അവധിക്കാലം ആഘോഷിക്കാം, കഴിവുകളെ പരിപോഷിപ്പിക്കാം; 'സ്കിൽക്കേഷൻ' പാക്കേജുകളുമായി കെറ്റിഡിസി
പ്രഭാത ഭക്ഷണമുള്‍പ്പടെയുള്ള താമസവും, നീന്തൽ, മണ്‍പാത്ര നിർമ്മാണം, പെയിന്‍റിംഗ്, പാചക പരിശീലനം, അഭിനയം തുടങ്ങി വിവധ മേഖലകളില്‍ പ്രത്യേക പാക്കേജ് പ്രകാരം റൂം ബുക്ക് ചെയ്യുന്നവർക്ക് പരിശീലനം നല്‍കും.
തിരുവനന്തപുരം: അവധിക്കാലം ലക്ഷ്യമിട്ട് സ്കിൽക്കേഷൻ പാക്കേജുകളുമായി കേരള ടൂറിസം ഡെവലെപ്മെന്‍റ് കോർപ്പറേഷന്‍( കെറ്റിഡിസി). കെടിഡിസിയുടെ സംസ്ഥാനത്തെ വിവിധ റിസോർട്ടുകളില്‍ മെയ് 15 മുതൽ 31 വരെയാണ് സ്കിൽക്കേഷൻ പാക്കേജുകള്‍ അവതരിപ്പിക്കുന്നത്. അവധിക്കാലമാഘോഷിക്കാനെത്തുന്ന മുതിർന്നവർക്കും കുട്ടികള്‍ക്കും നൈപുണ്യ വികസനം ലക്ഷ്യമാക്കിയാണ് പുതിയ പാക്കേജ്.
മുതിർന്നവർക്കും 12 വയസിന് താഴെയുള്ള രണ്ട് കുട്ടികള്‍ക്കും, അല്ലെങ്കിൽ മൂന്ന് മുതിർന്നവർക്ക് ഏഴ് രാത്രിയും എട്ടു പകലും ഉള്‍പ്പെടുന്നതാണ് സ്കിൽക്കേഷൻ പാക്കേജ്. പ്രഭാത ഭക്ഷണമുള്‍പ്പടെയുള്ള താമസവും, നീന്തൽ, മണ്‍പാത്ര നിർമ്മാണം, പെയിന്‍റിംഗ്, പാചക പരിശീലനം, അഭിനയം തുടങ്ങി വിവധ മേഖലകളില്‍ പ്രത്യേക പാക്കേജ് പ്രകാരം റൂം ബുക്ക് ചെയ്യുന്നവർക്ക് പരിശീലനം നല്‍കും.
സർഗ്ഗാത്മകത വളർത്തുന്നതിനും, കുട്ടികള്‍ക്ക് പഠനം രസകരമാക്കി പ്രോത്സാഹനം നല്‍കുന്ന രീതിയിലും വ്യക്തിഗത വളർച്ചയ്ക്കുതകുന്ന രീതിയിലുമാണ് പാക്കേജ് ഒരുക്കിയിരിക്കുന്നതെന്ന് കെറ്റിഡിസി മാർക്കറ്റിംഗ് മാനേജർ വ്യക്തമാക്കി. കുമരകത്തുള്ള വാട്ടർസ്കേപ്സ്, തേക്കടിയിലെ ആരണ്യ നിവാസ്, പെരിയാർ ഹൌസ് എന്നീ റിസോർട്ടുകളിലാണ് പാക്കേജ് ലഭ്യമാകുക.
നൈപുണ്യ പരിശീലനത്തിന് പുറമെ ആകർഷകമായ സൌജന്യ ഡേ ടൂർ, ബോട്ടിംഗ് യാത്ര എന്നിവയും കെടിഡിസി പാക്കേജിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പാക്കേജുകളില്‍ ഉള്‍പ്പെടാത്ത ഭക്ഷണത്തിന് 20 ശതമാനം കിഴിവും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി www.ktdc.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. e- mail : centralreservations@ktdc.com, Ph: 9400008585, 0471-2316736, 0471- 2725213
Read More : സമ്മാനങ്ങൾ വേണ്ട, പകരം ഹണിമൂണിനുള്ള പണം മതി, വെറൈറ്റി ക്ഷണക്കത്തുകൾ