രക്ഷപെടുത്താനാകുമോ റിസര്‍വ് ബാങ്കിന്?, പ്രഖ്യാപനം ബാങ്ക് വായ്പയെടുക്കുന്നവര്‍ക്ക് ഗുണകരമാകുന്നത് എങ്ങനെയാകും
പ്രമുഖ വാര്‍ത്താ മാധ്യമമായ ബ്ലൂബെര്‍ഗ് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 39 സാമ്പത്തിക വിദഗ്ധരും റിപ്പോ നിരക്ക് കുറയ്ക്കുമെന്ന് വിലയിരുത്തിയിരുന്നു. 15 മുതല്‍ 40 ബേസിസ് പോയിന്‍റിന്‍റെ കുറവാണ് പ്രവചിച്ചിരുന്നത്.
റിസര്‍വ് ബാങ്ക് ഒക്ടോബര്‍ മാസത്തെ പണനയ അവലോകന യോഗ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു. റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 25 ബേസിസ് പോയിന്‍റ്സിന്‍റെ (0.25 ശതമാനം) കുറവാണ് വരുത്തിയത്. ഇതോടെ, 5.40 ശതമാനം ആയിരുന്ന റിപ്പോ നിരക്ക് 5.15 ശതമാനം ആയി കുറഞ്ഞു.
റിവേഴ്സ് റിപ്പോ നിരക്ക് 4.9 ശതമാനമായും റിസര്‍വ് ബാങ്ക് നിശ്ചയിച്ചു. റിസര്‍വ് ബാങ്കിന്‍റെ ധനനയ നിലപാട് അക്കോമഡേറ്റീവ് ആയി തുടരാനും മൂന്ന് ദിവസമായി നടന്ന റിസര്‍വ് ബാങ്ക് പണനയ അവലോകന യോഗത്തില്‍ തീരുമാനിച്ചു. രാജ്യത്തിന്‍റെ ഈ സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷിത ജിഡിപി നിരക്കിലും റിസര്‍വ് ബാങ്ക് കുറവ് വരുത്തി. നേരത്തെ 6.9 ആയി നിശ്ചയിച്ചിരുന്ന ജിഡിപി നിരക്ക് 6.1 ശതമാനത്തിലേക്ക് റിസര്‍വ് ബാങ്ക് താഴ്ത്തി.
റിസര്‍വ് ബാങ്കിന്‍റെ റിപ്പോ നിരക്ക് കുറയ്ക്കാനുളള തീരുമാനത്തോട് പണനയ അവലോകന സമിതിയിലെ എല്ലാ അംഗങ്ങളും അനുകൂലമായാണ് വോട്ട് ചെയ്തത്. ഇതോടെ ഈ വര്‍ഷം റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശ നിരക്കില്‍ ആകെ 135 ബേസിസ് പോയിന്‍റ്സിന്‍റെ കുറവാണ് വരുത്തിയത്. കഴിഞ്ഞ പണനയ അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് 35 ബേസിസ് പോയിന്‍റ്സിന്‍റെ കുറവാണ് വരുത്തിയിരുന്നത്. ഇന്നുകൂടി റിപ്പോ നിരക്ക് കുറച്ചതോടെ തുടര്‍ച്ചയായ അഞ്ചാം യോഗത്തിലാണ് റിപ്പോ നിരക്കുകള്‍ വെട്ടിക്കുറയ്ക്കുന്നത്.
പ്രമുഖ വാര്‍ത്താ മാധ്യമമായ ബ്ലൂബെര്‍ഗ് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 39 സാമ്പത്തിക വിദഗ്ധരും റിപ്പോ നിരക്ക് കുറയ്ക്കുമെന്ന് വിലയിരുത്തിയിരുന്നു. 15 മുതല്‍ 40 ബേസിസ് പോയിന്‍റിന്‍റെ കുറവാണ് പ്രവചിച്ചിരുന്നത്. റിപ്പോ നിരക്ക് കുറച്ചതോടെ രാജ്യത്തെ ബാങ്ക് വായ്പയുടെ പലിശ നിരക്കുകളില്‍ വലിയ കുറവുണ്ടായേക്കും. റിസര്‍വ് ബാങ്കിന്‍റെ കര്‍ശന നിലപാടിനെ തുടര്‍ന്ന് വാണിജ്യ ബാങ്കുകള്‍ തങ്ങളുടെ വായ്പ, നിക്ഷേപ പലിശ നിരക്കുകള്‍ റിപ്പോ നിരക്കുമായി ബന്ധിപ്പിക്കുന്ന നടപടികളുമായി മുന്നോട്ട് പോകുകയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐഡിബിഐ ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ നിലവില്‍ വായ്പയുടെ പലിശ നിരക്കുകള്‍ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചു കഴിഞ്ഞു.
ഐഡിബിഐ പലിശ നിരക്കുകള്‍ മാറി
ഐഡിബിഐ ബാങ്ക് ഫ്‌ളോട്ടിങ് നിരക്കിലുള്ള ചെറുകിട, എംഎസ്ഇ വായ്പകളെല്ലാം പോളിസി റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചു. പോളിസി റിപോ നിരക്കുകള്‍ സംബന്ധിച്ച് ഉണ്ടാകുന്ന എല്ലാ മാറ്റങ്ങളും ഉപഭോക്താക്കള്‍ക്ക് കൈമാറുകയും ചെയ്യുമെന്ന് ബാങ്ക് വ്യക്തമാക്കി. 2019 ഒക്ടോബര്‍ ഒന്നു മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു.
രാജ്യം നേരിടുന്ന വളര്‍ച്ചാമുരടിപ്പ് പരിഹരിക്കുകയാണ് റിപ്പോ നിരക്ക് കുറച്ചതിലൂടെ റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നത്. റിപ്പോ നിരക്ക് കുറച്ചതിലൂടെ രാജ്യത്തെ വായ്പ ലഭ്യത വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. ഇത് രാജ്യത്തെ ഉല്‍പാദന മേഖലയെ ശക്തിപ്പെടുത്തുമെന്നും വ്യക്തികളുടെ വാങ്ങല്‍ ശേഷി ഉയര്‍ത്തുമെന്നും സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തിലെ രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് കുറഞ്ഞിരുന്നു. റിസര്‍വ് ബാങ്കിന്‍റെ യോഗ തീരുമാനം രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം.