മിക്ക ഉല്‍പന്നങ്ങളുടെയും നികുതി കൂട്ടി: പുതിയ ആശയങ്ങള്‍ പേരിന് മാത്രം; നവകേരള നിര്‍മാണം മുഖ്യ വിഷയം
കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് ഒരു കേന്ദ്രീകൃത വിപണന സമ്പ്രദായം നടപ്പാക്കുമെന്ന പ്രഖ്യാപനം ഈ മേഖലയില്‍ വലിയ വളര്‍ച്ചയ്ക്ക് കാരണമായേക്കും. കുടുംബശ്രീയുടെ ഉല്‍പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്യാനായാല്‍ വിപണിയില്‍ ഇവയുടെ വിഹിതവും സ്വാധീനവും വര്‍ദ്ധിക്കും. സ്ത്രീ ശാക്തീകരണത്തിന് 1420 കോടി രൂപയുടെ ബജറ്റില്‍ വകയിരുത്തി.
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച 2019-20 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ മുഖ്യ പരിഗണന നവകേരള നിര്‍മാണത്തിന്. കുടുംബശ്രീ, സ്റ്റാര്‍ട്ടപ്പുകള്‍, ശബരിമല, ക്ഷേമ പെന്‍ഷന്‍ എന്നിവയ്ക്ക് ബജറ്റില്‍ മികച്ച പരിഗണന ലഭിച്ചു. എന്നാല്‍, പ്രളയ സെസ് 12,18,28 തുടങ്ങിയ നികുതി സ്ലാബുകളുടെ പരിധിയില്‍ വരുന്ന എല്ലാ ഉല്‍പന്നങ്ങള്‍ക്കും ബാധകമാക്കിയത് സംസ്ഥാനത്ത് വിലക്കയറ്റമുണ്ടാകാന്‍ കാരണമായേക്കും.
ഇതോടെ, സിമന്‍റ്, ഗ്രാനൈറ്റ്, എസി, ഫ്രിഡ്ജ്, പ്രിന്‍റര്‍, നോട്ട്ബുക്ക്, കണ്ണട, ടിവി, സ്കൂള്‍ ബാഗ്, ബട്ടര്‍, നെയ്യ്, പാല്‍ എന്നിവയ്ക്ക് വില ഉയര്‍ന്നേക്കും. രാജ്യത്തെ പൊതു തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടുളള ബജറ്റാണ് സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ചത്. ക്ഷേമ പെന്‍ഷനുകളില്‍ വരുത്തിയ വര്‍ധന, കുടുംബശ്രീ, ഇന്‍ഷുറന്‍സ് പദ്ധതികള്‍ എന്നിവ സാധാരണക്കാരെ നേരിട്ട് സ്വാധീനിക്കാന്‍ സാധ്യതയുണ്ട്.
കേരള സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ ബജറ്റില്‍ പുതിയ ആശയങ്ങള്‍ കുറവായിരുന്നു. ടൂറിസത്തിനായി പ്രഖ്യാപിച്ച പദ്ധതികള്‍ മാത്രമാണ് പുതിയ ആശയങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുന്നവ. ചൈനീസ്, യൂറോപ്യൻ തുറമുഖങ്ങളുമായുളള സ്പൈസ് റൂട്ട് വളര്‍ത്താനുളള പദ്ധതിയാണ് പ്രധാന പുതിയ ആശയം. പണ്ട് പോര്‍ച്ചുഗീസുകാരും ഡച്ചുകാരും കുരുമുളകും മറ്റും വാങ്ങാന്‍ വന്നതിന്‍റെ പുനരാവിഷ്കരണത്തിലൂടെ ടൂറിസം മേഖല വികസിപ്പിക്കാനാകും സര്‍ക്കാര്‍ ശ്രമിക്കുക.
ഇത് കൂടാതെ ടൂറിസം മേഖലയ്ക്ക് 82 കോടി രൂപ മാറ്റിവച്ചു. കേരള ബോട്ട് ലീഗ് തുടങ്ങുമെന്നും അതിനെ പുതിയ ടൂറിസം സീസണാക്കി മാറ്റുമെന്നുമുളള പ്രഖ്യാപനം ടൂറിസം മേഖലയ്ക്ക് വന്‍ പ്രതീക്ഷ നല്‍കുന്നതാണ്. ബിയര്‍, വൈന്‍ ഉള്‍പ്പടെ എല്ലാ മദ്യത്തിന്‍റെയും നികുതി രണ്ട് ശതമാനം സര്‍ക്കാര്‍ ഉയര്‍ത്തി. സിനിമ ടിക്കറ്റുകള്‍ക്ക് 10 ശതമാനം വിലകൂട്ടാനുളള നടപടി സംസ്ഥാനത്തെ സിനിമ വിനോദ വ്യവസായങ്ങള്‍ക്ക് തിരിച്ചടിയായേക്കും.
കഴിഞ്ഞ വര്‍ഷം വര്‍ധന വരുത്തിയിരുന്നില്ലെങ്കിലും ഈ വര്‍ഷം ക്ഷേമ പെന്‍ഷനുകള്‍ സര്‍ക്കാര്‍ 100 രൂപ ഉയര്‍ത്തി. ഇതോടെ ക്ഷേമ പെന്‍ഷന്‍ 1100 രൂപയില്‍ നിന്ന് 1200 രൂപയായി കൂടി. യുഡിഫ് സര്‍ക്കാരിന്‍റെ കാലത്ത് 1966 കോടി രൂപയായിരുന്നു ക്ഷേമ പെന്‍ഷനുകള്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചിരുന്നതെങ്കില്‍ അത് ഇപ്പോള്‍ ഉയര്‍ന്ന് 7500 കോടിക്ക് മുകളിലാണെന്ന് ധനമന്ത്രി പറഞ്ഞു. നൂറ് രൂപ കൂടി ഉയര്‍ന്നതോടെ പെന്‍ഷന്‍ വിതരണത്തിന് സര്‍ക്കാരിന് 8000 കോടി രൂപ വേണ്ടി വന്നേക്കും.
കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് ഒരു കേന്ദ്രീകൃത വിപണന സമ്പ്രദായം നടപ്പാക്കുമെന്ന പ്രഖ്യാപനം ഈ മേഖലയില്‍ വലിയ വളര്‍ച്ചയ്ക്ക് കാരണമായേക്കും. കുടുംബശ്രീയുടെ ഉല്‍പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്യാനായാല്‍ വിപണിയില്‍ ഇവയുടെ വിഹിതവും സ്വാധീനവും വര്‍ദ്ധിക്കും. സ്ത്രീ ശാക്തീകരണത്തിന് 1420 കോടി രൂപയുടെ ബജറ്റില്‍ വകയിരുത്തി. കേരളത്തിന്‍റെ സൈന്യമായ മത്സ്യതൊഴിലാളികള്‍ക്കായി വന്‍ പദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പൊഴിയൂരില്‍ മത്സ്യബന്ധന തുറമുഖവും തീരദേശ മേഖലയ്ക്ക് 1000 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുഴുവന്‍ ബസുകളും ഇലക്ട്രിക് ബസുകളാക്കും, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് റോഡ് നികുതി ഇളവുകള്‍ നല്‍കും തുടങ്ങിയ പ്രഖ്യാപനങ്ങളിലൂടെ ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റ് മറ്റൊരു തരത്തില്‍ ഇലക്ട്രിക് വാഹന സൗഹൃദ ബജറ്റായി മാറി. ബജറ്റില്‍ ഇടം നേടിയ മറ്റൊരു പ്രധാന വിഷയം ശബരിമലയായിരുന്നു. ശബരിമല വികസനത്തിന് 100 കോടിയും, റോഡ് വികസനത്തിന് 200 കോടിയും സര്‍ക്കാര്‍ മാറ്റി വച്ചു. പമ്പയിലെ മാലിന്യ സംസ്കരണ പ്ലാന്‍റിനായും സര്‍ക്കാര്‍ തുക മാറ്റിവച്ചു.
പുതിയ ആശയങ്ങളുടെ കുറവ് നിഴലിച്ച ബജറ്റില്‍ 12 ശതമാനം GST'യുടെ പരിധിയില്‍ വരുന്ന ഉല്‍പന്നങ്ങള്‍ നികുതി വര്‍ദ്ധിപ്പിച്ചത് സംസ്ഥാനത്ത് വിലക്കയറ്റത്തിന് കാരണമായേക്കും. നവകേരള നിര്‍മാണം, കുടുംബശ്രീയ്ക്കായുളള പദ്ധതികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍ തുടങ്ങിയവയേടുളള സൗഹാര്‍ദ്ദ സമീപനം എന്നിവ കേരള പുരോഗതിക്ക് വലിയ സഹായം നല്‍കുന്നവയാണ്.