ശുദ്ധജല വിതരണത്തില്‍ രാജ്യം ഏറെ മുന്നോട്ട് പോകാനുണ്ടെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

 എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുന്നതിനുള്ള ജല്‍ ജീവന്‍ മിഷന് വേണ്ടി 3.60 ലക്ഷം കോടിയാണ് നീക്കിവച്ചിരിക്കുന്നത്. 

union budget 2020, fund for fresh water distribution in India

ദില്ലി: വന്‍ പ്രതീക്ഷയോടെ ഇന്ത്യ ഉറ്റുനോക്കിയ പ്രഖ്യാപനങ്ങളൊന്നും കേന്ദ്ര ബജറ്റിലുണ്ടായില്ലെങ്കിലും രാജ്യമൊട്ടാകെ നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാരിന്‌റെ അഭിമാനപദ്ധതികള്‍ക്ക് നേരത്തെ നല്‍കിയിരുന്ന
നീക്കിയിരിപ്പ് ഇക്കുറിയും നല്‍കിയിട്ടുണ്ട്. ഇതില്‍ പ്രധാനമാണ് സ്വച്ഛ് ഭാരത് മിഷനും ജല്‍ ജീവന്‍ മിഷനും.

ശുദ്ധ ജല വിതരണത്തില്‍ രാജ്യം ഏറെ മുന്നോട്ട് പോകാനുണ്ടെന്ന് പറഞ്ഞായിരുന്നു ധനമന്ത്രിയുടെ പ്രസംഗം. ഇതിന് പുറമെ മാലിന്യ നിര്‍മ്മാര്‍ജ്ജനം, സംസ്‌കരണം എന്നിവയും തുല്യ പ്രാധാന്യത്തോടെയാണ് കേന്ദ്രം കാണുന്നതെന്നും നിര്‍മ്മല സീതാരാമന്‌റെ പ്രസംഗത്തില്‍ വ്യക്തമായി. ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് സ്വച്ഛ് ഭാരത് മിഷന്‍ തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ 12,300 കോടിയാണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്.

അതേസമയം എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുന്നതിനുള്ള ജല്‍ ജീവന്‍ മിഷന് വേണ്ടി 3.60 ലക്ഷം കോടിയാണ് നീക്കിവച്ചിരിക്കുന്നത്. പൈപ്പ് ഘടിപ്പിച്ച് എല്ലാ വീട്ടിലേക്കും ജലവിതരണം എന്നതാണ് ഉദ്ദേശം. പ്രാദേശികമായി ജല സ്രോതസ്സുകള്‍ കണ്ടെത്തുന്നതിനും നവീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനുമെല്ലാം ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.

പത്ത് ലക്ഷത്തിലേറെ ജനങ്ങള്‍ ഉള്ള നഗരങ്ങള്‍ക്കാണ് പദ്ധതി നടപ്പാക്കുന്നതില്‍ പ്രാഥമിക പരിഗണന. ഈ വര്‍ഷം തന്നെ മുന്‍നിര നഗരങ്ങളിലെ ശുദ്ധജല ക്ഷാമം തീര്‍ക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി 11,500 കോടി രൂപയാണ് ജല്‍ ജീവന്‍ മിഷന്‍ പദ്ധതിത്തുകയില്‍ നിന്ന് 2020-21 കാലത്തേക്ക് നീക്കിവച്ചിരിക്കുന്നത്.
 

Latest Videos
Follow Us:
Download App:
  • android
  • ios