കേരളത്തോട് 'ബിഗ് നോ' പറഞ്ഞ് ടൂറിസ്റ്റുകള്‍; തൊഴില്‍ പ്രതിസന്ധിയില്‍ പതിനായിരങ്ങള്‍
പ്രളയത്തിൽ സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലക്ക് 1500 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്
പ്രളയത്തോടെ കേരളത്തിന്‍റെ ടൂറിസം മേഖലയോട് ആഭ്യന്തര -വിദേശ ടൂറിസ്റ്റുകള്‍ക്ക് താല്‍പര്യം കുറയുന്നു. പ്രളയത്തില്‍ സംസ്ഥാനത്തെ മൂന്നാര്‍, നെല്ലിയാമ്പതി അടക്കമുളള പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഇതോടെ വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പതിനായിരങ്ങള്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീഷണിയിലുമായി.
പ്രളയത്തിൽ സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലക്ക് 1500 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് അടുത്ത മാസത്തേക്കുള്ള ബുക്കിംഗുകളെല്ലാം പകുതിയായി കുറഞ്ഞതായി പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പിന്‍റെ മേധാവിപറഞ്ഞു. മൂന്നാറിലെ നീലക്കുറിഞ്ഞി സീസണായതിനാല്‍ ടൂറിസം മേഖലയക്ക് ശതകോടികളുടെ വരുമാനമാണ് നഷ്ടമാണ് ഉണ്ടാകാന്‍ പോകുന്നത്.
ഒറ്റപ്പെട്ട് സുന്ദരഭൂമികള്‍
500 കോടി രൂപയുടെ കെട്ടിടങ്ങളെങ്കിലും പ്രളയം മൂലം കേരളത്തിന്‍റെ ടൂറിസം മേഖലയില്‍ നശിച്ചതായാണ് കണക്കാക്കുന്നത്. പ്രളയത്തോടെ സംസ്ഥാനത്ത് ആഭ്യന്തര ടൂറിസ്റ്റുകൾ ഏറെയെത്തുന്ന ഓഗസ്റ്റ് മാസത്തിലെ ബുക്കിംഗ് പൂർണ്ണമായും ഇല്ലാതായി. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പാതകളെല്ലാം ഏതാണ്ട് പൂര്‍ണ്ണമായി പ്രളയത്തില്‍ തകർന്നടിഞ്ഞു. മുന്നോട്ടുളള ദിവസങ്ങളില്‍ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ സീസൺ നഷ്ടമാകുമോയെന്ന് ആശങ്കയിലാണ് ട്രാവല്‍ കന്പനി ഉടമകള്‍.
ആഭ്യന്തര രാജ്യാന്തര ടൂറിസ്റ്റുകൾ ഏറെ എത്തുന്ന കായൽ വിനോദസഞ്ചാര മേഖലകളും, ഹിൽസ്റ്റേഷനുകളും പ്രളയത്തിൽ തകർന്നടിഞ്ഞിരുന്നു. വയനാട്, മൂന്നാർ, തേക്കടി, കുട്ടനാട്, കുമരകം എന്നീ പ്രധാന കേന്ദ്രങ്ങളെല്ലാം പ്രളയാന്തരം ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലായി. കൊച്ചി രാജ്യാന്തര വിമാനത്താവളം രണ്ട് ആഴ്ചയോളം അടച്ചിടേണ്ടി വന്നു. മൂന്നാറിൽ ആദ്യം പൂവിട്ട നീലക്കുറിഞ്ഞികൾ അഴുകാൻ തുടങ്ങിയിട്ടുണ്ട്.
'വഴികളില്ലാതെ' വിനോദ സഞ്ചാര കേന്ദ്രങ്ങള്‍
വെയിൽ കിട്ടിയാൽ നവംബർ മാസം വരെ ഇനിയും സീസൺ ലഭിക്കുമെന്നാണ് പ്രതീക്ഷ മാത്രമാണ് ഈ മേഖലയിലുളളവരുടെ ഏക പ്രതീക്ഷ. എന്നാൽ, മൂന്നാർ ഉൾപ്പടെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള പാതകളെല്ലാം തകർന്നത് വലിയ തിരിച്ചടിയായി തുടരുന്നത് ടൂറിസ്റ്റുകളുടെ വരവിനെ ബാധിക്കും. തകർന്നതും, കേടുപാടുകൾ സംഭവിച്ചതുമായി ഹോട്ടൽ കെട്ടിടങ്ങൾ വരുത്തി വെച്ചിരിക്കുന്നത് 500 കോടി രൂപയുടെ നഷ്ടം. അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം സംസ്ഥാനത്തെ പ്രളയം വാർത്തയായതോടെ ഡിസംബർ മുതലുള്ള രാജ്യാന്തര ടൂറിസ്റ്റുകളുടെ വരവിനെ ഇത് ബാധിച്ചേക്കുമെന്നാണ് മൂന്നാറില്‍ ടൂര്‍ പ്രോഗ്രാമുകള്‍ ഓപ്പറേറ്റ് ചെയ്യുന്നവര്‍ ആശങ്കപ്പെടുന്നത്.
പകര്‍ച്ചവ്യാധി ഭീഷണിയും വിദേശ ടൂറിസ്റ്റുകളുടെ വരവിനെ ബാധിക്കും. ടൂറിസം വകുപ്പ്സംഘടിപ്പിക്കുന്ന കേരള ട്രാവല്‍മാര്‍ട്ട് അടുത്ത മാസം 27 നാണ്. വിദേശ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കുന്ന ട്രാവല്‍മാര്‍ട്ടിനു മുന്പ് ടൂറിസം കേന്ദ്രങ്ങളിലെ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ ഈ വര്‍ഷത്തെ സീസണ്‍ പൂര്‍ണ്ണമായും നഷ്ടപ്പെടാനാണ് സാധ്യത.