പ്രേക്ഷകരുടെ മനസ് നിറച്ച് ആന്റണിയും കൂട്ടരും: അനുഗ്രഹീതൻ ആന്റണി റിവ്യൂ
ഒരു പുതുമുഖ സംവിധായകൻ എന്ന ലേബലിനുമപ്പുറം കെട്ടുറപ്പുള്ള തിരക്കഥയെ പുതുമ നിറഞ്ഞ രീതിയിൽ അവതരിപ്പിക്കാനായി എന്നതാണ് ശ്രദ്ധേയം.
പ്രേക്ഷകനൊപ്പം സഞ്ചരിക്കുന്ന കഥാ സന്ദർഭങ്ങൾ, മനുഷ്യനും മൃഗവും തമ്മിലുള്ള ഇഴയടുപ്പങ്ങളുടെ കഥ, ഫാന്റസിയിലൂടെയുള്ള അവയുടെ അവതരണം, ഒപ്പം മനോഹരമായ പ്രണയവും, കാണുന്ന പ്രേക്ഷകന് മനസുനിറയുന്ന സിനിമാസ്റ്റിക് അനുഭവമാണ് സണ്ണി വെയ്ൻ ചിത്രം അനുഗ്രഹീതൻ ആന്റണി സമ്മാനിക്കുന്നത്. ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രിൻസ് ജോയ് ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു പുതുമുഖ സംവിധായകൻ എന്ന ലേബലിനുമപ്പുറം കെട്ടുറപ്പുള്ള തിരക്കഥയെ പുതുമ നിറഞ്ഞ രീതിയിൽ അവതരിപ്പിക്കാനായി എന്നതാണ് ശ്രദ്ധേയം. ചിത്രം കാണുന്ന പ്രേക്ഷകനെ ആസ്വാദനതലത്തിൽ ഒട്ടും മടുപ്പുളവാക്കാതെ ഒരു ഫീൽ ഗുഡ് അനുഭവം സമ്മാനിക്കാൻ സംവിധായകനായി എന്നത് കൈയ്യടി അർഹിക്കുന്നു.
വർഗീസ് മാഷിന്റെയും മകൻ ആന്റണിയുടെയും ജീവിതത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ഭാര്യ മരിച്ചതോടെ മകനു വേണ്ടി മാത്രം മാറ്റിവച്ചതാണു മാഷിന്റെ ജീവിതം. ആന്റണി നല്ല നിലയിൽ എത്തണമെന്ന് മാഷ് ആഗ്രഹിക്കുന്നു. എന്നാൽ ലക്ഷ്യബോധമില്ലാത്ത, ആത്മാർഥമായി ഒന്നിനും ശ്രമിക്കാത്ത ആന്റണിയുടെ ജീവിതം വർഗീസ് മാഷിന് ആശങ്കയാകുന്നു. ഇതിനിടിയിലാണ് സഞ്ജന മാധവ് എന്ന പെൺകുട്ടി ആന്റണിയുടെ ജീവിതത്തിലേക്ക് വരുന്നത്. ഇതോടെ കഥ മറ്റൊരു തലത്തിലേയ്ക്കാണ് സഞ്ചരിക്കുന്നത്.
കഥ പറയുന്ന രീതിയും അവതരണത്തിലെ മികവും ഒപ്പം മികച്ച കാസ്റ്റിങ്ങും ആണ് ചിത്രത്തെ കൂടുതൽ വ്യത്യസ്തമാക്കുന്നത്. അഭിനേതാക്കളെ തിരഞ്ഞെടുത്തതിലെ സൂക്ഷ്മത സിനിമയെ പ്രേക്ഷകരുമായി അടുപ്പിക്കാൻ സഹായിക്കുന്നുണ്ട്. വർഗീസ് മാഷിന്റെ വേദന പ്രേക്ഷകരുടെ നെഞ്ചിൽ നിറയ്ക്കുന്ന സിദ്ദീഖിന്റെ പ്രകടനവും, മകൻ ആന്റണിയായി എത്തുന്ന സണ്ണി വെയ്നും മികച്ച അഭിനയ മുഹൂർത്തങ്ങളിലൂടെ പ്രേക്ഷക മനസിൽ നിറഞ്ഞു നിൽക്കുന്നു. 96, മാസ്റ്റർ എന്നീ സിനിമകളിലൂടെ പ്രേക്ഷക പ്രീതി നേടിയ ഗൗരി കൃഷ്ണയാണ് സഞ്ജന മാധവനെ അവതരിപ്പിച്ചത്. കഥാപാത്രത്തോട് നീതി പുലർത്തിയ പ്രകടനമായിരുന്നു ഗൗരിയുടേത്. ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട്, ജാഫർ ഇടുക്കി, മണികണ്ഠൻ ആചാരി, മുത്തുമണി, ബൈജു, മാലാ പാർവതി, ഷൈൻ ടോം ചാക്കോ, പ്രശാന്ത് അലക്സാണ്ടർ എന്നിവരെല്ലാം തങ്ങളുടെ ഭാഗം മികച്ചതാക്കിയിട്ടുണ്ട്. ഇവരുടെയെല്ലം പ്രകടനത്തെ കടത്തി വെട്ടി രണ്ട് മിണ്ടാപ്രാണികൾ കൂടി പ്രേക്ഷകമനസിൽ ഇടം നേടുന്നുണ്ട്. അതാണ് റൂബി എന്നും റോണി എന്നും പേരുള്ള രണ്ട് നായ്ക്കൾ. ഹൃദയത്തിൽ തൊടുന്ന അനവധി മുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമാണ് ചിത്രം. നായ്ക്കളുടെ കാഴ്ച്ചപ്പാടുകളും സിനിമ പറഞ്ഞുപോകുന്നുണ്ട്.
അശ്വിൻ പ്രകാശ് , ജിഷ്ണു എസ് രമേശ് എന്നിവരുടെ കഥക്ക് തിരക്കഥ രചിച്ചിരിക്കുന്നത് നവീൻ ടി മണിലാലാണ്. ഛായാഗ്രഹണം ഒരുക്കിയ ശെൽവകുമാറാണ് പ്രത്യേക അഭിനന്ദനം അർഹിക്കുന്നുണ്ട്. ഗ്രാമാന്തരീക്ഷത്തിലുള്ള ആന്റണിയുടെ ചെറിയ ലോകത്തെ വലിയ സ്ക്രീനിൽ ഭംഗിയോടെ കാണിക്കാൻ ശെൽവകുമാറിന്റെ ഫ്രെയിമുകൾക്ക് സാധിച്ചിട്ടുണ്ട്. നേരത്തെ പുറത്തുവന്ന ചിത്രത്തിലെ ‘കാമിനി’ എന്നു തുടങ്ങുന്ന ഗാനം ആന്റണിയുടെയും സഞ്ജനയുടെയും പ്രണയത്തെ സിനിമയോടു ചേർത്തുവയ്ക്കുന്നതിൽ വിജയിച്ചു. തമാശയും പ്രണയവും കുടുംബ ബന്ധങ്ങളുടെ കഥയും എല്ലാം ഇഴചേർന്ന പോവുന്ന ചിത്രം സ്വയം ഒരു ആത്മപരിശോധനയ്ക്കും പ്രേക്ഷകനെ പ്രേരിപ്പിക്കുന്നുണ്ട്.
സ്വതന്ത്ര സംവിധായകനായുള്ള അരങ്ങേറ്റം പ്രിൻസ് മികച്ചതാക്കിയപ്പോൾ അനുഗ്രഹീതൻ ആന്റണി പ്രേക്ഷകരുടെ ഒപ്പം സഞ്ചരിക്കുന്ന മനോഹര ചിത്രമായി മാറി. കേവലം കണ്ട് മറക്കുന്ന സിനിമാ കാഴ്ച്ചകൾക്കുമപ്പുറം കുടുംബസമേതം കാണാനാവുന്ന, ആസ്വദിക്കാവുന്ന ഒരു നല്ല സിനിമയാണ് അനുഗ്രഹീതൻ ആന്റണി എന്നു നിസംശയം പറയാം.