വലിയ ബജറ്റ്, പഠിച്ചെടുക്കാന്‍ കഴിയുന്നില്ല; പ്രതികരിക്കാതെ മന്‍മോഹന്‍ സിംഗ്
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച സാഹചര്യത്തിലാണ് മന്‍മോഹന്‍ സിംഗ് മൗനം പാലിക്കുന്നതെന്നും ശ്രദ്ധേയം.
ദില്ലി: നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിനെക്കുറിച്ച് പ്രതികരിക്കാതെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. വളരെ നീണ്ട ബജറ്റാണെന്നും ഉള്‍ക്കൊള്ളാന്‍ സമയം വേണമെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. രണ്ട് മണിക്കൂറും 40 മിനിറ്റുമെടുത്താണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചത്. വലിയ ബജറ്റാണ് അവര്‍ അവതരിപ്പിച്ചത്. 'പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ എനിക്ക് കഴിയുന്നില്ല'-മന്‍മോഹന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച സാഹചര്യത്തിലാണ് മന്‍മോഹന്‍ സിംഗ് മൗനം പാലിക്കുന്നതെന്നും ശ്രദ്ധേയം. വ്യക്തതയില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചതെന്നും അച്ഛേദിന്‍, ന്യൂ ഇന്ത്യ, അഞ്ച് ലക്ഷം കോടിയുടെ എക്കോണമി എന്നത് കേന്ദ്രം ഉപേക്ഷിച്ചെന്നും അഹമ്മദ് പട്ടേല്‍ വിമര്‍ശിച്ചു. രണ്ട് മണിക്കൂര്‍ 17 മിനിറ്റ് എന്ന സ്വന്തം റെക്കോര്‍ഡാണ് നിര്‍മല ബജറ്റ് അവതരണത്തിലൂടെ തിരുത്തിയത്. ഇടക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു.
വ്യക്തികളുടെ ആദായ നികുതിയുടെ പരിധി ഉയര്‍ത്തിയതാണ് ബജറ്റിലെ പ്രധാന പ്രത്യേകത. എൽഐസിയുടെ പ്രാഥമിക ഓഹരി വിൽപന ഈ വർഷം തുടങ്ങും. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പനയിലൂടെ 2.1 ലക്ഷം കോടി രൂപ നേടിയെടുക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് ധനമന്ത്രി അറിയിച്ചു. കര്‍ഷകരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കുമെന്ന പ്രഖ്യാപനം ഈ ബജറ്റിലും ആവര്‍ത്തിച്ചു. കര്‍ഷക ക്ഷേമം ഉറപ്പാക്കുന്നതിനായി 16 കര്‍മപരിപാടികളും പ്രഖ്യാപിച്ചു. കാര്‍ഷിക വിപണി ഉദാരമാക്കാനും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഗതാഗതം സുഗമമാക്കാനായി കിസാന്‍ റെയില്‍ പദ്ധതിയും ബജറ്റ് നിര്‍ദ്ദേശിക്കുന്നു. ഇതിനൊപ്പം രാജ്യത്ത് കാര്‍ഷിക ഉല്‍പ്പന്ന സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതിന്‍റെ കര്‍മപരിപാടിയെ സംബന്ധിച്ച് ധനമന്ത്രി വ്യക്തമാക്കിയില്ല.
ജീവിതനിലവാരം ഉയർത്തുക, എല്ലാവർക്കും സാമ്പത്തിക വികസന ഉറപ്പാക്കുക, മാനുഷികവും അനുകമ്പാപൂർണ്ണവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്നീ മൂന്ന് പ്രധാന കാര്യങ്ങൾ ബജറ്റില്‍ ഉൾക്കൊള്ളുന്നതായി ധനമന്ത്രി പറഞ്ഞു. മുന്‍ വര്‍ഷത്തെക്കാള്‍ ധനക്കമ്മി ലക്ഷ്യം ഉയര്‍ത്തിയതിലൂടെ സര്‍ക്കാരിന്‍റെ ചെലവിടല്‍ വരുന്ന സാമ്പത്തിക വര്‍ഷം വര്‍ധിപ്പിക്കുമെന്ന് നിര്‍മല സീതാരാമന്‍ സൂചന നല്‍കി.