2000 ജ്വല്ലറികളുള്ള നഗരം, അറിയപ്പെടുന്നത് സെക്കൻഡ് മുംബൈ, 4 ദിവസം കൊണ്ട് പകുതിയിലധികവും അടച്ചുപൂട്ടി -കാരണം
ദസറയുമായി ബന്ധപ്പെട്ട് സ്വർണവ്യാപാരം കുതിച്ചുയരുന്ന സമയത്താണ് ജ്വല്ലറികൾ അടച്ചിട്ടത്. നിരവധി പേരാണ് ആഭരണങ്ങൾ വാങ്ങാതെ തിരിച്ചുപോയത്.
തിരുപ്പതി: തുടർച്ചയായ നാലാം ദിവസവും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡ് നടത്തിയതിനെ തുടർന്ന് ആന്ധ്രാപ്രദേശിലെ സ്വർണവ്യാപാര കേന്ദ്രമായ വൈഎസ്ആർ ജില്ലയിലെ പ്രൊഡ്ഡത്തൂരിൽ ആയിരത്തിലധികം ജ്വല്ലറികൾ അടച്ചുപൂട്ടി. സ്വർണവ്യാപാരത്തിന് പേരുകേട്ട പ്രൊഡ്ഡത്തൂർ സെക്കൻഡ് മുംബൈ എന്നാണറിയപ്പെടുന്ത്. ആന്ധ്രാപ്രദേശിലെ ഏറ്റവും വലിയ സ്വർണവിപണിയായ പ്രൊഡ്ഡത്തൂരിൽ രണ്ടായിരത്തിലധികം ജ്വല്ലറികളാണ് പ്രവർത്തിക്കുന്നത്.
ബില്ലുകളില്ലാതെയും നികുതിയടക്കാതെയും സ്വർണവ്യാപാരികൾ നടത്തിയ വൻ ക്രമക്കേടുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്നാണ് ആദായനികുതി വകുപ്പ് അന്വേഷണവും റെയ്ഡും ആരംഭിച്ചത്. നിരവധി ഐടി വകുപ്പ് ഉദ്യോഗസ്ഥർ പ്രൊഡ്ഡത്തൂരിലെത്തി കഴിഞ്ഞ നാല് ദിവസമായി പ്രമുഖ ജ്വല്ലറികളിൽ റെയ്ഡ് നടത്തുകയാണ്. റെയ്ഡ് വ്യാപകമാകുമെന്ന ഭയത്തെ തുടർന്നാണ് ജ്വല്ലറികൾ കൂട്ടത്തോടെ അടച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആദായ നികുതി വകുപ്പിന്റെ റെയ്ഡുകൾ ഒഴിവാക്കാൻ ആയിരത്തിലധികം ജ്വല്ലറികൾ ഷട്ടറുകൾ താഴ്ത്തിയതായും വാർത്തകൾ പുറത്തുവന്നു. ദസറയുമായി ബന്ധപ്പെട്ട് സ്വർണവ്യാപാരം കുതിച്ചുയരുന്ന സമയത്താണ് ജ്വല്ലറികൾ അടച്ചിട്ടത്. നിരവധി പേരാണ് ആഭരണങ്ങൾ വാങ്ങാതെ തിരിച്ചുപോയത്.
Read More... Gold Rate Today: 'എന്റെ പൊന്നോ' റെക്കോർഡ് വിലയിലേക്ക് കുതിച്ച് സ്വർണവില
അതേസമയം, റെയ്ഡിൽ ക്രമക്കേടുകൾ വല്ലതും കണ്ടെത്തിയോ എന്നതിൽ വിവരങ്ങളൊന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല. പ്രതിദിനം കോടിക്കണക്കിന് രൂപയുടെ വ്യാപാരം നടക്കുന്ന നഗരമാണിത്.