കേരള പൈനാപ്പിള്‍ ഇനി കിട്ടാക്കനി

താഴ്ന്ന പ്രദേശങ്ങളിലും പുഴയോരങ്ങളിലും കൃഷി ചെയ്തിരുന്ന പൈനാപ്പിള്‍ തോട്ടങ്ങള്‍ എതാണ്ട് പൂര്‍ണ്ണമായി
പ്രളയത്തെ തുടര്‍ന്ന് ഇല്ലാതായി

kerala pineapple farming in crisis due to flood

തിരുവനന്തപുരം: പ്രളയം മൂലം കേരളത്തിന്‍റെ പൈനാപ്പിള്‍ കാര്‍ഷിക മേഖലയില്‍ വന്‍ നഷ്ടം. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുളള കാലത്തേക്ക് വിളവെടുപ്പിനായി കൃഷി ചെയ്തിരുന്ന കൈതച്ചക്കകള്‍ പ്രളയത്തില്‍ നശിച്ചു. ഇക്കാലത്തേക്ക് കൃഷി ചെയ്തവയില്‍ 40 മുതല്‍ 65 ശതമാനം വരെ തോട്ടങ്ങള്‍ പ്രളയത്തില്‍ മുങ്ങി.

പ്രളയവും പ്രളയത്തെത്തുടര്‍ന്ന് പൈനാപ്പിളില്‍ പടര്‍ന്ന് പിടിക്കുന്ന കുമിള്‍ രോഗവുമാണ് കൃഷിയെ തകര്‍ത്തത്. കേരളത്തിലെ പൈനാപ്പിള്‍ കാര്‍ഷിക മേഖലയില്‍ ഏകദേശം 100 കോടിയുടെ മൊത്തം നഷ്ടമുണ്ടായതായാണ് കര്‍ഷകര്‍ പറയുന്നത്. താഴ്ന്ന പ്രദേശങ്ങളിലും പുഴയോരങ്ങളിലും കൃഷി ചെയ്തിരുന്ന പൈനാപ്പിള്‍ തോട്ടങ്ങള്‍ എതാണ്ട് പൂര്‍ണ്ണമായി വെള്ളപ്പൊക്കത്തില്‍ ഇല്ലാതായി. സംസ്ഥാനത്തിന്‍റെ മറ്റ്  പ്രദേശങ്ങളില്‍ കനത്ത മഴയെത്തുടര്‍ന്ന് വെള്ളമുയര്‍ന്നതും ചെളി നിറഞ്ഞതും കുമിള്‍ രോഗം പടര്‍ന്ന് പിടിക്കാനിടയാക്കിയിരിക്കുകയാണിപ്പോള്‍.

ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തും, കടം വാങ്ങിയുമാണ് പലരും കൃഷിയിറക്കിയത്. ഒരു ഹെക്ടറില്‍ പൈനാപ്പിള്‍ കൃഷി ചെയ്യാന്‍ ഏകദേശം  ആറ് ലക്ഷം രൂപയോളമാണ് ചെലവ് വരുന്നത്. വര്‍ഷങ്ങളോളം കൃഷി ചെയ്യത്തക്ക രീതിയില്‍ ഭൂമി പ്രത്യേകമായി തയ്യാറാക്കിയെടുത്താണ് പൈനാപ്പിള്‍ കൃഷി കര്‍ഷകര്‍ തുടങ്ങുന്നത്. ഇത്തരത്തില്‍ തയ്യാറാക്കുന്ന തോട്ടങ്ങള്‍ വെള്ളംകയറി നശിച്ചതോടെ സംസ്ഥാത്തെ കര്‍ഷകര്‍ കൂടുതല്‍ പ്രതിസന്ധിയിലായി. 

ഇതോടെ വരും മാസങ്ങളില്‍ സംസ്ഥാനത്ത് പൈനാപ്പിളിന്‍റെ ലഭ്യതയില്‍ കുറവുണ്ടാവാനും വില ഉയരാനുളള സാധ്യതയും വര്‍ദ്ധിച്ചു.  

Latest Videos
Follow Us:
Download App:
  • android
  • ios