മാംസം, മത്സ്യം, പച്ചക്കറി, ധാന്യം തുടങ്ങിയവയുടെ വില ഉയരുന്നു; റീട്ടെയ്ല്‍ പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നു
പണപ്പെരുപ്പം ഉയർന്നെങ്കിലും റിസർവ് ബാങ്കിന്റെ പ്രഖ്യാപിത ലക്ഷ്യമായ നാല് ശതമാനത്തിൽ താഴെയായി നിരക്ക് പിടിച്ചുനിർത്താൻ സാധിച്ചത് നേട്ടമാണ്.
മുംബൈ: രാജ്യത്ത് ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയ്ൽ പണപ്പെരുപ്പം ഉയർന്നു. ഓഗസ്റ്റിൽ 3.21 ശതമാനമാണ് പണപ്പെരുപ്പം. പത്ത് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പമാണിത്. മാംസം , മത്സ്യം, പച്ചക്കറികൾ, ധാന്യങ്ങൾ തുടങ്ങിയവയുടെ വിലക്കയറ്റമാണ് പണപ്പെരുപ്പം ഉയരാനിടയാക്കിയത്. ജൂലൈയിൽ 3.15 ശതമാനവും 2018 ഓഗസ്റ്റിൽ 3.69 ശതമാനവുമായിരുന്നു പണപ്പെരുപ്പം.
പണപ്പെരുപ്പം ഉയർന്നെങ്കിലും റിസർവ് ബാങ്കിന്റെ പ്രഖ്യാപിത ലക്ഷ്യമായ നാല് ശതമാനത്തിൽ താഴെയായി നിരക്ക് പിടിച്ചുനിർത്താൻ സാധിച്ചത് നേട്ടമാണ്. അതേസമയം വ്യവസായിക ഉത്പാദന വളർച്ച ജൂലൈയിൽ 4.3 ശതമാനമാണ്. കഴിഞ്ഞ എട്ട് മാസത്തിനിടയിലെ ഉയർന്ന നിരക്കാണിത്.