ഇന്ദ്ര നൂയി ലോക ബാങ്ക് പ്രസിഡന്‍റാകുമോ? വൈറ്റ് ഹൗസ് ചലനങ്ങള്‍ ശ്രദ്ധിച്ച് ലോകം
പെപ്സി കോയുടെ സിഇഒയായി പന്ത്രണ്ട് വര്‍ഷം സേവനം അനുഷ്ഠിച്ച ഇന്ദ്ര നൂയിയെ ലോക ബാങ്ക് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്യണം എന്നാണ് വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥരുടെയും നിലപാട്.
ന്യൂയോര്‍ക്ക്: പെപ്സിക്കോ മുന്‍ സിഇഒയായ ഇന്ദ്ര നൂയിയെ ലോക ബാങ്ക് പ്രസിഡന്‍റ് സ്ഥാനത്തേക്ക് വൈറ്റ് ഹൗസ് പരിഗണിക്കുന്നതായി അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ വംശജയായ ഇന്ദ്ര നൂയി കഴിഞ്ഞ ആഗസ്റ്റിലാണ് പെപ്സികോയുടെ സിഇഒ സ്ഥാനത്ത് നിന്ന് രാജിവച്ചത്. അറുപത്തി മൂന്നുകാരിയായ ഇന്ദ്രയെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്യാന്‍ ഡൊണാള്‍ഡ് ട്രംപിന്‍റെ മകള്‍ ഇവാംങ്ക ട്രംപിന് വലിയ താല്‍പര്യമുളളതായാണ് റിപ്പോര്‍ട്ടുകള്‍.
പെപ്സി കോയുടെ സിഇഒയായി പന്ത്രണ്ട് വര്‍ഷം സേവനം അനുഷ്ഠിച്ച ഇന്ദ്ര നൂയിയെ ലോക ബാങ്ക് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്യണം എന്നാണ് വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥരുടെയും നിലപാട്. എന്നാല്‍, ട്രംപ് ഭരണകൂടം നാമനിര്‍ദ്ദേശം ചെയ്താല്‍ ഇന്ദ്ര നൂയി അതിനോട് എങ്ങനെയാവും പ്രതികരിക്കുക എന്ന ആകാംഷയിലാണ് ലോകം.
ഇന്ദ്ര നൂയി തനിക്ക് പ്രചോദനവും മാര്‍ഗദര്‍ശിയുമാണെന്ന് കഴിഞ്ഞ ദിവസം ഇവാങ്ക ട്വീറ്റ് ചെയ്തതോടെയാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഇന്ദ്രയെ നാമനിര്‍ദ്ദേശം ചെയ്യാന്‍ പോകുന്നതായി വാര്‍ത്ത പ്രചരിച്ച് തുടങ്ങിയത്. ഈ മാസം ആദ്യമാണ് നിലവിലെ പ്രസിഡന്‍റ് ജിം യോങ് കിം സ്ഥാനമൊഴിയാന്‍ പോകുന്ന കാര്യം പ്രഖ്യാപിച്ചത്. ലോക ബാങ്ക് അദ്ധ്യക്ഷ പദവിയില്‍ മൂന്ന് വര്‍ഷം ബാക്കി നില്‍ക്കെയാണ് ജിം ഫ്രെബ്രുവരിയോടെ സ്ഥാനമൊഴുമെന്ന് പ്രഖ്യാപിച്ചത്.