അഞ്ച് ജില്ലാ ബാങ്കുകളില്‍ ഉടക്കി കേരള ബാങ്ക് രൂപീകരണം: യുഡിഎഫ്-എല്‍ഡിഎഫ് പോരാട്ടം കനക്കുന്നു
മാര്‍ച്ച് ഏഴിന് ജില്ലാ ബാങ്ക് പൊതുയോഗം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനിടെയാണ് യുഡിഎഫ് നിയന്ത്രിത സംഘങ്ങള്‍ നിലപാട് കടുപ്പിച്ചത്. ജില്ലാ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കുന്നതിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ലയനപ്രഖ്യാപനം പാസാകണമെന്നാണ് റിസര്‍വ് ബാങ്ക് നിബന്ധന.
തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണത്തില്‍ യുഡിഎഫ്-എല്‍ഡിഎഫ് രാഷ്ട്രീയ പോരാട്ടം കനക്കുന്നു. ജില്ല സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതിനെതിരെ യുഡിഎഫ് നിയന്ത്രിക്കുന്ന സഹകരണ സംഘങ്ങള്‍ രംഗത്തെത്തിയിരിക്കുകയാണ്.
മാര്‍ച്ച് ഏഴിന് ജില്ലാ ബാങ്ക് പൊതുയോഗം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനിടെയാണ് യുഡിഎഫ് നിയന്ത്രിത സംഘങ്ങള്‍ നിലപാട് കടുപ്പിച്ചത്. ജില്ലാ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കുന്നതിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ലയനപ്രഖ്യാപനം പാസാകണമെന്നാണ് റിസര്‍വ് ബാങ്ക് നിബന്ധന. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ സഹകരണ നിയമത്തില്‍ വരുത്തിയ ഭേദഗതിയിലൂടെ ഇത് കേവല ഭൂരിപക്ഷമാക്കിയിട്ടുണ്ട്.
വയനാട്, ഇടുക്കി, കാസര്‍കോട്, മലപ്പുറം, കോട്ടയം എന്നീ അഞ്ച് ജില്ലാ ബാങ്കുകളില്‍ യുഡിഎഫ് നിയന്ത്രിത സഹകരണ സംഘങ്ങള്‍ക്ക് സ്വാധീനം കൂടുതലാണ്. മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെങ്കില്‍ ഈ അഞ്ചോളം ജില്ലാ സഹകരണ ബാങ്കുകളില്‍ പ്രമേയം പാസാകാന്‍ ബുദ്ധിമുട്ട് നേരിട്ടേക്കും. സംസ്ഥാനത്തെ ആറോളം ജില്ലാ ബാങ്കുകളിലെ അംഗങ്ങള്‍ ബാങ്ക് ലയനത്തെ എതിര്‍ത്ത് റിസര്‍വ് ബാങ്കിനും നബാര്‍ഡിനും കത്ത് നല്‍കുകയും ചെയ്തു.
പൊതുയോഗങ്ങളില്‍ കേവല ഭൂരിപക്ഷം മതിയെന്ന വ്യവസ്ഥയ്ക്കെതിരെ ഇപ്പോള്‍ നിയമ പോരാട്ടം ശക്തിപ്പെടുത്തിയിരിക്കുകയാണ് യുഡിഎഫ്. പ്രമേയം പാസാക്കി ലയന നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ കേരള ബാങ്ക് രൂപീകരണ നടപടികള്‍ പൂര്‍ണ്ണമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കുകയൊളളു. ജില്ലാ ബാങ്കുകളുടെ പൊതുയോഗം തീരുമാനിച്ചതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി യുഡിഎഫ് അനുകൂല കേന്ദ്രങ്ങളും സംഘങ്ങളും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍.