കര്‍ഷകക്ഷേമം മുഖ്യലക്ഷ്യം, വിദ്യാഭ്യാസ- മേക്ക് ഇന്‍ ഇന്ത്യ- വ്യോമയാന മേഖലകള്‍ക്ക് ഊന്നല്‍; നിക്ഷേപ ഇന്‍ഷുറന്‍സില്‍ 'ജനപ്രിയം' കേന്ദ്ര ബജറ്റ്
നിക്ഷേപ ഇൻഷുറൻസ് ഒരു ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമായി ഉയർത്താനുള്ള നീക്കം സാധാരണക്കാർക്ക് വലിയ വാർത്തയാണ്. ഇത് നിക്ഷേപകരുടെ വികാരം വർദ്ധിപ്പിക്കുന്നതിന് ഗുണകരമായ നടപടിയാണ്.
അന്തരിച്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിക്ക് ആദരാജ്ഞലി അര്‍പ്പിച്ച് തുടങ്ങിയ ബജറ്റ് അവതരണത്തില്‍ നിര്‍മല സീതാരാമന്‍ ജിഎസ്ടി ചരിത്രപരമായ പരിഷ്കരണമാണെന്ന് അഭിപ്രായപ്പെട്ടു. പാര്‍ലമെന്‍റിന് മുന്നില്‍ വച്ച ബജറ്റില്‍ പൗരന്‍റെ വരുമാനം കൂട്ടുന്നതിനും ക്രിയശേഷി കൂട്ടുന്നതിനുമായ പ്രഖ്യാപനങ്ങള്‍ നിറഞ്ഞുനിന്നു.
കര്‍ഷകരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കുമെന്ന പ്രഖ്യാപനം ഈ ബജറ്റിലും ആവര്‍ത്തിച്ച ധനമന്ത്രി, കര്‍ഷക ക്ഷേമം ഉറപ്പാക്കുന്നതിനായി 16 കര്‍മപരിപാടികളും നടപ്പിലാക്കി. കാര്‍ഷിക വിപണി ഉദാരമാക്കാനും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഗതാഗതം സുഗമമാക്കാനായി കിസാന്‍ റെയില്‍ പദ്ധതിയും ബജറ്റ് നിര്‍ദ്ദേശിക്കുന്നു. ഇതിനൊപ്പം രാജ്യത്ത് കാര്‍ഷിക ഉല്‍പ്പന്ന സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതിന്‍റെ കര്‍മപരിപാടിയെ സംബന്ധിച്ച് ധനമന്ത്രി വ്യക്തമാക്കിയില്ല.
ജീവിതനിലവാരം ഉയർത്തുക, എല്ലാവർക്കും സാമ്പത്തിക വികസന ഉറപ്പാക്കുക, മാനുഷികവും അനുകമ്പാപൂർണ്ണവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്നീ മൂന്ന് പ്രധാന കാര്യങ്ങൾ ബജറ്റില്‍ ഉൾക്കൊള്ളുന്നതായി ധനമന്ത്രി പറഞ്ഞു. മുന്‍ വര്‍ഷത്തെക്കാള്‍ ധനക്കമ്മി ലക്ഷ്യം ഉയര്‍ത്തിയതിലൂടെ സര്‍ക്കാരിന്‍റെ ചെലവിടല്‍ വരുന്ന സാമ്പത്തിക വര്‍ഷം വര്‍ധിപ്പിക്കുമെന്ന് നിര്‍മല സീതാരാമന്‍ പറയാതെ പറഞ്ഞു.
'പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ മറികടന്നു'
2020 -21 സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാരിന്‍റെ ധനക്കമ്മി ലക്ഷ്യം ജിഡിപിയുടെ 3.8 ശതമാനമാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ വനിതാക്ഷേമ പദ്ധതിയായ ബേട്ടി പഠാവോ ബേട്ടി ബച്ചാവോ മികച്ച വിജയമായിരുന്ന എന്ന ബജറ്റ് വാക്യം സഭയില്‍ വലിയ ബഹളത്തിന് കാരണമായി. സ്കൂള്‍ പ്രവേശനത്തിൽ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ മറികടന്നു. വനിതാക്ഷേമ പദ്ധതികള്‍ക്ക് 28,600 കോടി രൂപ അനുവദിക്കുന്നതായും നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റിനെ അറിയിച്ചു.
സാമ്പത്തിക സർവേ മുന്നോട്ടുവച്ച മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായ “അസംബ്ലി ഇൻ ഇന്ത്യ” അനുസരിച്ച് ഇന്ത്യയെ ഇലക്ട്രോണിക് ഉൽപാദന കേന്ദ്രമാക്കി മാറ്റുന്നതിനായി ഒരു പുതിയ പദ്ധതി ആരംഭിക്കാൻ നിർമ്മല സീതാരാമൻ ബജറ്റലൂടെ നിർദ്ദേശിച്ചു. “ഇന്ത്യയെ ആഗോള ശൃംഖലയുടെ ഭാഗമാക്കുന്ന നെറ്റ്‍വർക്ക് ഉൽപ്പന്നങ്ങൾ നിർമ്മിക്കേണ്ടതുണ്ട്. നിർമ്മാണത്തിലും തൊഴിലവസരങ്ങളിലും ഇലക്ട്രോണിക്സ് വ്യവസായത്തിന്റെ സാധ്യതകൾ വളരെ വലുതാണ്. മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, അർദ്ധചാലകം എന്നിവയുടെ നിർമ്മാണം നാം പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. പദ്ധതിയുടെ വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കും, "സീതാരാമൻ പറഞ്ഞു. എന്നാല്‍, ഇതിനായി പ്രത്യേക തുക ബജറ്റില്‍ വകയിരുത്തിയിട്ടില്ല.
2024 ല്‍ 100 എയര്‍പോര്‍ട്ടുകള്‍ പുതിയതായി നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി, രാജ്യത്തെ വ്യോമഗതാഗതം ശക്തിപ്പെടുത്തുമെന്നും വ്യക്തമാക്കി. 2020 -21 സാമ്പത്തിക വര്‍ഷത്തേക്ക് വന്‍ ആദായ നികുതി ഇളവുകളാണ് ബജറ്റിലൂടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അഞ്ച് ലക്ഷത്തിന് താഴെ വാര്‍ഷിക വരുമാനം ഉളളവര്‍ ഇനിമുതല്‍ ആദയ നികുതി നല്‍കേണ്ടതില്ല. അഞ്ച് മുതല്‍ 7.5 ലക്ഷം വരെ 10 ശതമാനവും 7.5 ലക്ഷം മുതല്‍ 10 ലക്ഷം വരെ വാര്‍ഷിക വരുമാനം ഉളളവര്‍ 15 ശതമാനം നികുതിയും അടയ്ക്കണം.
ആദായ നികുതി ഇളവും ബാങ്ക് നിക്ഷേപത്തിന് ഇന്‍ഷുറന്‍സും
10 ലക്ഷം മുതല്‍ 12.5 ലക്ഷം വരെ 20 ശതമാനവും 12.5 ലക്ഷം മുതല്‍ 15 ലക്ഷം വരെ 25 ശതമാനവുമാണ് നികുതി. 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനമായിരിക്കും നികുതി നല്‍കേണ്ടി വരുക. രാജ്യത്തിന്‍റെ വളര്‍ച്ച ലക്ഷ്യം മുന്നില്‍ക്കണ്ടാണ് നികുതി പരിഷ്കരണം നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ആദായനികുതി ഇളവിലൂടെ 15 ലക്ഷം വരുമാനമുള്ളവര്‍ക്ക് നിയമപ്രകാരമുള്ള ഇളവുകള്‍ കൂടാതെ 78,000 രൂപയുടെ നേട്ടം ലഭിക്കും. ആദായനികുതി ഇളവ് നടപ്പാക്കുന്നതിലൂടെ സര്‍ക്കാരിന് 40,000 കോടി രൂപയുടെ വരുമാനനഷ്ടം ഉണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു.
റിസർവ് ബാങ്ക് സബ്സിഡിയറിയായ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ (ഡിഐസിജിസി) നിക്ഷേപ ഇൻഷുറൻസ് ഒരു ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമായി ഉയർത്താനുള്ള നീക്കം സാധാരണക്കാർക്ക് വലിയ വാർത്തയാണ്. ഇത് നിക്ഷേപകരുടെ വികാരം വർദ്ധിപ്പിക്കുന്നതിന് ഗുണകരമായ നടപടിയാണ്.
എൽഐസിയുടെ പ്രാഥമിക ഓഹരി വിൽപന ഈ വർഷം തുടങ്ങും. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പനയിലൂടെ 2.1 ലക്ഷം കോടി രൂപ നേടിയെടുക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് ധനമന്ത്രി അറിയിച്ചു. പുതിയ വിദ്യാഭ്യാസ നയം ഉടന്‍ രാജ്യത്ത് നടപ്പാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. 150 സർവകലാശാലയിൽ പുതിയ കോഴ്സുകൾ, വിദ്യാഭ്യാസ മേഖലയിൽ വിദേശനിക്ഷേപത്തിന് അവസരം എന്നീ പ്രഖ്യാപനങ്ങള്‍ ബജറ്റിലൂണ്ടായി. വിദ്യാഭ്യാസ മേഖലയ്ക്ക് 99,300 കോടി രൂപ ബജറ്റിലൂടെ വകയിരുത്തി. സ്റ്റഡി ഇൻ ഇന്ത്യ പദ്ധതിയും ദേശീയ ടെക്നിക്കൽ മിഷനും നടപ്പാക്കും.
ബാങ്ക് നിയമനത്തിന് നോണ്‍ ഗസറ്റഡ് പോസ്റ്റുകളിലേക്ക് പൊതുപരീക്ഷ നടത്തും. ദേശീയതലത്തില്‍ സ്വതന്ത്ര റിക്രൂട്ട്മെന്റ് ഏജന്‍സി സ്ഥാപിക്കുമെന്നും ധനമന്ത്രി നിർമല സീതാരാമന്‍ പറഞ്ഞു.
- ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി
- നിര്‍മല സീതാരാമന്‍
- union budget 2020
- Union Budget
- Union Budget 2020 Live
- Union Budget 2020 Analysis
- Nirmala Sitharaman
- Indian Budget 2020
- Budget 2020 live
- union Budget 2020 updates
- Budget Expectations on Tax
- Budget 2020 income tax expectations
- Budget 2020 income tax
- Union budget 2020 date
- Finance minister of India