ഇന്ത്യയുടെ 'സാമ്പത്തിക പ്രശ്നങ്ങള്‍' എങ്ങനെ പരിഹാരിക്കാം, മാര്‍ഗങ്ങള്‍ ആര്‍ബിഐ പറയുന്നു

ഭൂമി, തൊഴില്‍, കൃഷി, വാണിജ്യം തുടങ്ങിയ മേഖലകളിലെ പ്രതിസന്ധി രൂക്ഷമാണ്. ഈ മേഖലകളുമായി ബന്ധപ്പെട്ട പ്രതിസന്ധി എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നാണ് റിപ്പോര്‍ട്ടിലൂടെ റിസര്‍വ് ബാങ്ക് ആവശ്യപ്പെടുന്നത്.

RBI annual report address financial crisis faced by Indian economy

ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയിലെ നിലവിലെ മുരടിപ്പ് ഘടനാപരമായുളളതല്ല, അത് ചാക്രികമായി ഉണ്ടാകുന്നതാണെന്നും റിസര്‍വ് ബാങ്ക്. റിസര്‍വ് ബാങ്കിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. ഇപ്പോള്‍ ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയെ ബാധിച്ചിരിക്കുന്ന വളര്‍ച്ചാ മുരടിപ്പ് പരിഹരിക്കാന്‍ അടിയന്തരമായി പരിഷ്കരണ നടപടികള്‍ ആവശ്യമാണെന്നും വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഭൂമി, തൊഴില്‍, കൃഷി, വാണിജ്യം തുടങ്ങിയ മേഖലകളിലെ പ്രതിസന്ധി രൂക്ഷമാണ്. ഈ മേഖലകളുമായി ബന്ധപ്പെട്ട പ്രതിസന്ധി എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നാണ് റിപ്പോര്‍ട്ടിലൂടെ റിസര്‍വ് ബാങ്ക് ആവശ്യപ്പെടുന്നത്. ഉല്‍പാദനം, വിപണനം, ഹോട്ടല്‍, ഗതാഗതം, ആശയവിനിമയം, വാര്‍ത്താവിതരണം, നിര്‍മാണമേഖല, കൃഷി, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ ഇടങ്ങളിലെ ചാക്രികമായ വളര്‍ച്ചാ മുരടിപ്പ് അപകടകരമാണ്. 

സമ്പദ്‍വ്യവസ്ഥയെ ആകെ പിടികൂടിയിരിക്കുന്ന വളര്‍ച്ചാ മുരടിപ്പ് മാറ്റാനായി ഉപഭോഗത്തില്‍ ഉയര്‍ച്ച കൈവരിക്കുകയും സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കാനും നടപടിയുണ്ടാകണം. ഇതിനോടൊപ്പം അടിസ്ഥാന സൗകര്യമേഖലയില്‍ കൂടുതല്‍ നിക്ഷേപം കൊണ്ടുവരണം. ഇതിന്‍റെ ഭാഗമായി രാജ്യത്തെ ബാങ്കുകളെയും ബാങ്ക് ഇതര ധനകാര്യ വ്യവസ്ഥയെയും കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് പറയുന്നു. 

2024 -25 ല്‍ അഞ്ചുലക്ഷം കോടി ഡോളര്‍ മൂല്യമുളള സമ്പദ്‍വ്യവസ്ഥയായി രാജ്യത്തെ മാറ്റണമെങ്കില്‍ തൊഴില്‍, നികുതി നിയമങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ നടപ്പാക്കി വേഗത്തില്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനുളള സാഹചര്യം ഒരുക്കണമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു. ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളെ പിടികൂടിയിരിക്കുന്ന ഗുരുതരമായ പ്രതിസന്ധിയില്‍ നിന്ന് അവയെ പുറത്തുകൊണ്ടുവരണം. ബാങ്കുകളിലെ കിട്ടാക്കടത്തിന്‍റെ തോതില്‍ കുറവുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2018 മാര്‍ച്ചില്‍ കിട്ടാക്കട തോത് 11.2 ശതമാനമായിരുന്നെങ്കില്‍ ഇപ്പോഴത് 9.1 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 

ഇന്ത്യയിലെ കാര്‍ഷിക മേഖലയ്ക്കായി അടിയന്തര പരിഷ്കാര നടപടികളാണ് വാര്‍ഷിക റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നത്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുളള സര്‍ക്കാര്‍ നടപടികളെ മുന്‍നിര്‍ത്തിയുളള പരിഷ്കാരങ്ങള്‍ക്കാണ് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് മുന്‍ഗണന നല്‍കിയിരിക്കുന്നത്. രാജ്യത്തെ കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിപണി സംവിധാനം പരിഷ്കരിക്കണമെന്നും ഉല്‍പ്പന്നങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനായി കൂടുതല്‍ ശീതീകരണ സംവിധാനങ്ങള്‍ വേണമെന്നും വാര്‍ഷിക റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios