പാകിസ്ഥാന്‍ സമ്പദ്‍വ്യവസ്ഥയ്ക്കായി നേരിട്ട് ദൗത്യം ഏറ്റെടുത്ത് കരസേന മേധാവി !, പ്രധാന വിഷയങ്ങളായി മാറി ഈ സംഭവങ്ങള്‍
ബ്ലൂബെര്‍ഗിന്‍റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മൊത്തം മൂന്ന് കൂടിക്കാഴ്ചകള്‍ കറാച്ചിയിലെ സൈനിക ഓഫീസുകള്‍ കേന്ദ്രീകരിച്ച് കരസേന മേധാവിയും ബിസിനസ് രംഗത്തെ പ്രമുഖകരുമായി നടന്നു.
ദില്ലി: ഒരു രാജ്യത്തിന്‍റെ സമ്പദ്‍വ്യവസ്ഥയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കരസേന മേധാവി നേരിട്ട് രംഗത്തിറങ്ങുക. ലോകത്ത് പതിവില്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പാകിസ്ഥാനില്‍ നടക്കുന്നത്. പാക് കരസേന മേധാവി ഖമര്‍ ജാവേദ് ബജ്‍വ പാകിസ്ഥാന്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച് ബിസിനസ് രംഗത്തെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. പാകിസ്ഥാന്‍റെ സമ്പദ്‍വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ വേണ്ട നയസമീപനങ്ങളെ സംബന്ധിച്ച് വിശദമായ ചര്‍ച്ച നടന്നതായാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍.
ബ്ലൂബെര്‍ഗിന്‍റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മൊത്തം മൂന്ന് കൂടിക്കാഴ്ചകള്‍ കറാച്ചിയിലെ സൈനിക ഓഫീസുകള്‍ കേന്ദ്രീകരിച്ച് കരസേന മേധാവിയും ബിസിനസ് രംഗത്തെ പ്രമുഖകരുമായി നടന്നു. എന്നാല്‍, കൂടിക്കാഴ്ചയെ സംബന്ധിച്ച് പാക് പട്ടാളമോ, സര്‍ക്കാരോ പ്രതികരിക്കാന്‍ തയ്യാറായില്ല. ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായാണ് റിപ്പോര്‍ട്ട്.
എന്നാല്‍, കൂടിക്കാഴ്ചയില്‍ പങ്കെടുത്ത ചില ബിസിനസുകാര്‍ കരസേന മേധാവിയുടെ ഇടപെടല്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്ന് വിലയിരുത്തിയതായും വാര്‍ത്തകള്‍ പുറത്തുവന്നു. പ്രധാനമായും രാജ്യത്തെ സമ്പദ്‍വ്യവസ്ഥയെ എങ്ങനെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാം, രാജ്യത്തെ എങ്ങനെ നിക്ഷേപ സൗഹാര്‍ദ്ദമാക്കാം തുടങ്ങിയ വിഷയങ്ങളിലായിരുന്നു ചര്‍ച്ച നടന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍.