മറ്റൊരു പ്രഖ്യാപനം കൂടി നടപ്പാക്കാനൊരുങ്ങി കേന്ദ്രം, അടുത്തയാഴ്ച മാർക്കറ്റിലെത്തും, എല്ലാം റെഡിയെന്ന് സർക്കാർ
കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും കഴിഞ്ഞ ഒരു വർഷത്തിനിടെ അരിയുടെ ചില്ലറ, മൊത്ത വിലയിൽ 15 ശതമാനം വർധനയുണ്ടായതായി കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സഞ്ജീവ് ചോപ്ര പത്രസമ്മേളനത്തിൽ പറഞ്ഞു.
ദില്ലി: കുറഞ്ഞ വിലയിൽ അരി ലഭ്യമാക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതി 'ഭാരത് അരി' അടുത്തയാഴ്ച ആരംഭിക്കുമെന്ന് റിപ്പോർട്ട്. കിലോയ്ക്ക് 29 രൂപക്ക് അടുത്തയാഴ്ച മുതൽ അരി ലഭ്യമാക്കുമെന്ന് സർക്കാർ അറിയിച്ചു. നിയന്ത്രണത്തിൻ്റെ ഭാഗമായി അരിയുടെ സ്റ്റോക്ക് വെളിപ്പെടുത്താൻ വ്യാപാരികളോട് കേന്ദ്രസർക്കാർ നിർദ്ദേശിച്ചു. വിവിധ ഇനം അരികളുടെ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും കഴിഞ്ഞ ഒരു വർഷത്തിനിടെ അരിയുടെ ചില്ലറ, മൊത്ത വിലയിൽ 15 ശതമാനം വർധനയുണ്ടായതായി കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സഞ്ജീവ് ചോപ്ര പത്രസമ്മേളനത്തിൽ പറഞ്ഞു.
വില നിയന്ത്രിക്കാൻ, നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (നാഫെഡ്), നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നീ രണ്ട് സഹകരണ സ്ഥാപനങ്ങളിലൂടെ ചില്ലറ വിപണിയിൽ സബ്‌സിഡിയുള്ള 'ഭാരത് അരി' കിലോയ്ക്ക് 29 രൂപയ്ക്ക് വിൽക്കാൻ സർക്കാർ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.
അടുത്തയാഴ്ച മുതൽ അഞ്ച് കിലോ, 10 കിലോ പായ്ക്കറ്റുകളിൽ ഭാരത് റൈസ് വിപണിയിലെത്തും. ആദ്യഘട്ടത്തിൽ, ചില്ലറ വിപണിയിൽ വിൽക്കാൻ സർക്കാർ 5 ലക്ഷം ടൺ അരി അനുവദിച്ചതായി ചോപ്ര പറഞ്ഞു. സർക്കാർ ഇപ്പോൾ തന്നെ ഭാരത് ആട്ട കിലോയ്ക്ക് 27.50 രൂപയ്ക്കും ഭാരത് ദാൽ കിലോയ്ക്ക് 60 രൂപയ്ക്കും നൽകുന്നു. അരി കയറ്റുമതിയിലെ നിയന്ത്രണങ്ങൾ ഉടൻ നീക്കാൻ സർക്കാരിന് പദ്ധതിയില്ലെന്ന് പറഞ്ഞു.
Read More... പിവി ശ്രീനിജിൻ എംഎൽഎയെ അധിക്ഷേപിച്ചെന്ന കേസിൽ സാബു എം ജേക്കബിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
വില കുറയുന്നത് വരെ നിയന്ത്രണങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ വെള്ളിയാഴ്ചയും അരി സ്റ്റോക്ക് പോർട്ടലിൽ വെളിപ്പെടുത്താൻ മന്ത്രാലയം ഉത്തരവിട്ടു. ചില്ലറ വ്യാപാരികൾ, മൊത്തക്കച്ചവടക്കാർ, പ്രോസസ്സറുകൾ എന്നിവർ അരിയുടെ സ്റ്റോക്ക് വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. അരി വില കുറയ്ക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അരി ഒഴികെയുള്ള എല്ലാ അവശ്യ ഭക്ഷ്യവസ്തുക്കളുടെയും വില നിയന്ത്രണത്തിലാണെന്നും അദ്ദേഹം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം