ജിഡിപി നിരക്ക് ഇന്ന് പുറത്തുവിട്ടേക്കും, വന്‍ ഇടിവുണ്ടായേക്കുമെന്ന് സൂചന
ഇന്നലെ പുറത്തുവന്ന റിസര്‍വ് ബാങ്കിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ടിലും ആദ്യ പാദത്തില്‍ വളര്‍ച്ചാ നിരക്ക് കുറയുമെന്നാണ് അഭിപ്രായപ്പെടുന്നത്.
ദില്ലി: നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2019-20) ആദ്യ പാദത്തിലെ (ഏപ്രില്‍ -ജൂണ്‍) ജിഡിപി നിരക്ക് ഇന്ന് സര്‍ക്കാര്‍ പുറത്തുവിട്ടേക്കും. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്ക് ഓഫീസ് (സിഎസ്ഒ) ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് രാജ്യത്തിന്‍റെ ജിഡിപി നിരക്ക് പുറത്തുവിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏപ്രില്‍ -ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ച നിരക്കില്‍ ഇടിവുണ്ടായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 5.2 ശതമാനത്തിനും 5.7 ശതമാനത്തിനും ഇടയിലായിരിക്കും രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്കെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. 2018 -19 സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന പാദത്തിലെ (ജനുവരി -മാര്‍ച്ച്) രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്ക് 5.8 ശതമാനമായിരുന്നു.
അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ റോയിട്ടേഴ്സിന്‍റെ കണക്കുകള്‍ പ്രകാരം വളര്‍ച്ച നിരക്ക് പ്രസ്തുത പാദത്തില്‍ 5.7 ശതമാനമായിരിക്കുമെന്നാണ്. ഏപ്രില്‍ -ജൂണ്‍ പാദത്തില്‍ രാജ്യം 5.2 ശതമാനം വളര്‍ച്ചാ നിരക്ക് പ്രകടിപ്പിക്കുമെന്നാണ് എച്ച്ഡിഎഫ്സി ബാങ്ക് നടത്തിയ പ്രവചനം. ഇന്നലെ പുറത്തുവന്ന റിസര്‍വ് ബാങ്കിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ടിലും ആദ്യ പാദത്തില്‍ വളര്‍ച്ചാ നിരക്ക് കുറയുമെന്നാണ് അഭിപ്രായപ്പെടുന്നത്. 2018 -19 സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തെക്കാള്‍ 2019 -20 ലെ ആദ്യ പാദത്തില്‍ ജിഡിപി നിരക്കുകളില്‍ ഇടിവുണ്ടാകുമെന്നാണ് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടും വ്യക്തമാക്കുന്നത്.
ഏപ്രില്‍ -ജൂണ്‍ പാദത്തില്‍ രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്ക് 5.5 ശതമാനം ആയിരിക്കുമെന്നാണ് റിസര്‍വ് ബാങ്ക് വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നത്.