ഡിജിറ്റൽ ഇടപാടുകളിൽ വൻ ഇടിവ്, എല്ലായിടത്തും 2000; അസാധാരണ ഇടപാടുകൾ നിരീക്ഷിക്കാൻ ധനമന്ത്രാലയം
2000 രൂപ നോട്ട് പിൻവലിച്ചതോടെ കൈവശം സൂക്ഷിച്ച നോട്ടുകൾ ചിലവഴിക്കുന്നതിന് വേണ്ടി ജനം വിപണിയിലേക്കിറങ്ങിക്കഴിഞ്ഞു.
ദില്ലി : റിസർവ് ബാങ്ക് 2000 ത്തിന്റെ നോട്ട് പിൻവലിച്ചതിന് പിന്നാലെ കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്താകെ ഡിജിറ്റൽ ഇടപാടുകളിൽ വൻ ഇടിവ്. കൈവശമുള്ള 2000 രൂപ നോട്ട് ചിലവഴിക്കുന്നതിന് വേണ്ടി നെട്ടോട്ടമോടുന്ന ജനം ഡിജിറ്റൽ ഇടപാടുകളോട് തൽക്കാലം ബൈ പറയുകയാണ്. ഗൂഗിൾ പേ, ഫോൺ പേ പോലുള്ള ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളും ബാങ്കുകളുടെ ആപ്പുകളും സജീവമായ കാലത്ത് കറൻസിയുപയോഗം സാധാരണക്കാർക്കിടയിൽ പോലും വലിയ തോതിൽ കുറഞ്ഞിരുന്നു. എന്നാൽ 2000 രൂപ നോട്ട് പിൻവലിച്ചതോടെ കൈവശം സൂക്ഷിച്ച നോട്ടുകൾ ചിലവഴിക്കുന്നതിന് വേണ്ടി ജനം വിപണിയിലേക്കിറങ്ങിക്കഴിഞ്ഞു.
ഇന്ന് മുതൽ ബാങ്കുകളിലും ട്രഷറികളിലുമടക്കം 2,000 രൂപയുടെ നോട്ടുകൾ മാറ്റിയെടുക്കാനും നിക്ഷേപിക്കാനും അവസരമുണ്ട്. എല്ലാ ബാങ്കുകളിലും റിസർവ് ബാങ്കിന്‍റെ 19 റീജനൽ ഓഫിസുകളിലൂടെയും നോട്ടുകൾ മാറാനാകും. പൊതുജനങ്ങൾക്ക് ഒരുസമയം 20,000 രൂപവരെ, ബാങ്ക് കൗണ്ടർ വഴി മാറിയെടുക്കാം.അക്കൗണ്ടുകൾ വഴി മാറ്റിയെടുക്കാവുന്ന തുകയ്ക്ക് പരിധി ഏർപ്പെടുത്തിയിട്ടില്ല. 20,000 രൂപവരെ മാറിയെടുക്കാൻ പ്രത്യേകം ഫോമോ തിരിച്ചറിയൽ രേഖയോ നിലവിൽ നൽകേണ്ടതില്ലെങ്കിലും ബാങ്കിലെ ക്യൂ ഒഴിവാക്കുന്നതിനായി പണം വിപണിയിലിറക്കി ചിലവഴിക്കാനാണ് കൂടുതൽ പേരും ശ്രമിക്കുന്നത്.
കൂടുതൽ പേരും പെട്രോൾ പമ്പുകളിലും ഹോട്ടലുകളിലും ജ്വല്ലറികളിലുമാണ് കറസിയുമായെത്തുന്നത്. കസ്റ്റമേഴ്സ് 2000 രൂപയുടെ നോട്ടുകളുമായി എത്തുന്ന സാഹചര്യത്തിൽ ചില്ലറ ക്ഷാമം രൂക്ഷമാണെന്ന് പെട്രോൾ വിതരണക്കാരുടെ സംഘടനയും ഓൺലൈൻ ഭക്ഷണവിതരണക്കാരും പറയുന്നു. സ്വർണ്ണക്കടകളിലും നോട്ടുമായി എത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. കറൻസി ഇടപാടുകൾ വർധിച്ച സാഹചര്യത്തിൽ അസാധാരണ ഇടപാടുകൾ നിരീക്ഷിക്കാനാണ് ധനമന്ത്രാലയത്തിന്റെ നിർദ്ദേശം. ഏതെങ്കിലും രീതിയിൽ കള്ളപ്പണം വെളിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടോയെന്നാണ് ധനമന്ത്രാലയം നിരീക്ഷിക്കുന്നത്.
പിൻവലിച്ച 2000 രൂപയുടെ നോട്ട് മാറാം അറിയേണ്ടതെല്ലാം
4 മാസത്തെ സമയമാണ് നോട്ട് മാറാൻ ആർബിഐ അനുവദിച്ചിരിക്കുന്നത്. എങ്ങനെയാണ് നോട്ടുകൾ മാറേണ്ടത്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. എല്ലാ ബാങ്കുകളിലും നോട്ടുകൾ മാറാൻ സൗകര്യം ഉണ്ടാകും
2. റിസർവ് ബാങ്ക് റീജിയണൽ ഓഫീസുകളെയും നോട്ട് മാറാൻ സമീപിക്കാം
3. ബാങ്കുകളിൽ നേരിട്ട് ഒറ്റത്തവണ 10 നോട്ടുകൾ മാറാൻ കഴിയും. അതായത് 20,000 രൂപ വരെ ഒറ്റത്തവണയായി മാറ്റിയെടുക്കാം.
4. അക്കൗണ്ടുകൾ വഴി മാറ്റാവുന്ന തുകയ്ക്ക് പരിധി ഇല്ല
5. നോട്ട് മാറാൻ അക്കൗണ്ട് ഉള്ള ബാങ്കിൽ തന്നെ പോകണമെന്നില്ല, ഏത് ബാങ്കിൽ നിന്നും നോട്ട് മാറാം.
6. 20,000 രൂപ വരെ മാറ്റാൻ പ്രത്യേകം ഫോം, തിരിച്ചറിയൽ രേഖ എന്നിവ ആവശ്യമില്ല
7.നോട്ട് മാറ്റം സൗജന്യമാണ്, ഒരിടത്തും ഫീസ് ഈടാക്കില്ല
8. മുതിർന്ന പൗരന്മാർക്കും, ഭിന്നശേഷിക്കാർക്കും പ്രത്യേക സൗകര്യം ഉണ്ടാകും
9. സംസ്ഥാനത്ത് ട്രഷറികളിലും 2000 നോട്ട് സ്വീകരിക്കും
10. നിക്ഷേപമായോ ചലാൻ തുകയായോ ട്രഷറികളിൽ നോട്ട് സ്വീകരിക്കും
11. നോട്ട് മാറി വാങ്ങാനുള്ള സൗകര്യം ട്രഷറികളിൽ ഉണ്ടായിരിക്കില്ല