ഒരു പവന്‍ പൊന്നിന് കാല്‍ലക്ഷം!: നോണ്‍ സ്റ്റോപ്പായി സ്വര്‍ണവില മുകളിലേക്ക്
സംസ്ഥാനത്ത് വിവാഹ സീസണ്‍ തൂടരുന്നതിനാല്‍ ജ്വല്ലറികളില്‍ നിന്ന് സ്വര്‍ണത്തിന് വന്‍ ആവശ്യകതയാണുണ്ടാകുന്നത്. ജ്വല്ലറികളില്‍ നിന്നുണ്ടാകുന്ന ഉയര്‍ന്ന ആവശ്യകത വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്. മാര്‍ച്ച് പകുതി വരെ സംസ്ഥാനത്ത് വിവാഹവുമായി ബന്ധപ്പെട്ട സ്വര്‍ണം വാങ്ങലിന് കുറവുണ്ടാകില്ലെന്നാണ് വിപണി വിദഗ്ധരുടെ പക്ഷം.
ഒടുവില്‍ കേരളത്തിലെ സ്വര്‍ണവില കാല്‍ലക്ഷം കടന്നു. കഴിഞ്ഞ ഒരാഴ്ചയായി വിപണിയെ ആകെ ആശങ്കയിലാക്കി സ്വര്‍ണവില കുതിക്കുകയാണ്. ഇന്ന് സ്വര്‍ണ നിരക്കില്‍ ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഇതോടെ സംസ്ഥാനത്തെ സ്വര്‍ണവില റെക്കോര്‍ഡ് നിരക്കിലെത്തി. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഫെബ്രുവരി 19 ന് ഗ്രാമിന് 3,115 രൂപയും പവന് 24,920 രൂപയുമായിരുന്നു നിരക്ക്.
കാരണക്കാരന്‍ ട്രംപോ?
കഴിഞ്ഞ കുറെ ദിവസങ്ങളായി സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവുണ്ടാകാനുളള പ്രധാന കാരണം അമേരിക്കയില്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച സാമ്പത്തിക അടിയന്താരാവസ്ഥ മൂലമാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം. ട്രംപിന്‍റെ സാമ്പത്തിക നയങ്ങള്‍ മൂലം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആഗോള നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടാന്‍ തുടങ്ങിയത് ആവശ്യകത വര്‍ധിക്കാനും വിലക്കയറ്റത്തിനും ഇടയാക്കിയിട്ടുണ്ട്. ഇന്ന് രാജ്യാന്തര വിപണിയില്‍ ട്രോയ് ഓണ്‍സിന് (31.1 ഗ്രാം) സ്വര്‍ണത്തിന് നിരക്ക് 1,343 ഡോളറാണ്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 25 ഡോളറാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്‍റെ വില കൂടിയത്.
കഴിഞ്ഞ 14 ന് 1,300 ഡോളറായിരുന്ന സ്വര്‍ണ നിരക്ക് സാമ്പത്തിക അടിയന്തരാസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വിലയില്‍ 43 ഡോളറിന്‍റെ വര്‍ധനവുണ്ടായി. അമേരിക്കയിലെ പ്രതിസന്ധി തുടര്‍ന്നാല്‍ അടുത്ത ആഴ്ചയോടെ സ്വര്‍ണ നിരക്ക് 1,375 ഡോളറിന് മുകളിലേക്ക് കയറാനുളള സാധ്യതയും വിപണി വിദഗ്ധര്‍ തള്ളിക്കളയുന്നില്ല. ഇങ്ങനെ സംഭവിച്ചാല്‍ കേരള വിപണിയിലെ സ്വര്‍ണ നിരക്ക് ഇനിയും ഉയര്‍ന്നേക്കും.
തളരുന്ന ഇന്ത്യന്‍ നാണയവും കയറുന്ന എണ്ണയും
വിനിമയ വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്ന് നില്‍ക്കുന്നതാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വിലക്കയറ്റത്തിനുളള മറ്റൊരു പ്രധാന കാരണം. ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞ് നില്‍ക്കുന്നത് സ്വര്‍ണ്ണത്തിന്‍റെ ഇറക്കുമതി ചെലവ് ഉയരാന്‍ ഇടയാക്കും. നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 71.18 എന്ന താഴ്ന്ന നിലയിലാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ നിരക്കിലുണ്ടാകുന്ന വര്‍ധനവും സ്വര്‍ണവിലക്കയറ്റത്തിന് കാരണമാണ്. അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 66.37 ഡോളറാണ് ഇപ്പോഴത്തെ എണ്ണവില.
പൊള്ളുമ്പോഴും വാങ്ങിക്കൂട്ടി വിവാഹ സീസണ്‍
സംസ്ഥാനത്ത് വിവാഹ സീസണ്‍ തൂടരുന്നതിനാല്‍ ജ്വല്ലറികളില്‍ നിന്ന് സ്വര്‍ണത്തിന് വന്‍ ആവശ്യകതയാണുണ്ടാകുന്നത്. ജ്വല്ലറികളില്‍ നിന്നുണ്ടാകുന്ന ഉയര്‍ന്ന ആവശ്യകത വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്. മാര്‍ച്ച് പകുതി വരെ സംസ്ഥാനത്ത് വിവാഹവുമായി ബന്ധപ്പെട്ട സ്വര്‍ണം വാങ്ങലിന് കുറവുണ്ടാകില്ലെന്നാണ് വിപണി വിദഗ്ധരുടെ പക്ഷം.
എന്നാല്‍, കേരളത്തില്‍ സ്വര്‍ണം വില്‍ക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായും വിവാഹം ഒഴികെയുളള ആവശ്യകതയ്ക്കായുളള വാങ്ങലുകളില്‍ കുറവുണ്ടായതായുമാണ് ജ്വല്ലറി ഉടമകള്‍ പറയുന്നത്. സ്വര്‍ണവിലയില്‍ വന്‍ വര്‍ധന തുടരുന്നത് ഒരു ലക്ഷം രൂപയ്ക്ക് ലഭിക്കുന്ന സ്വര്‍ണാഭരണത്തിന്‍റെ അളവില്‍ കുറവ് വരുത്തിയിട്ടുണ്ട്. സ്വര്‍ണവിലയോടൊപ്പം പണിക്കൂലി കൂടി ചേരുന്നതോടെ ഉദ്ദേശിച്ച അളവില്‍ സ്വര്‍ണം വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് വന്‍ തുക ചിലവിടേണ്ടി വരുന്നിരിക്കുകയാണ്.