ജിഡിപി നിരക്കുകള്‍ ഇന്ന് പുറത്തുവിടും, ആശങ്കയില്‍ രാജ്യം

ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ ജിഡിപി പാദ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് കൂപ്പുകുത്തി. 

Q2 FY20 GDP rate released today

ദില്ലി: നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദ ജിഡിപി വളർച്ചാ നിരക്കുകള്‍ ഇന്ന് പ്രഖ്യാപിക്കും. ആറ് പാദത്തിന്റെ വളർച്ചയിൽ ഇടിവുണ്ടായതിനുശേഷം, ജിഡിപി വളർച്ച രണ്ടാം പാദത്തിൽ സ്ഥിരത കൈവരിക്കണമെന്ന് സര്‍ക്കാര്‍ കരുതുന്നത്. എന്നാല്‍, വിവിധ റേറ്റിംഗ് ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിനും താഴെ ആയിരുക്കുമെന്നാണ്. 

സെപ്റ്റംബര്‍ 30 ന് അവസാനിച്ച മൂന്ന് മാസത്തെ രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്കാണ് ഇന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിടുന്നത്. മുന്‍ വര്‍ഷം സമാന പാദത്തിന്‍റെ രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനം ആയിരുന്നു. പിന്നീട് ഒക്ടോബര്‍ -ഡിസംബര്‍ കാലയളവില്‍ ഇത് 6.6 ശതമാനത്തിലേക്ക് ഇടിഞ്ഞിരുന്നു, 2018- 19 സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന പാദത്തില്‍ വളര്‍ച്ചാ നിരക്ക് 5.8 ശതമാനത്തിലേക്കും താഴ്ന്നു.

ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ ജിഡിപി പാദ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് കൂപ്പുകുത്തി. 2020 സാമ്പത്തിക വര്‍ഷത്തിലെ സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ വളര്‍ച്ചാ നിരക്ക് 4.3 ശതമാനത്തിനും 4.7 ശതമാനത്തിനും ഇടയിലാകുമെന്നാണ് വിവിധ ഏജന്‍സികളും സാമ്പത്തിക വിദഗ്ധരും കണക്കാക്കുന്നത്. അഞ്ചിന് താഴേക്ക് ഇടിവുണ്ടാകുന്നത് രാജ്യം വളർച്ചാ മാന്ദ്യത്തിന്‍റെ പിടിയിലാണെന്നതിന്‍റെ സൂചനയാണെന്നും സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

രാജ്യത്ത് ഇപ്പോള്‍ ദൃശ്യമാകുന്നത് വളര്‍ച്ചാ മുരടിപ്പാണെന്നാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം രാജ്യസഭയില്‍ അഭിപ്രായപ്പെട്ടത്. ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യമില്ലെന്നും അവര്‍ പാര്‍ലമെന്‍റില്‍ വ്യക്തമാക്കിയിരുന്നു. "നിങ്ങൾ യഥാർത്ഥത്തിൽ സമ്പദ്‌വ്യവസ്ഥയെ വിവേകപൂർണ്ണമായ വീക്ഷണത്തോടെ നോക്കുകയാണെങ്കിൽ, വളർച്ച കുറഞ്ഞുവെന്ന് കാണാം, പക്ഷേ ഇത് ഇതുവരെ മാന്ദ്യമല്ല അല്ലെങ്കിൽ അത് ഒരിക്കലും മാന്ദ്യമാകില്ല". നിര്‍മല സീതാരാമന്‍ രാജ്യസഭയില്‍ പറഞ്ഞു. 

Latest Videos
Follow Us:
Download App:
  • android
  • ios