിഗത വായ്പകള്‍ 10 ശതമാനത്തിന് മുകളിലാകാതെ ശ്രദ്ധിക്കണം.
മിച്ച വരുമാനം മറക്കാതിരിക്കുക
വീട്ടിലെത്തുന്ന വരുമാനത്തിന്റെ എത്ര ശതമാനം മിച്ചം പിടിച്ച് വിവിധ നിക്ഷേപാവസരങ്ങളില്‍ സ്വരുക്കൂട്ടുന്നുണ്ടെന്നുള്ളത് സാമ്പത്തികാരോഗ്യത്തിന്റെ മറ്റൊരു പ്രധാന സൂചികയാണ്. മാസംതോറും എന്നതിനേക്കാള്‍ ഓരോ വര്‍ഷവും വരുമാനത്തിന്റെ 20 ശതമാനം മെച്ചപ്പെട്ട മൂലധന വളര്‍ച്ച ഉറപ്പാക്കിക്കൊണ്ട് വ്യത്യസ്ത സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപിക്കാനാകണം. ഇതോടൊപ്പം തന്നെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, റിട്ടയര്‍മെന്റ് തുടങ്ങിയ സാമ്പത്തിക ലക്ഷ്യങ്ങള്‍ ഉള്ളവര്‍ അവയ്ക്ക് ഓരോന്നിനുമായി വ്യത്യസ്ത സമ്പാദ്യശേഖരം ഉണ്ടാക്കാനും ശ്രദ്ധിയ്ക്കണം.
മൊത്ത ആസ്തി എത്രയുണ്ട് കൈയില്‍
സ്വന്തമായുള്ള ഭൂമി, വീട്, സ്വര്‍ണ്ണം, നിക്ഷേപങ്ങള്‍ തുടങ്ങിയ സാമ്പത്തിക ആസ്തികള്‍ എന്നിവയിലെല്ലാം കൂടി എത്ര മൂല്യമുണ്ടെന്നും അത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെ എത്ര മടങ്ങ് ഉണ്ടെന്നതും സാമ്പത്തിക ആരോഗ്യത്തെ സൂചിപ്പിക്കുന്നു. വിവിധ ആസ്തികള്‍ വിറ്റ് പണമാക്കേണ്ടി വന്നാല്‍ ലഭിക്കുന്ന വിലയില്‍ നിന്ന് ഓരോ ആസ്തികളിലും ബാക്കി നില്‍ക്കുന്ന ബാധ്യതകള്‍ കുറച്ച് വേണം മൂല്യം കണക്കാക്കേണ്ടത്. പരമ്പരാഗതമായി ലഭിച്ച ആസ്തികള്‍ ഉള്ളവര്‍ക്ക് ആസ്തി- വരുമാന അനുപാതം വളരെ ഉയര്‍ന്നിരിക്കും. കുടുംബ ജീവിതം ആരംഭിച്ച് അഞ്ച് വര്‍ഷം കൊണ്ട് അപ്പോഴത്തെ വാര്‍ഷിക വരുമാനത്തിന് തുല്യമായ ആസ്തിമൂല്യം എത്താന്‍ ശ്രമിക്കണം. മുന്നോട്ട് പോകുന്ന ഓരോ വര്‍ഷവും അനുപാതം ഉയര്‍ത്തിക്കൊണ്ട് വരണം.
ക്രെഡിറ്റ് സ്‌കോര്‍ ഏറ്റവും പ്രധാനം
സിബില്‍ തുടങ്ങിയ ദേശീയ ക്രെഡിറ്റ് റേറ്റിംഗ് കമ്പനികള്‍ നല്‍കുന്ന ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തി നിര്‍ത്താന്‍ ശ്രദ്ധിക്കണം. വായ്പ എടുക്കേണ്ടി വന്നാല്‍ അത് കൃത്യമായി തിരിച്ചടയ്ക്കാനുള്ള ശേഷിയാണ് ക്രെഡിറ്റ് സ്‌കോര്‍ സൂചിപ്പിക്കുന്നത്. 750 ന് മുകളില്‍ ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്തുന്ന രീതിയില്‍ വായ്പകളുടെ തിരിച്ചടവില്‍ കൃത്യതയും സാമ്പത്തിക അച്ചടക്കവും പാലിക്കണം.
അടിയന്തര ഫണ്ടും സാമ്പത്തികാരോഗ്യവും
കുടുംബത്തിന്റെ വരുമാനം പെട്ടെന്ന് നിലച്ചാല്‍ എത്ര മാസത്തെ കുടുംബ ചെലവ് നിര്‍വ്വഹിക്കാനാവശ്യമായ തുക കരുതലുണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്. ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ അത്യാവശ്യ കുടുംബ ചെലവുകള്‍ക്ക് പര്യാപ്തമായ തുക എടുത്ത് ഉപയോഗിക്കത്തക്ക രീതിയില്‍ കരുതി വച്ചിട്ടുണ്ടെങ്കില്‍ സാമ്പത്തികാരോഗ്യം മെച്ചപ്പെട്ടതാണ്.
സി. എസ്സ്. രഞ്ജിത്, വ്യക്തിഗത സാമ്പത്തികകാര്യ വിദഗ്ധന്‍