കേന്ദ്രം നടപ്പിലാക്കാനൊരുങ്ങുന്ന RCEP വ്യാപാര ഉടമ്പടിക്കെതിരെ ആർഎസ്എസ് പോഷക സംഘടനയുടെ പ്രതിഷേധം, വെട്ടിലായി മോദി
പാലുൽപ്പന്നങ്ങൾ, കുരുമുളക്, റബ്ബർ, ഏലം തുടങ്ങിയവയായിരിക്കും ഇറക്കുമതിയുടെ ചൂട് ആദ്യം അറിയാൻ പോകുന്നത്.
നരേന്ദ്ര മോദി സർക്കാർ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള സ്വതന്ത്രവ്യാപാര ഉടമ്പടിയാണ് RCEP അഥവാ റീജണൽ കോംപ്രിഹെൻസീവ് എക്കണോമിക് പാർട്ട്ണർഷിപ്പ്. ഇത് ദക്ഷിണപൂർവ ഏഷ്യൻ രാജ്യങ്ങളുടെ സംഘടനയായ ആസിയാനി(ASEAN)ലെ പത്ത് രാജ്യങ്ങളും, ഇന്ത്യയടക്കമുള്ള മറ്റ് ആറുരാജ്യങ്ങളും തമ്മിൽ സ്വതന്ത്രമായ വ്യാപാരം സാധ്യമാക്കാൻ ഉണ്ടദ്ദേശിച്ചുകൊണ്ടുള്ള ഒരു വ്യാപാര ഉടമ്പടിയാണ്. എന്നാൽ, NDA സർക്കാരിന്റെ ഈ ഫ്ലാഗ്ഷിപ്പ് ഉടമ്പടിക്കെതിരെ ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത് സംഘപരിവാർ സംഘടനകളിൽ ഒന്നായ സ്വദേശി ജാഗരൺ മഞ്ച് ആണ്. RCEP-യ്ക്കെതിരെ പത്തുദിവസം നീണ്ടുനിൽക്കുന്ന ദേശീയപ്രക്ഷോഭത്തിനുതന്നെ മഞ്ച് ആഹ്വാനം ചെയ്തിട്ടുണ്ട്.
രാഷ്ട്രീയ സ്വയം സേവക് സംഘു(RSS)മായി ചേർന്നുപ്രവർത്തിക്കുന്ന ഒരു സംഘടനയാണ് മഞ്ച്. കഴിഞ്ഞ വിജയദശമി ദിവസം ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് സ്വദേശി സ്ഥാപനങ്ങളെയും ഉത്പന്നങ്ങളെയും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഉത്ബോധിപ്പിച്ചതിന്റെ പിന്നാലെയാണ് സ്വദേശി ജാഗരൺ മഞ്ച് ഇങ്ങനെ ഒരു നിലപാടിലേക്ക് കടന്നിരിക്കുന്നത്. ആദ്യമായിട്ടാണ് സ്വദേശി ജാഗരൺ മഞ്ച് പോലുള്ള ഒരു വലതുപക്ഷ സംഘടന, കേന്ദ്രം ഭരിക്കുന്ന എൻഡിഎക്കു നേരെ പ്രത്യക്ഷമായ ഒരു ദേശീയപ്രക്ഷോഭത്തിലേക്ക് നീങ്ങിയിരിക്കുന്നത് എന്നതാണ് ഈ സമരത്തെ പ്രസക്തമാക്കുന്നത്.
'മണ്ണിന്റെ മകൾ സോണിക' എന്നപേരിൽ ഹരിയാണയിലെ കർഷക കുടുംബങ്ങളിൽ ഒന്നിൽ നിന്നുള്ള സോണിക, RCEP രാജ്യത്തെ കൃഷിക്കാരുടെ നട്ടെല്ലൊടിക്കുമെന്ന് മുന്നറിയിപ്പുനല്കിക്കൊണ്ട്, RCEP-ക്കെതിരെ ഒന്നിക്കാൻ ആഹ്വാനം ചെയ്യുന്ന കൊച്ചുപെൺകുട്ടിയുടെ ട്വിറ്റർ വീഡിയോ ഇതിനകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
"
" രാജ്യം ഇന്ന് നിർമാണ മേഖലയിലും, കാർഷിക മേഖലയിലും കടുത്ത പ്രതിസന്ധികളിൽ പെട്ട് ഉലഞ്ഞുകൊണ്ടിരിക്കുകയാണ് എന്നത് ആർക്കാണ് അറിയാത്തത്. അതിലേക്ക് രാഷ്ട്രത്തെ നയിച്ചത് 1991 മുതൽ കേന്ദ്രത്തിൽ ഭരണത്തിലിരുന്ന കോൺഗ്രസ് സർക്കാരുകൾ സ്വീകരിച്ച നയങ്ങളിലെ പാളിച്ചകളാണ്." കഴിഞ്ഞ ദിവസം സ്വദേശി ജാഗരൺ മഞ്ച് കോ-കൺവീനർ അശ്വിനി മഹാജൻ പറഞ്ഞു. " കഴിഞ്ഞ മൂന്നുപതിറ്റാണ്ടുകളിലെ വിദേശവ്യാപാരഉടമ്പടികൾ നൽകിയ ആനുകൂല്യങ്ങളുടെ ബലത്തിൽ ഇന്ത്യൻ മാർക്കറ്റിലേക്ക് കടന്നുവന്ന വിലയും ഗുണനിലവാരവും കുറഞ്ഞ വിദേശ ഉത്പന്നങ്ങളാണ് നമ്മുടെ സ്വദേശി സംരംഭങ്ങളെ തകർത്തുകളഞ്ഞിട്ടുള്ളത്. 2018-19-ൽ, RCEP-യുടെ ഭാഗമായപതിനഞ്ചു രാജ്യങ്ങളിൽ പതിനൊന്നിനോടും ഇന്ത്യക്ക് വ്യാപാരക്കമ്മി ഉണ്ട്. കഴിഞ്ഞ വർഷത്തെ കമ്മി ഏതാണ്ട് 104 ബില്യൺ ഡോളർ വരും. അതിൽ പാതിയും ചൈനയോടാണ്. " മഹാജൻ കൂട്ടിച്ചേർത്തു.
ഇപ്പോൾ നിലവിലുള്ള മാന്ദ്യത്തെ ഇരട്ടിപ്പിക്കുക മാത്രമാണ് RCEP പോലുള്ള ഉടമ്പടികൾ ചെയ്യാൻ പോകുന്നത് എന്നും, നമ്മുടെ കർഷകരെയും സ്വദേശി സംരംഭകരേയും പരിഗണിച്ചുകൊണ്ട് കേന്ദ്രം അത്തരത്തിലുള്ള കരാറുകളിൽ നിന്ന് വിട്ടുനിൽക്കണം എന്നും മഹാജൻ പറഞ്ഞു. " സ്വദേശി ജാഗരൺ മഞ്ച് എന്നും ഗ്ലോബൽ വാല്യൂ ചെയിനുകൾക്ക് എതിരാണ്. അത് ഒരു പാവപ്പെട്ട സംരംഭകനെയും കൃഷിക്കാരനെയും പരിഗണിക്കുകയോ സഹായിക്കുകയോ ചെയ്യുന്നില്ല. കോടിക്കണക്കിനു ഡോളർ ആസ്തിയുള്ള വിദേശ കുത്തകകൾക്ക് മാത്രമാണ് ഈ സംവിധാനങ്ങളെ ഫലപ്രദമായി വിനിയോഗിക്കാനും കൊള്ളലാഭമുണ്ടാക്കാനും സാധിക്കുന്നത്" മഹാജൻ അഭിപ്രായപ്പെട്ടു.
സ്വദേശി ജാഗരൺ മഞ്ചിന്റെ ഭയം അസ്ഥാനത്തല്ല എന്നാണ് ഫോറിൻ ട്രേഡ് അഗ്രിമെന്റുകളുടെ ഇന്നുവരെയുള്ള ചരിത്രവും അതോടനുബന്ധിച്ച കണക്കുകളും സൂചിപ്പിക്കുന്നതും. മുൻകാലങ്ങളിലെ FTA-കളെപ്പോലെ RCEP -യും ലക്ഷ്യമിടുന്നത്, ഇതിൽ ഒപ്പുവെക്കുന്ന രാജ്യങ്ങൾക്കിടയിൽ ഇറക്കുമതി തീരുവ കുറയ്ക്കുക അല്ലെങ്കിൽ പൂർണ്ണമായും എടുത്തുകളയുക എന്നത് തന്നെയാണ്. ചൈന എന്ന കയറ്റുമതി ഭീമനാണ് ഇന്ത്യയിലെ പല 'മെയ്ക്ക് ഇൻ ഇന്ത്യ' സ്ഥാപനങ്ങളെയും തകർത്തിട്ടുള്ളത്. ഇന്ത്യയിലേക്കാൾ തൊഴിൽ വേതനവും, നിർമ്മാണച്ചെലവും ഒക്കെ കുറവുള്ള, കമ്പനികൾക്ക് കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാൻ പോന്ന രാഷ്ട്രീയ സാഹചര്യമുള്ള ഒരു രാജ്യമാണ് ചൈന. അതുകൊണ്ടുതന്നെ, കയറ്റുമതിക്കും, ന്യായമായ തീരുവകൾക്കും ശേഷവും ഇന്ത്യൻ ഉത്പന്നങ്ങളെ കടത്തിവെട്ടാൻ വിപണിയിൽ ചൈനീസ് ഉത്പന്നങ്ങൾക്ക് സാധിക്കാറുണ്ട്. അത് ഇന്ത്യൻ ഉത്പന്നങ്ങളുടെ വില്പന കുറയാനും, ആ ഉത്പന്നങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങൾക്ക് പിടിച്ചുനിൽക്കാൻ സാധിക്കാത്ത ഒരു സാഹചര്യമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഈ കരാർ നിലവിൽ വന്നാൽ ഇന്ത്യയിലേക്കുള്ള വിലകുറഞ്ഞ ചൈനീസ് ഉത്പന്നങ്ങളുടെ ഒഴുക്ക് ഇരട്ടിക്കുമെന്ന ഭയത്തിലാണ് തദ്ദേശീയരായ സംരംഭകരും കൃഷിക്കാരും.
2006-നു ശേഷം ഇന്ത്യയിൽ വ്യാപാരഉടമ്പടികളുടെ പെയ്ത്താണ്. അതുകൊണ്ടുതന്നെ ഇറക്കുമതിയിലും കാര്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. ഈ ഉടമ്പടിയുടെ ഭാഗമായ രാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ ഉത്പന്നങ്ങളുടെ കയറ്റുമതിക്കാണെങ്കിൽ, അതിന് ആനുപാതികമായ രീതിയിൽ വളർച്ച ഉണ്ടായിക്കാണുന്നുമില്ല. ഇന്ത്യൻ മെറ്റൽ ഇന്ഡസ്ട്രിക്കാണ് ഈ കരാറുകൾ കൊണ്ട് ഏറ്റവും വലിയ ആഘാതമുണ്ടായിരിക്കുന്നത്. കാർഷിക രംഗത്താണെങ്കിൽ, പാലുൽപ്പന്നങ്ങൾ, കുരുമുളക്, റബ്ബർ, ഏലം തുടങ്ങിയവയായിരിക്കും ഇറക്കുമതിയുടെ ചൂട് ആദ്യം അറിയാൻ പോകുന്നത്. മേൽപ്പറഞ്ഞ നാണ്യവിളകളെ ആശ്രയിച്ച് ജീവിക്കുന്ന കേരളത്തിലെ മലയോര കര്ഷകരെയായിരിക്കും ഇത് ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത്.
RCEPക്കെതിരെ ജില്ലകൾ തോറും പ്രകടനത്തിന് പുറമെ വിദഗ്ദ്ധരെക്കൊണ്ട് പൊതുജനങ്ങൾക്കും വ്യാപാരികൾക്കും സംരംഭകർക്കും കൃഷിക്കാർക്കും എല്ലാം ഇതിന്റെ ദോഷങ്ങളെപ്പറ്റി ക്‌ളാസ്സുകളും സംഘടിപ്പിക്കുമെന്ന് സ്വദേശി ജാഗരൺ മഞ്ച് അറിയിച്ചു. പ്രതിഷേധം ഒക്ടോബർ 20 വരെ തുടരും. RCEP പ്രവർത്തികമാക്കേണ്ടതെങ്ങനെ എന്നതിനെപ്പറ്റിയുള്ള മന്ത്രിതലചർച്ചകൾ കേന്ദ്രത്തിൽ സജീവമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഭരിക്കുന്ന കക്ഷിയുടെ തന്നെ ഒരു അനുബന്ധ സംഘടന പരസ്യമായ പ്രതിഷേധം ഉയർത്തിക്കൊണ്ട് പ്രസ്തുത ഉടമ്പടിക്കെതിരെ പൊതുജനമധ്യത്തിൽ വരുന്നു എന്നതുകൊണ്ടുതന്നെ വളരെ വലിയ രാഷ്ട്രീയപ്രാധാന്യം ഈ പ്രതിഷേധങ്ങൾക്കും അവ ഉയർത്തിപ്പിടിക്കുന്ന വിഷയങ്ങൾക്കും ഉണ്ട്.