വന്‍ വളര്‍ച്ച നേടാന്‍ 'നാല് തന്ത്രങ്ങള്‍' മുന്നോട്ടുവച്ച് സാമ്പത്തിക സര്‍വേ; ചൈനീസ് ഫോര്‍മുല മികച്ചതെന്നും റിപ്പോര്‍ട്ട്
പ്രധാനമായും സമ്പന്ന രാജ്യങ്ങളിലെ വിപണികളിലേക്ക് കയറ്റുമതി വര്‍ധിപ്പിക്കാന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
രാജ്യത്തിന്‍റെ സാമ്പത്തിക ലക്ഷ്യങ്ങളും വളര്‍ച്ചാ പ്രതീക്ഷകളും ഉള്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്‍റെ 2019 -20 വര്‍ഷത്തെ സാമ്പത്തിക സര്‍വേ ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റിന്‍റെ മേശപ്പുറത്ത് വച്ചു. 2025 ആകുമ്പോഴേക്കും മികച്ച ശമ്പളമുളള നാല് കോടി പുതിയ തൊഴിലവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കുന്നതിനുളള തന്ത്രപരമായ രൂപരേഖ ഇപ്രാവശ്യത്തെ സാമ്പത്തിക സര്‍വേയില്‍ ഇടം പിടിച്ചു. അടുത്ത ഘട്ടമെന്ന് നിലയില്‍ 2030 ആകുമ്പോഴേക്കും എട്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നും സാമ്പത്തിക സര്‍വേ വിശദമാക്കുന്നു.
മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി "ലോകത്തിനായി ഉല്‍പ്പന്ന ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്ന ഇടമായി ഇന്ത്യയെ മാറ്റുക" എന്ന ലക്ഷ്യത്തോടെയുളള സര്‍ക്കാരിന്‍റെ മുന്നേറ്റം, 2025 ആകുമ്പോഴേക്കും അഞ്ച് ലക്ഷം കോടി ഡോളര്‍ സമ്പദ്‍വ്യവസ്ഥയുളള രാജ്യമായി മാറാന്‍ ഇന്ത്യയ്ക്ക് സഹായകരമാകുമെന്നും സര്‍വേ പറയുന്നു.
ചൈനയിലേതിന് സമാനമായ തൊഴിൽ- കയറ്റുമതി പാത ചാർട്ട് ചെയ്യുന്നതില്‍ ഇന്ത്യയ്ക്ക് അഭൂതപൂർവമായ അവസരമുണ്ടെന്ന് സാമ്പത്തിക സർവേ വായിക്കുന്നു. നെറ്റ്‍വര്‍ക്ക് ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്ക് ഇന്ത്യയെ അഞ്ച് ലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയാക്കുന്നതിന് ആവശ്യമായ മൂല്യവർദ്ധനവിന്റെ നാലിലൊന്ന് നൽകാൻ കഴിയുമെന്നും സാമ്പത്തിക സർവേയിലൂടെ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
അവസരങ്ങള്‍ നേടിയെടുക്കുന്നതിന് ചൈന ഉപയോഗിക്കുന്ന തന്ത്രം പിന്‍തുടരണം. ചെറിയ മുതല്‍ മുടക്കില്‍ വലിയ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മേഖലകള്‍ മുതൽ വ്യാപാര നയങ്ങള്‍ വരെയുളളതില്‍ കൂടുതല്‍ ശ്രദ്ധ രാജ്യം നല്‍കണമെന്ന സര്‍വേ നിര്‍ദ്ദേശിക്കുന്നു. രാജ്യത്ത് വളർച്ചാ നിരക്ക് വര്‍ധിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ഒരു ഫോർമുലയും സർവേ തയ്യാറാക്കി.
ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്ക് പ്രധാനമായും നാല് തന്ത്രങ്ങളാണ് സാമ്പത്തിക സര്‍വേ മുന്നോട്ട് വയ്ക്കുന്നത്:
1) ചെറിയ മുതല്‍ മുടക്കില്‍ വലിയ തൊഴില്‍ സാധ്യതകള്‍ നല്‍കുന്ന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.
2) നെറ്റ്‌വർക്ക് ഉൽപ്പന്നങ്ങളുടെ കൂട്ടിയോജിപ്പിക്കല്‍ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വ്യവസായ വര്‍ധനയില്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുക.
3) പ്രധാനമായും സമ്പന്ന രാജ്യങ്ങളിലെ വിപണികളിലേക്ക് കയറ്റുമതി വര്‍ധിപ്പിക്കുക.
4) വ്യാപാര നയങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുക
മൊത്തത്തിലുള്ള വ്യാപാര സന്തുലിതാവസ്ഥയിൽ ഇന്ത്യയുടെ വ്യാപാര കരാറുകളുടെ സ്വാധീനത്തെക്കുറിച്ചും സാമ്പത്തിക സർവേ വിശകലനം ചെയ്തു. ഇന്ത്യയുടെ കയറ്റുമതി, ഉൽപ്പാദന ഉൽപ്പന്ന വിഭാഗത്തില്‍ 13.4 ശതമാനവും മൊത്തം ചരക്കുകളുടെ വിഭാഗത്തില്‍ 10.9 ശതമാനവും വർദ്ധിച്ചു. ഇന്ത്യയുടെ ഇറക്കുമതി ഉൽപ്പാദന ഉൽപന്നങ്ങൾക്ക് 12.7 ശതമാനവും മൊത്തം ചരക്കുകൾക്ക് 8.6 ശതമാനവും വർദ്ധിച്ചു.
2011-12 നും 2017-18 നും ഇടയിൽ ഗ്രാമീണ, നഗര പ്രദേശങ്ങളിൽ സാധാരണ വേതന, ശമ്പളമുള്ള ജീവനക്കാർക്കിടയിൽ 2.62 കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടുവെന്ന് ഇക്കണോമിക് സര്‍വേ അവകാശപ്പെട്ടു. സമ്പദ്‌വ്യവസ്ഥയിലെ ഔപചാരിക തൊഴിൽ മേഖല 2011-12 ൽ എട്ട് ശതമാനത്തിൽ നിന്ന് 2017-18 ൽ 9.98 ശതമാനമായി ഉയർന്നതായും സര്‍വേ പറയുന്നു.
അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ വളര്‍ച്ച 6- 6.5ശതമാനമായിരിക്കും. നടപ്പ് സാമ്പത്തികവര്‍ഷത്തെ വളര്‍ച്ച അഞ്ചുശതമാനമാണെന്നും സര്‍വേ വിശദമാക്കുന്നു.
ആഗോള സാമ്പത്തികമേഖലയിലെ മന്ദ്യവും രാജ്യത്തെ വളര്‍ച്ചാ നിരക്ക് താഴേക്ക് പോകാൻ കാരണമായെന്ന് സർവേ പറയുന്നു. അതുകൊണ്ടുകൂടിയാണ് രാജ്യം ദശാബ്ദത്തിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കായ അഞ്ച് ശതമാനത്തിലയേക്കെത്തിയെതന്നും സര്‍വേയില്‍ പറയുന്നു. ജൂലായ്-സെപ്റ്റംബര്‍ പാദത്തില്‍ 4.5ശതമാനത്തിലേയ്ക്കാണ് വളര്‍ച്ച നിരക്ക് താഴ്ന്നത്.
ലോകത്തിനായി ഒത്തുകൂടാം ഇന്ത്യയില്‍
രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി കുത്തനെ താഴോട്ട് പോയത് മുന്നോട്ടു കുതിക്കാനുള്ള തുടക്കമാണെന്നാണ് സാമ്പത്തിക സർവേ കണക്കുകൂട്ടുന്നത്. ''ധനസ്ഥിതി മെച്ചപ്പെടുത്തൽ'' എന്നതാകും ഇത്തവണ സാമ്പത്തിക സർവേയുടെ പ്രധാന ഊന്നൽ. ''ലോകത്തിനായി ഇന്ത്യയിൽ ഒത്തുകൂടാം'' എന്നതാണ് പ്രധാന പോളിസി നിർദേശം. ഉദ്പാദനരംഗത്ത് വളർച്ച കൈവരിക്കുകയാണ് ഈ നയ നിർദ്ദേശത്തിലൂടെ ലക്ഷ്യമിടുന്നത്. കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്ന ഉദ്പാദന മേഖലകൾ വികസിപ്പിക്കാനും സാമ്പത്തിക സർവേ ലക്ഷ്യമിടുന്നു.
എന്തുകൊണ്ടാണ് സാമ്പത്തിക മാന്ദ്യം രാജ്യത്തുണ്ടായതെന്ന് സർവേ പരിശോധിക്കുന്നു. ഉള്ളി ഉള്‍പ്പടെയുള്ള അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തില്‍ കാര്യക്ഷമമായി ഇടപെടാന്‍ സര്‍ക്കാരിനായില്ലെന്നും സർവേ വ്യക്തമാക്കുന്നു. ബിസിനസ് രംഗത്തിനായി നൽകിയ ഊന്നൽ നടപടികൾ വിജയിച്ചോ എന്നും പരിശോധിക്കുന്നു. പൊതുമേഖലാബാങ്കുകളിൽ ശക്തമായ പരിഷ്കാരങ്ങൾ സാമ്പത്തിക സർവേ ശുപാർശ ചെയ്യുന്നു. പൊതുമേഖലാ ബാങ്കുകളിലെ വിവരശേഖരണം ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് വഴി കൈകാര്യം ചെയ്യുന്നത് സുരക്ഷ വർദ്ധിപ്പിക്കുമെന്നും കൂടുതൽ മികച്ച രീതിയിൽ ബാങ്കിംഗ് വിവരങ്ങൾ കൈകാര്യം ചെയ്യാനാകുമെന്നും സർവേ പറയുന്നു.
വളർച്ചാ നിരക്ക് കുറഞ്ഞതിലൂടെ പ്രതിസന്ധിയിലായ സർക്കാർ, കോർപ്പറേറ്റ് ടാക്സ് ഉൾപ്പടെയുള്ള നികുതികൾ വെട്ടിക്കുറച്ചെങ്കിലും അത് വലിയ രീതിയിൽ ഫലം കണ്ടില്ല. ഇനി നാളെ അവതരിപ്പിക്കാനിരിക്കുന്ന പൊതുബജറ്റിൽ, വിപണിയിലെ മാന്ദ്യം അകറ്റാൻ നിർമലാ സീതാരാമൻ അവതരിപ്പിക്കുന്ന വഴികളെന്തെന്ന് കാത്തിരുന്നു കാണണം.
- economic survey 2020
- special focus on Chinese formula
- നിര്‍മല സീതാരാമന്‍
- സാമ്പത്തിക സര്‍വേ
- സാമ്പത്തിക സര്‍വേ 2020
- Union Budget
- Union Budget 2020
- Union Budget 2020 Live
- Union Budget 2020 Analysis
- Nirmala Sitharaman
- Indian Budget 2020
- Budget 2020 live
- union Budget 2020 updates
- Budget Expectations on Tax
- Budget 2020 income tax expectations
- Budget 2020 income tax
- Union budget 2020 date
- Finance minister of India