ചിരിപ്പൂരം ഒരുക്കിയ 'പാപ്പച്ചൻ'; റിവ്യൂ
നവാഗതനായ സിന്റോ സണ്ണി സംവിധാനം ചെയ്ത ചിത്രമാണ് 'പാപ്പച്ചൻ ഒളിവിലാണ്'.
പേരിലെ കൗതുകം കൊണ്ട് പ്രഖ്യാപനം സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് 'പാപ്പച്ചൻ ഒളിവിലാണ്'. പേര് കേൾക്കുമ്പോൾ തന്നെ കോമഡിക്ക് പ്രാധാന്യം ഉള്ളതാകും ചിത്രമെന്ന് ഏവരും ചിന്തിക്കും. അത് ഊട്ടി ഉറപ്പിക്കുന്ന കാഴ്ചയാണ് ചിത്രം ഇന്ന് തിയറ്ററിൽ എത്തിയപ്പോൾ പ്രേക്ഷകർ കണ്ടതും. ഒറ്റവാക്കിൽ പറഞ്ഞാൽ, കാണികളെ മടുപ്പിക്കാതെ തിയറ്ററുകളിൽ പിടിച്ചിരുത്തുന്ന ഒരു കോമഡി- ഫാമിലി എന്റർടെയ്നർ ആണ് 'പാപ്പച്ചൻ ഒളിവിലാണ്' എന്ന ചിത്രം.
നവാഗതനായ സിന്റോ സണ്ണി സംവിധാനം ചെയ്ത ചിത്രമാണ് 'പാപ്പച്ചൻ ഒളിവിലാണ്'. പാപ്പച്ചൻ(സൈജു കുറുപ്പ്), പാപ്പച്ചന്റെ അച്ഛൻ മീശ മാത്തച്ചൻ(വിജയ രാഘവൻ), സിസിലി(ദർശന), ബെന്നി(അജു വർഗീസ്), ജെയിംസ്(പ്രശാന്ത് അലക്സാണ്ടർ), ശ്രിന്ദയുടെ വേഷം എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. വനമേഖലയോട് ചേർന്ന പ്രദേശത്ത് ജീവിക്കുന്നവരുടെ കഥയാണ് 'പാപ്പച്ചൻ ഒളിവിലാണ്' പറയുന്നത്. കാടും നാട്ടുകാരുമായി വളരെ നല്ലൊരു ബന്ധം കാത്തുസൂക്ഷിക്കുന്ന ആളാണ് പാപ്പച്ചൻ.
പാപ്പച്ചന്റെ കുട്ടിക്കാലം കാണിച്ച് കൊണ്ടാണ് സിനിമ തുടങ്ങുന്നത്. ഇവിടെ വച്ച് തന്നെ ബഡായി വീരനായ കഥാപാത്രമാണ് ഇതെന്ന് പ്രേക്ഷകർക്ക് മനസിലാകും. വീമ്പ് പറഞ്ഞ് താൻ വലിയൊരു സംഭവമാണെന്ന് വരുത്തി തീർക്കുന്ന പാപ്പച്ചന് ആകെ പേടിയുള്ള ബഹുമാനമുള്ള വ്യക്തി അച്ഛനാണ്. കർക്കശക്കാരനും നായാട്ടുകാരനുമാണ് മാത്തച്ചൻ. നാട്ടുകാർക്കും ഇയാളോട് വളരെ ബഹുമാനം ആണ്.
മലയോര മേഖലയിൽ വലിയ സ്വാധീനമാണ് ക്രൈസ്‍തവ സമൂഹത്തിനുള്ളത്. പാപ്പച്ചന്റെ ജീവിതത്തിലും ഈ സ്വാധീനം കാണാൻ സാധിക്കും. ആഘോഷങ്ങളും ആചാരങ്ങളും ഒക്കെയായി ഇഴുകിച്ചേർന്ന് ജീവിക്കുന്ന പാപ്പച്ചൻ മറ്റുള്ളവരുടെ മുന്നിൽ ആളാകാൻ പറഞ്ഞൊരു ബഡായിയും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളും ആണ് ചിത്രത്തിന്റെ പ്രമേയം. ബന്ധങ്ങളുടെയും സ്നേഹത്തിന്റെയും, സൗഹൃദത്തിന്റെയും പ്രണയത്തിന്‍റെയും പിണക്കത്തിന്‍റെയുമൊക്കെ മനോഹരമായ ദൃശ്യകാവ്യം തന്നെ ചിത്രത്തിൽ കാണാം.
നർമവും തിരക്കഥയും ആണ് സിനിമയുടെ യുഎസ്പിയും. തുടക്കം മുതൽ കൊണ്ടുവന്ന നർമം, അതിന് യാതൊരുവിധ കോട്ടവും തട്ടാതെ തന്നെ അവസാനം വരെയും കൊണ്ടു പോകാൻ തിരക്കഥാകൃത്ത് കൂടിയായ സിന്റോയ്ക്ക് സാധിച്ചിട്ടുണ്ട്. തുടക്കക്കാരൻ എന്ന നിലയിലുള്ള യാതാരു പ്രശ്നവും ഇല്ലാതെ തന്നെ സംവിധായകൻ എന്ന നിലയിലും സിന്റോ കയ്യടി അർഹിക്കുന്നുണ്ട്.
സിനിമയിലെ അഭിനേതാക്കൾ ആണ് മറ്റൊരു പ്രധാനഘടകം. ചെറിയ വേഷങ്ങൾ ചെയ്യുന്നവർ മുതൽ പ്രധാന വേഷത്തിൽ എത്തുന്നവർ വരെ അതിമനോഹരമായാണ് തങ്ങളുടെ ഭാഗങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. സൈജു കുറുപ്പ് പാപ്പച്ചൻ എന്ന കഥാപാത്രത്തെ ഏറെ ഭദ്രമാക്കിയപ്പോൾ, വിജയരാഘവും അജുവും പ്രശാന്തും കോട്ടയം നസീറും എല്ലാം തങ്ങളുടെ ഭാഗങ്ങളും എപ്പോഴത്തെയും പോലെ കളറാക്കിയിട്ടുണ്ട്. ചെറിയ രംഗങ്ങളിൽ വന്ന് പോകുന്നുണ്ടെങ്കിലും ജോണി ആന്റണിയും ജഗദീഷും കസറിയിട്ടുണ്ട്.
‘സാർ അങ്ങനെയൊന്നും ചെയ്യില്ല, എനിക്ക് നേരിട്ട് അറിയാം’ എന്ന് ഞാനടക്കമുള്ളവർ പറഞ്ഞില്ല: ലാലു അലക്സ്
ഔസേപ്പച്ചന്റെ സംഗീതം ആണ് 'പാപ്പച്ചന്റെ' മറ്റൊരു ഹൈലൈറ്റ്. അദ്ദേഹത്തിന്റെ സംഗീതത്തിൽ എംജി ശ്രീകുമാറും സുജാതയും ചേർന്ന് പാടിയ ഗാനം പ്രേക്ഷകരുടെ കാതുകൾക്ക് കുളിർമ പകരുന്നതായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. ഗ്രാമത്തിന്റെ മുഴുവൻ ഭംഗിയും ഒപ്പിയെടുത്ത ഛായാഗ്രാഹകൻ ശ്രീജിത്ത് നായരും കയ്യടി അർഹിക്കുന്നുണ്ട്. ആകെ മൊത്തം കുടുംബത്തോടൊപ്പം തിയറ്ററിൽ പോയിരുന്ന് കാണാൻ പറ്റിയ ഫാമിലി- കോമഡി എന്റർടെയ്നർ ആണ് 'പാപ്പച്ചൻ ഒളിവിലാണ്'.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..