ചിരി പടര്‍ത്തുന്ന 'കൊറോണ ധവാൻ', റിവ്യു വായിക്കാം
'കൊറോണ ധവാൻ' എന്ന് പേര് മാറ്റിയെത്തിയ ചിത്രം നാട്ടു പരിസരങ്ങളിലെ ചിരിക്കാഴ്‍ചകളാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
കൊറോണക്കാലത്തെ ഓര്‍മകളുമായി ചിരി പടര്‍ത്തുന്ന ചിത്രമാണ് 'കൊറോണ ധവാൻ'. ആശങ്കയോടെ കണ്ടിരുന്ന ആ കാലത്തേയ്‍ക്ക് തിരിഞ്ഞു നോക്കുമ്പോള്‍ തെളിയുന്ന ഒട്ടനവധി ചിരി മുഹൂര്‍ത്തങ്ങളാണ് 'കൊറോണ ധവാന്റെ' പശ്ചാത്തലം. 'കൊറോണ ജവാൻ' എന്ന പേരായിരുന്നു ചിത്രത്തിന് ആദ്യം ഉണ്ടായിരുന്നത്. 'കൊറോണ ധവാൻ' എന്ന് പേര് മാറ്റിയെത്തിയ ചിത്രം നാട്ടു പരിസരങ്ങളിലെ ചിരിക്കാഴ്‍ചകളാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്.
'ധവാൻ' എന്ന മദ്യത്തിന്റെ ആഘോഷത്തിമിര്‍പ്പിലാണ് ചിത്രത്തിന്റെ തുടക്കം. തുടര്‍ന്ന് നായകന്റെ സഹോദരിയുടെ വിവാഹ രംഗങ്ങളിലേക്ക് എത്തുന്നു. എന്നാല്‍ ഒരു പ്രത്യേക സാഹചര്യത്താല്‍ വിവാഹം നടക്കുന്നില്ല. സുഹൃത്തുക്കളുടെ നിര്‍ബന്ധത്താല്‍ നായകൻ സഹോദരിയുടെ വിവാഹത്തിന് മുപ്പതിലധികം ലിറ്റര്‍ ധവാൻ മദ്യം വാങ്ങിച്ചുകൂട്ടിയിരുന്നു. എന്നാല്‍ ഒരു ധവാൻ കുപ്പി പോലും ആര്‍ക്കും കൊടുത്തിരുന്നില്ല. ആ ഘട്ടത്തിലാണ് കൊറോണ പടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണും പ്രഖ്യാപിക്കുന്നത്. തുടര്‍ന്ന് നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്.
സി സിയാണ് ചിത്രത്തിന്റെ സംവിധാനം. സി സിക്ക് ആദ്യ ചിത്രത്തില്‍ തന്നെ പ്രേക്ഷകരുടെ ചര്‍ച്ചകളില്‍ നിറയാൻ സാധിച്ചിരിക്കുകയാണ് 'കൊറോണ ധവാനി'ലൂടെ. ഒറ്റ വാക്കില്‍ പറയുമ്പോള്‍ ലളിതമെന്ന് തോന്നിക്കുമെങ്കിലും പ്രമേയത്തിലെ രസച്ചരടുകള്‍ കൃത്യമായി കോര്‍ത്ത് ആകര്‍ഷമാക്കിയിരിക്കുന്നു സി സി. സുജൈ മോഹൻരാജാണ് ചിത്രത്തിന്റെ തിരക്കഥ. നിതിൻ കൊറോണക്കാലത്തെ കൃത്യമായി നിരീക്ഷിച്ചാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സ്വാഭാവികമായ ചില കഥാസന്ദര്‍ഭങ്ങള്‍ പോലും ചിത്രത്തില്‍ രസകരമായി ഇണക്കിച്ചേര്‍ത്തിരിക്കുന്നു എന്ന ഒരു പ്രത്യേകതയുമുണ്ട് സുജൈ മോഹൻരാജിന്റെ എഴുത്തിനും. ലാളിത്യത്തോടെയുള്ള കഥ പറച്ചില്‍ ആഖ്യാനത്തില്‍ സംവിധായകൻ അവ അവതരിപ്പിച്ചു എന്നതുമാണ് 'കൊറോണ ധവാനെ' ആകര്‍ഷകമാക്കുന്നത്.
ലുക്‍മാനാണ് 'ധവാൻ വിനു' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വളരെ പക്വമായ പ്രകടനം തന്നെയാണ് ചിത്രത്തില്‍ ലുക്‍മാൻ കാഴ്‍ചവെച്ചിരിക്കുന്നത്. നാട്ടിൻപുറത്തുകാരനായ യുവാവിന്റെ മാനറിസങ്ങള്‍ ലുക്‍മാൻ ചിത്രത്തില്‍ പകര്‍ത്തിയിരിക്കുന്നു. നായികയുടെ വേഷത്തില്‍ ശ്രുതി ജയനാണ്. ചിത്രത്തില്‍ വ്യത്യസ്‍ത കഥാ വഴിത്തിരിവുകളുള്ള കഥാപാത്രത്തെ ശ്രുതി ഭംഗിയാക്കിയിരിക്കുന്നു.
രസകരമായ സിറ്റുവേഷൻ കോമഡികളാണ് വര്‍ക്കായിരിക്കുന്നത്. ചിത്രത്തില്‍ നായകന്റെ സുഹൃത്തുക്കളടക്കമുള്ളവരാണ് ചിരി കഥാ സന്ദര്‍ഭങ്ങളില്‍ തിളങ്ങുന്നത്. ശരത് സഭ അത്തരത്തില്‍ നിര്‍ണായക കഥാപാത്രമായി വേഷമിട്ടിരിക്കുന്നു. ശരത് സഭയുടെ മാനറിസങ്ങള്‍ ചിരിപ്പിക്കുക തന്നെ ചെയ്യും. മദ്യാസക്തനായ യുവാവായി ശ്രീനാഥ് ഭാസിയും ചിത്രത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. പാളിപ്പോകാതെ ശ്രീനാഥ് ഭാസിക്ക് ആ കഥാപാത്രത്തെ അവതരിപ്പിക്കാനായി എന്നതാണ് നടന്റെ വിജയം. മണ്ടനായ പൊലീസ് ഓഫീസറായി ഇര്‍ഷാദ് ചിത്രത്തില്‍ എത്തിയപ്പോള്‍ എക്സൈസ് ഓഫീസറായി ജോണി ആന്റണിയും മദ്യപാനികളായി ഉണ്ണി നായരും സിനോജ് വര്‍ഗീസും ധര്‍മജൻ ബോള്‍ഗാട്ടിയുമൊക്കെ ചിരിക്കൂട്ടായ്‍മയില്‍ 'കൊറോണ ധവാനി'ല്‍ നിര്‍ണായക പങ്കാളിത്തമാകുന്നുണ്ട്.
റിജോ ജോസിന്റെ സംഗീതം ഈ ചിത്രത്തിന്റെ പ്രമേയത്തോട് ചേര്‍ന്നിരിക്കുന്നു. ബിബിൻ അശോകന്റെ പശ്ചാത്തല സംഗീതവും പ്രമേയത്തെ അടയാളപ്പെടുത്തുന്നു. കള്ളുകുടി പാട്ടുകളൊക്കെ ഏറ്റു പാടിപ്പിക്കുന്നതാണ്. കലാസംവിധാനവും 'കൊറോണ ധവാനോ'ട് ചേര്‍ച്ചയുള്ളതാണ്.
ജനീഷ് ജയനന്ദനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. പ്രമേയത്തെ മനസ്സിലാക്കിയിട്ടുള്ള ഛായാഗ്രാഹണമാണ് ജനീഷിന്റേത്. എന്തായാലും രസകരമായി കണ്ടിരിക്കാനാകുന്ന ഒരു ചിത്രമാണ് 'കൊറോണ ധവാൻ'. സൗഹൃദക്കൂട്ടായ്‍മയില്‍ ചിരി പടര്‍ത്തുകയും ചെയ്യും.
Read More: ധ്യാൻ പ്രണയം വെളിപ്പെടുത്തിയപ്പോള്‍ ശ്രീനിവാസൻ പറഞ്ഞത്, മകനെ ട്രോളി അച്ഛൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക