സംഗീതസാന്ദ്രമാം ജീവിതം, വിഖ്യാത സംഗീതജ്ഞ പാറശ്ശാല പൊന്നമ്മാൾ വിട വാങ്ങി
തിരുവനന്തപുരത്തെ വലിയശാലയിലുള്ള തന്‍റെ വസതിയിൽ തീർത്തും സാധാരണക്കാരിയായി ജീവിച്ചു ആ സംഗീത വിദുഷി. പദ്മശ്രീ അടക്കമുള്ള പുരസ്കാരങ്ങൾ നേടിയ അവർ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിലെ ആദ്യ വിദ്യാർത്ഥിനിയാണ്.
തിരുവനന്തപുരം: വിഖ്യാത സംഗീതജ്ഞ പാറശ്ശാല ബി പൊന്നമ്മാൾ അന്തരിച്ചു. 96 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് തിരുവനന്തപുരത്ത് വലിയശാലയിലുള്ള വസതിയിലായിരുന്നു അന്ത്യം. ദ്മശ്രീ അടക്കമുള്ള പുരസ്കാരങ്ങൾ നേടിയ അവർ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിലെ ആദ്യ വിദ്യാർത്ഥിനിയാണ്. പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവത്തിൽ പാടിയ ആദ്യ വനിതയെന്ന ബഹുമതിയും പാറശ്ശാല പൊന്നമ്മാൾക്ക് സ്വന്തം.
തിരുവനന്തപുരത്തെ വലിയശാലയിലുള്ള തന്‍റെ വസതിയിൽ തീർത്തും സാധാരണക്കാരിയായി ജീവിച്ചു ആ സംഗീത വിദുഷി. 1924-ൽ തിരുവനന്തപുരത്ത് നിന്ന് ഏതാണ്ട് 34 കിലോമീറ്റർ അകലെയുള്ള പാറശ്ശാലയിൽ ഭഗവതി അമ്മാളുടെയും മഹാദേവ അയ്യരുടെയും മകളായാണ് ബി പൊന്നമ്മാൾ ജനിക്കുന്നത്. വളരെ ചെറുപ്പത്തിൽത്തന്നെ സംഗീതവും സംസ്കൃതവും പഠിച്ച പൊന്നമ്മാൾ, അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാളിന്‍റെ പിറന്നാൾ ദിനം നടന്ന സംഗീതമത്സരത്തിൽ നന്നെ ചെറിയ കുട്ടിയായിരിക്കുമ്പോൾത്തന്നെ പങ്കെടുക്കുകയും ചെയ്തിരുന്നു. സെമ്മാങ്കുടി ശ്രീനിവായ അയ്യരടക്കമുള്ള പ്രമുഖർ വിധികർത്താക്കളായിരുന്ന ആ മത്സരത്തിൽ മുത്തുസ്വാമി ദീക്ഷിതരുടെ കല്യാണി രാഗത്തിലുള്ള 'കമലാംബം ഭജരേ' അടക്കമുള്ള കൃതികൾ പാടി ഏവരെയും വിസ്മയിപ്പിച്ചു പൊന്നമ്മാൾ. മത്സരത്തിൽ സ്വർണമെഡൽ നേടുകയും ചെയ്തു.
പിന്നീട്, അന്ന് മ്യൂസിക് അക്കാദമി എന്നറിയപ്പെട്ടിരുന്ന സ്വാതി തിരുനാൾ സംഗീത കോളേജിലെത്തി മൂന്ന് വർഷത്തെ ഗായിക കോഴ്സിൽ ചേർന്നു പൊന്നമ്മാൾ. പൊതുവേദികളിൽ സ്ത്രീകൾ പാടുന്നത് മോശമായി കണക്കാക്കിയിരുന്ന കാലത്ത് സംഗീതവേദികളിൽ പാട്ടുകൊണ്ട് വിസ്മയം തീർത്തു അവർ. 1942-ൽ ഡിസ്റ്റിങ്ഷനോടെയാണ് പാറശ്ശാല പൊന്നമ്മാൾ ആ കോഴ്സ് പൂർത്തിയാക്കിയത്. അക്കാദമിയിൽ ഹരികേശനല്ലൂർ മുത്തയ്യ ഭാഗവതർ, ശെമ്മാങ്കുടി, കെ ആർ കുമാരസ്വാമി അയ്യർ, എം എ കല്യാണകൃഷ്ണ ഭാഗവതർ, സി എസ് കൃഷ്ണ അയ്യർ, കെ എസ് നാരായണസ്വാമി, എൻ വി നാരായണ ഭാഗവതർ, വടക്കാഞ്ചേരി മണി ഭാഗവതർ, ജി എൻ ബാലസുബ്രഹ്മണ്യം, മുസിരി സുബ്രഹ്മണ്യ അയ്യർ എന്നിവരിൽ നിന്നെല്ലാം സംഗീതം അഭ്യസിക്കാൻ ഭാഗ്യം ലഭിച്ചു പൊന്നമ്മാൾക്ക്.
പാറശ്ശാല ബി പൊന്നമ്മാളുമായുള്ള പഴയ അഭിമുഖം കാണാം: