രാജ്യത്ത് കര്‍ഷകരെക്കാള്‍ കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത് ദിവസവേതനക്കാര്‍: സര്‍ക്കാരിന്‍റെ കണക്കുകള്‍ ഞെട്ടിക്കുന്നത്

മുൻ വർഷത്തെ അപേക്ഷിച്ച് 5.7 ശതമാനമാണ് ദിവസവേതനക്കാരുടെ ആത്മഹത്യയിലുണ്ടായ വർധനവ്. എല്ലാ സംസ്ഥാനങ്ങളിലുമായി 23,799 പേരാണ് 2015 ൽ ആത്മഹത്യ ചെയ്തത്. 

national crime records bureau report on suicide among blue collar's

ദില്ലി: രാജ്യത്ത് കർഷകരെക്കാൾ കൂടുതൽ ആത്മഹത്യ ചെയ്യുന്നത് ദിവസവേതനക്കാരാണെന്ന് വ്യക്തമാക്കുന്ന കണക്ക് ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ടു. 2016 ൽ മാത്രം 25,164 ദിവസവേതനക്കാരാണ് ആത്മഹത്യ ചെയ്തത്. 11,379 കർഷകരാണ് 2016 ൽ ആത്മഹത്യ ചെയ്തത്.

മുൻ വർഷത്തെ അപേക്ഷിച്ച് 5.7 ശതമാനമാണ് ദിവസവേതനക്കാരുടെ ആത്മഹത്യയിലുണ്ടായ വർധനവ്. എല്ലാ സംസ്ഥാനങ്ങളിലുമായി 23,799 പേരാണ് 2015 ൽ ആത്മഹത്യ ചെയ്തത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയടക്കം, നിരവധി സാമൂഹ്യ സുരക്ഷാ പദ്ധതികൾ സർക്കാരുകൾ ഒരുക്കിയിട്ടും, അതൊന്നും ഇവരുടെ ജീവിതത്തിൽ ചലനങ്ങൾ ഉണ്ടാക്കിയില്ലെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്.

കാർഷിക മേഖലയുടെ തകർച്ചയെ തുടർന്ന് ഇവിടെ നിന്നും വൻതോതിൽ ആളുകൾ മറ്റ് തൊഴിൽ മേഖലയിലേക്ക് കടന്നത് കൊണ്ടാവാം ആത്മഹത്യയുടെ എണ്ണം കൂടിയതെന്നാണ് വിലയിരുത്തൽ. രാജ്യത്ത് കർഷക ആത്മഹത്യ ഉണ്ടാക്കാവുന്ന രാഷ്ട്രീയ തിരിച്ചടികൾ മറികടക്കാൻ വേണ്ടി നടത്തിയ തരംതിരിക്കലാണ് ദിവസവേതനക്കാരുടെ ആത്മഹത്യയിൽ ഇത്രയും വലിയ വർധനവുണ്ടാക്കിയതെന്നും
ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്രയും പേർ ആത്മഹത്യ ചെയ്ത 2016 ൽ പശ്ചിമ ബംഗാളിലും ബീഹാറിലും ഹരിയാനയിലും ഒരൊറ്റ കർഷകൻ പോലും ആത്മഹത്യ ചെയ്തിട്ടില്ലെന്നാണ് ഇവിടുത്തെ സംസ്ഥാന സർക്കാരുകളുടെ റിപ്പോർട്ട്.

ആത്മഹത്യ ചെയ്ത ദിവസവേതനക്കാരുടെ എണ്ണം 2014 ൽ 15,735 മാത്രമായിരുന്നുവെന്നത് ഈ വാദത്തിന് ശക്തിപകരുന്നു. രണ്ട് വർഷത്തിനിടയിൽ 60 ശതമാനം വർധനവാണ് ഇതിൽ ഉണ്ടായത്. അതേസമയം കർഷക ആത്മഹത്യകൾ 12,360 ൽ നിന്ന് 11,379 ലേക്ക് താഴ്ന്നു.

വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. രണ്ട് വർഷത്തിലേറെ വൈകിയാണ് കണക്കുകൾ പുറത്തുവിട്ടതെന്നത് മറ്റൊന്ന്. ഇത് പ്രകാരം രാജ്യത്ത് 2016 ൽ നടന്ന ആത്മഹത്യയിൽ അഞ്ചിലൊന്ന് ഭാഗം ദിവസവേതനക്കാരാണ്. രണ്ടാമതുള്ളത് വീട്ടമ്മമാരാണ്. 16.5 ശതമാനമാണ് ആകെ ആത്മഹത്യ ചെയ്തവരിൽ വീട്ടമ്മമാരുടെ എണ്ണം. ദിവസവേതനക്കാരുടെ ആത്മഹത്യയിൽ തമിഴ്നാടാണ് മുന്നിൽ. ഇവിടെ 4,888 പേരും രണ്ടാമതുള്ള മഹാരാഷ്ട്രയിൽ 3,168 പേരും ആത്മഹത്യ ചെയ്തു.
 

Latest Videos
Follow Us:
Download App:
  • android
  • ios