Asianet News MalayalamAsianet News Malayalam

പെട്രോൾ ഡീസൽ വില ഇന്ന് ഉയരും? ലിറ്ററിന് 25 രൂപ വരെ ഉയർന്നേക്കും

റഷ്യയിൽ നിന്നുള്ള എണ്ണ കയറ്റുമതി ഇതുവരെ ഒരു രാജ്യവും ഉപരോധം ഏർപ്പെടുത്തിയിട്ടില്ല. എങ്കിലും ഇപ്പോൾ ദിവസം 10 ലക്ഷം ബാരൽ നഷ്ടം റഷ്യയിൽ നിന്നുള്ള എണ്ണ കയറ്റുമതിക്ക് ഉണ്ട്

Petrol Diesel price hike by 25 rupees expected today
Author
Trivandrum, First Published Mar 7, 2022, 9:02 AM IST | Last Updated Mar 7, 2022, 9:06 AM IST

ദില്ലി : 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന്  അവസാനിക്കാനിരിക്കെ ഇന്ധന വില കൂടുമെന്ന പ്രതീതി ശക്തമാകുന്നു. അന്താരാഷ്ട്ര തലത്തിൽ ക്രൂഡോയിൽ വില കുത്തനെ ഉയർന്നു നിൽക്കുന്നതിനാൽ വോട്ടിംഗ് കഴിഞ്ഞാലുടൻ ഇന്ധനവില ഉയരും എന്നാണ് വിലയിരുത്തൽ. ആഗോളവിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 130 ഡോളർ വരെ എത്തി.

അന്താരാഷ്ട്ര വിപണിയിൽ  ക്രൂഡ് ഓയിൽ വിലയിൽ അസാധാരണ കുതിപ്പാണ് നടക്കുന്നത്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 130 ഡോളർ വരെ ഉയർന്നു.  13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. ഒറ്റ ദിവസം കൊണ്ട് ക്രൂഡ് ഓയിൽ വില ഒൻപത് ശതമാനമാണ് ഉയർന്നത്. റഷ്യയിൽ നിന്നുള്ള എണ്ണയ്ക്ക് യൂറോപ്യൻ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് ക്രൂഡ് ഓയിൽ വില ഉയർന്നത്. നൂറിലേറെ ദിവസമായി ഇന്ത്യയിൽ മാറ്റമില്ലാതെ തുടരുന്ന പെട്രോൾ - ഡീസൽ വിലയിലും കാര്യമായ വാർധനവുണ്ടാകുമെന്നാണ് വിവരം. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില 85 ഡോളറിൽ നിൽക്കുമ്പോഴാണ് അവസാനമായി ഇന്ത്യയിൽ പെട്രോൾ ഡീസൽ വില ഉയർന്നത്. രാജ്യത്ത് പെട്രോൾ വിലയിൽ ഒറ്റയടിക്ക് 25 രൂപ വരെ ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ.

ഉത്തർപ്രദേശ് അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പിന്റെ അവസാനഘട്ടമാണ് ഇന്ന്. ഈ സാഹചര്യത്തിൽ വോട്ടെടുപ്പ് കഴിഞ്ഞാലുടൻ രാജ്യത്തെ എണ്ണക്കമ്പനികൾ പെട്രോൾ ഡീസൽ വില ഉയർത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

യുക്രൈൻ എതിരെ റഷ്യയുടെ സൈനികനീക്കം ആഗോള തലത്തിൽ തന്നെ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആഗോള എണ്ണ വിപണിയിൽ റഷ്യ ഒറ്റപ്പെട്ട സ്ഥിതിയിലാണ്. റഷ്യയിൽ ഉൽപ്പാദനം നടക്കുന്നുണ്ടെങ്കിലും എണ്ണ വാങ്ങിക്കാൻ ആരും മുന്നോട്ടു വരുന്നില്ല. ആഗോള ബാങ്കിങ് ഇടപാടുകൾ ക്കുള്ള ഉപരോധവും ചരക്കു നീക്കത്തിലെ  തടസ്സവുമാണ് റഷ്യയ്ക്ക് വലിയ തിരിച്ചടിയായിരിക്കുന്നത്.

റഷ്യയിൽ നിന്നുള്ള എണ്ണ കയറ്റുമതി ഇതുവരെ ഒരു രാജ്യവും ഉപരോധം ഏർപ്പെടുത്തിയിട്ടില്ല. എങ്കിലും ഇപ്പോൾ ദിവസം 10 ലക്ഷം ബാരൽ നഷ്ടം റഷ്യയിൽ നിന്നുള്ള എണ്ണ കയറ്റുമതിക്ക് ഉണ്ട്. ക്രൂഡോയിൽ വിലയ്ക്ക് പുറമേ വാതക വിലയും റെക്കോർഡ് ഉയരത്തിൽ ആണ്.

റഷ്യയിൽ നിന്നുള്ള എണ്ണ കയറ്റുമതിയുടെ മുക്കാൽഭാഗവും തടസ്സപ്പെട്ടിരിക്കുകയാണ്. റഷ്യയിൽനിന്നുള്ള എണ്ണയുടെ വലിയ ഉപഭോക്താക്കൾ യൂറോപ്യൻ രാജ്യങ്ങൾ ആയിരുന്നു. യുദ്ധത്തിൽ യുക്രൈൻ ഒപ്പമാണ് യൂറോപ്യൻ രാജ്യങ്ങളിൽ അധികവും. അന്താരാഷ്ട്ര തലത്തിൽ റഷ്യൻ ബാങ്കുകൾക്കെതിരെ കടുത്ത നിലപാട് വന്നത് റഷ്യയുടെ സാമ്പത്തിക ക്രയവിക്രയങ്ങൾക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios