വേണ്ടത് നാല് മുതല്‍ അഞ്ച് മാസം വരെ മാത്രം, മോദി സര്‍ക്കാര്‍ നേടിയെടുക്കാനാഗ്രഹിക്കുന്നത് 'ലക്ഷം കോടി രൂപ': ഭാരത് പെട്രോളിയത്തിന് സുപ്രധാന പദവി നഷ്ടമായേക്കും
നാല് മുതല്‍ അഞ്ച് മാസം കൊണ്ട് പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന നടപടികള്‍ പൂര്‍ത്തിയാകും.
ദില്ലി: തിരഞ്ഞെടുക്കപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം ത്വരിതപ്പെടുത്തുന്നതിന് തന്ത്രപരമായ ഓഹരി വിറ്റഴിക്കാനുള്ള പുതിയ പ്രക്രിയയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ വ്യാഴാഴ്ച വൈകുന്നേരം ചേർന്ന യോഗത്തിൽ ധനമന്ത്രാലയത്തിന് കീഴിലുള്ള നിക്ഷേപ, പബ്ലിക് അസറ്റ് മാനേജ്‌മെന്റ് വകുപ്പിനെ (ദീപം) തന്ത്രപരമായ ഓഹരി വിൽപ്പനയ്ക്കുള്ള നോഡൽ വകുപ്പാക്കി മാറ്റി.
ധനമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല ഓഹരി വില്‍പ്പന സംബന്ധിച്ച് തീരുമാനമെടുക്കുന്ന നോഡല്‍ വകുപ്പാണ് ദീപം. തന്ത്രപരമായ ഓഹരി വില്‍പ്പന നടപ്പാക്കുന്നത് സംബന്ധിച്ചുളള നിര്‍ണായക തീരുമാനമെടുക്കുന്നത് നിതി ആയോഗും ദീപവും ചേര്‍ന്നാണ്. ഇതോടെ ഭാരത് പെട്രോളിയം അടക്കമുളള പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന എളുപ്പമാകും. പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം, ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എസ്സിഐ), കോണ്‍കോര്‍, നീപ്കോ, ടിഎച്ച്ഡിസി തുടങ്ങിയവയുടെ ഓഹരികളാണ് സര്‍ക്കാര്‍ വില്‍പ്പന നടത്തുന്നത്.
ഭാരത് പെട്രോളിയത്തിന്‍റെ 53.29 ശതമാനം വരുന്ന സര്‍ക്കാര്‍ ഓഹരികള്‍ വില്‍ക്കാനാണ് പദ്ധതിയിടുന്നത്. ഇതോടെ ഭാരത് പെട്രോളിയം പൊതുമേഖല എണ്ണക്കമ്പനിയെന്ന പദവി നഷ്ടമായേക്കും. ഷിപ്പിങ് കോര്‍പ്പറേഷന്‍റെ 63.75 ശതമാനം ഓഹരികളും കോണ്‍കോറിന്‍റെ 30 ശതമാനം ഓഹരികളും നീപ്കോയുടെ 100 ശതമാനവും ടിഎച്ച്ഡിസിയുടെ 75 ശതമാനം ഓഹരികളും സര്‍ക്കാര്‍ വിറ്റഴിക്കും.
പൊതുമേഖല ഓഹരി വില്‍പ്പന നടപടികള്‍ വേഗത്തിലാക്കാന്‍ ഈ നടപടിയുടെ പൂര്‍ണ ഉത്തരവാദിത്വം നിതി ആയോഗിനെയും ദീപത്തെയുമാണ് സര്‍ക്കാര്‍ ഏല്‍പ്പിച്ചിരിക്കുന്നത്. രണ്ട് ഘട്ടങ്ങളായുളള ബിഡിങ്ങിലൂടെയാകും കമ്പനികളുടെ ഓഹരി വില്‍പ്പന നടപടികള്‍ പൂര്‍ത്തിയാക്കുക. ആദ്യത്തേത് താല്‍പര്യ പത്രത്തെ അടിസ്ഥാനപ്പെടുത്തിയുളള ബിഡും രണ്ടാമത്തേത് ഫിനാന്‍ഷ്യല്‍ ബിഡുമായിരിക്കും. ബിഡ് ക്ഷണിക്കുന്നതിന് മുന്‍പായി റോഡ് ഷോകളും പ്രീ ബിഡ് യോഗങ്ങളും സംഘടിപ്പിക്കും.
നാല് മുതല്‍ അഞ്ച് മാസം കൊണ്ട് പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന നടപടികള്‍ പൂര്‍ത്തിയാകും. പൊതുമേഖല ഓഹരി വില്‍പ്പനയിലൂടെ ഏകദേശം ഒരു ലക്ഷം കോടി രൂപ (1.05 ലക്ഷം കോടി) സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാരിന്‍റെ ബജറ്റ് കമ്മി ലക്ഷ്യം ജിഡിപിയുടെ 3.3 ശതമാനമായി നിലനിര്‍ത്താന്‍ ഇതിലൂടെ കഴിയുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.