നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മോദി, രൂപയുടെ മൂല്യത്തകര്‍ച്ചയെപ്പറ്റി പരാമര്‍ശമില്ല

ഇന്നലെ ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 70.09 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലെത്തിയിരുന്നു

modi independence

ദില്ലി: പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ നേട്ടങ്ങളും പുതിയ പദ്ധതികളും എടുത്തുപറഞ്ഞപ്പോള്‍ രൂപയുടെ മൂല്യത്തകര്‍ച്ചയെപ്പറ്റി ഒരു പരാമര്‍ശവും ഉണ്ടായില്ല. രാജ്യത്തെ അമ്പത് കോടിയോളം പൗരന്മാര്‍ക്ക് ആരോഗ്യസുരക്ഷയെരുക്കുന്ന ആയുഷ്മാന്‍ ഭാരത് അടക്കം അനേകം ശ്രദ്ധേയ പ്രഖ്യാപനങ്ങളാണ് നരേന്ദ്ര മോദിയുടെ പ്രസംഗത്തില്‍ ഇടംപിടിച്ചത്. 

രാജ്യത്തെ കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉയര്‍ത്തിയതും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ വിജയവും പ്രസംഗത്തിനിടയില്‍ അദ്ദേഹം പരാമര്‍ശിച്ചു. 2022 ഓടെ ബഹിരാകാശത്തേക്ക് ആളെ അയക്കുമെന്നും 72 മത് സ്വാതന്ത്ര്യദിന ആഘോഷത്തിന്‍റെ ഭാഗമായി ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലൂടെ അദ്ദേഹം രാജ്യത്തെ അറിയിച്ചു.  

പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ രൂപയുടെ മൂല്യത്തില്‍ തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തുന്നതിനെ സംബന്ധിച്ച പരാമര്‍ശം ഉണ്ടാവുമെന്നാണ് ഇന്ത്യന്‍ വ്യവസായ ലോകം കരുതിയത്. എന്നാല്‍, അഭിസംബോധനയിലെങ്ങും രൂപയുടെ മൂല്യത്തകര്‍ച്ചയെ സംബന്ധിച്ച് പരാമര്‍ശമുണ്ടായില്ല. ഈ വര്‍ഷം ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ച്ചവച്ച കറന്‍സിയാണ് ഇന്ത്യന്‍ രൂപ. 

ഇന്നലെ ഒരു ഘട്ടത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 70.09 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലെത്തിയിരുന്നു. പിന്നീട് നേരിയ തോതില്‍ തിരിച്ചുകയറിയ ഇന്ത്യന്‍ രൂപ 69.89 എന്ന നിലയില്‍ വ്യാപാരം അവസാനിച്ചു. 

ഇന്ത്യയെപ്പോലെ കയറ്റുമതി വരുമാനത്തെക്കാള്‍ ഇറക്കുമതി ചെലവ് കൂടുതലുളള ഇന്ത്യയില്‍ വ്യാപാര കമ്മി കൂടുമോ എന്ന ഭയത്തിലാണ് ഇന്ത്യന്‍ വ്യവസായിക മേഖല. ഇത്തരത്തിലൊരു സാഹചര്യം രാജ്യത്ത് നിലനില്‍ക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ രൂപയുടെ മൂല്യത്തകര്‍ച്ചയെ സംബന്ധിച്ച് പരാമര്‍ശങ്ങള്‍ ഉണ്ടാവുമെന്ന് തന്നെയാണ് ഇന്ത്യന്‍ വ്യവസായിക ലോകം കരുതിയിരുന്നത്.        

Latest Videos
Follow Us:
Download App:
  • android
  • ios