പത്ത് വർഷത്തിനുള്ളിൽ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് അന്താരാഷ്ട്ര ബാങ്ക്

കോർപറേറ്റ് നികുതി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടി ഇന്ത്യയിലേക്ക് കൂടുതൽ വിദേശനിക്ഷേപം എത്താൻ കാരണമാകുമെന്നു റിപ്പോർട്ട് പറയുന്നു. 

indian economy likely to grow to 7 trillion by 2030 deutsche bank

ദില്ലി: സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന ഇന്ത്യയ്ക്ക് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന മറ്റൊരു റിപ്പോർട്ട് കൂടി പുറത്ത്. ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡ്യുഷെ(Deutsche) ബാങ്കിന്റേതാണ് ഈ റിപ്പോർട്ട്. 2030ടെ ഇന്ത്യയുടെ സമ്പദ് വ്യവസ്‌ഥ ഏഴ് ലക്ഷം കോടി ഡോളർ വലിപ്പം കൈവരിക്കുമെന്ന റിപ്പോർട്ട് പറയുന്നു. അതായത് 2020 മുതൽ 2030 വരെയുള്ള പത്ത് വർഷം ശരാശരി 10 ശതമായിരിക്കും വളർച്ച.

ഇന്ത്യയുടെ ജിഡിപി ഇപ്പോൾ മൂന്നു ലക്ഷം കോടി ഡോളറാണ്. ഇത് 2030ടെ ഏഴ് ലക്ഷം കോടി ഡോളർ ആകണമെങ്കിൽ സാമ്പത്തിക രംഗത്ത് വരുന്ന പത്തു വർഷം കൊണ്ട് അതിശക്തമായ മുന്നേറ്റം രാജ്യം കാഴ്ചവെയ്ക്കേണ്ടതുണ്ട്.

കോർപറേറ്റ് നികുതി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടി ഇന്ത്യയിലേക്ക് കൂടുതൽ വിദേശനിക്ഷേപം എത്താൻ കാരണമാകുമെന്നു റിപ്പോർട്ട് പറയുന്നു. നോട്ട് നിരോധനം, ജിഎസ്ടി എന്നിവയുടെ ആനുകൂല്യം അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തേകുമെന്നും റിപ്പോർട്ടിലുണ്ട്.

2026 ൽ ജർമ്മനിയെ മറികടന്ന് ഇന്ത്യ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന,  ബ്രിട്ടൻ ആസ്ഥാനമായ സെന്റർ ഫോർ ഇക്കണോമിക്സ് ആന്റ് ബിസിനസ് റിസർച്ച്‌ റിപ്പോർട്ട് കഴിഞ്ഞ ആഴ്ചയാണ് പുറത്തുവന്നത്. ജപ്പാനെ മറികടന്ന് 2034 ൽ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. 2026 ൽ ഇന്ത്യ അഞ്ച് ട്രില്യൺ യുഎസ് ഡോളർ വലിപ്പമുള്ള സാമ്പത്തിക ശക്തിയാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അടുത്ത 15 വർഷം മൂന്നാം സ്ഥാനത്തിന് വേണ്ടി ഇന്ത്യയും ജപ്പാനും ജർമ്മനിയും തമ്മിൽ ശക്തമായ മത്സരം നടക്കുമെന്നും ആത്യന്തിക വിജയം ഇന്ത്യയ്ക്കായിരിക്കുമെന്നുമാണ് റിപ്പോർട്ട് വ്യക്തമാക്കിയത്. ഇന്ത്യയ്ക്ക് 2024 ൽ അഞ്ച് ട്രില്യൺ ഡോളർ വലിപ്പമുള്ള സാമ്പത്തിക ശക്തിയാകാനാവില്ല. പക്ഷെ 2026 ൽ ആ ലക്ഷ്യം നേടാനാവുമെന്നും റിപ്പോർട്ട് സമർത്ഥിച്ചിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios