കേന്ദ്ര ബജറ്റ് 'കാര്‍ഷിക ബജറ്റ്' ആകാന്‍ സാധ്യത
ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റില്‍ തെലുങ്കാന സര്‍ക്കാര്‍ നടപ്പാക്കിയേതിന് സമാനമായ 'ഋതു ബന്ധു' പദ്ധതി ഉണ്ടായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ഏക്കറൊന്നിന് കര്‍ഷകന് 4,000 രൂപ പണമായി നല്‍കുന്ന പദ്ധതിയാണിത്.
ദില്ലി: ധനമന്ത്രി പീയുഷ് ഗോയൽ അവതരിപ്പിക്കാന്‍ പോകുന്നത് ബജറ്റ് പ്രധാനമായും കാര്‍ഷിക ബജറ്റ് ആകുമെന്ന് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. കാര്‍ഷിക കടങ്ങള്‍, താങ്ങുവില തുടങ്ങിയവയില്‍ കര്‍ഷക സൗഹാര്‍ദ്ദ സമീപനം ബജറ്റിലുണ്ടായേക്കും.
രാജ്യത്ത് ഉയരുന്ന കര്‍ഷക സമരങ്ങളും വിലയിടിവും കണക്കിലെടുത്തുളള നയരൂപീകരണമാകും ബജറ്റില്‍ ഇടം നേടുകയെന്നാണ് ലഭിക്കുന്ന സൂചനകള്‍. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ നിയമസഭകളിലേക്ക് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ബിജപിക്ക് തിരിച്ചടിയുണ്ടാകാന്‍ കാരണം കര്‍ഷക രോഷമാണെന്നാണ് പൊതു വിലയിരുത്തല്‍.
ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റില്‍ തെലുങ്കാന സര്‍ക്കാര്‍ നടപ്പാക്കിയേതിന് സമാനമായ 'ഋതു ബന്ധു' പദ്ധതി ഉണ്ടായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ഏക്കറൊന്നിന് കര്‍ഷകന് 4,000 രൂപ പണമായി നല്‍കുന്ന പദ്ധതിയാണിത്. ഇതിന് സമാനമായ പദ്ധതി ഒഡീഷ, ജാര്‍ഖണ്ഡ് സര്‍ക്കാരുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതേ മാതൃകയില്‍ ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്കായി പദ്ധതി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്ന നടപടി ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഗുണകരമാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെയും അഭിപ്രായം. കഴിഞ്ഞ ദിവസം മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യവും വായ്പ എഴുതിത്തള്ളുന്നതിന് പകരം പണം നേരിട്ട് ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതാണ് രാജ്യത്തിന് ഗുണകരമെന്ന് അഭിപ്രായപ്പെട്ടിരുന്നു.