ഷിഫ്റ്റുകള്‍ വെട്ടിക്കുറയ്ക്കുന്നു, കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടമായേക്കും: ഓട്ടോമൊബൈല്‍ മേഖലയില്‍ പ്രതിസന്ധി കനക്കുന്നു

2018 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ കാർ വിൽപ്പന 23.3 ശതമാനമാണ് കുറഞ്ഞത്. 2004 ന് ശേഷമുള്ള ത്രൈമാസ വിൽപ്പനയിലെ ഏറ്റവും വലിയ സങ്കോചമാണിത് (സെന്‍റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി ഡേറ്റാ ബേസ് പ്രകാരം). 

Indian automobile sector face serious crisis due to economic slow down

ഇന്ത്യ ഓട്ടോമൊബൈല്‍ മേഖല വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. പല വാഹന നിര്‍മാതാക്കളും ചെലവുകള്‍ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഉല്‍പാദനം നിര്‍ത്തിവയ്ക്കേണ്ട അവസ്ഥയിലേക്ക് നീങ്ങുന്നതായാണ് സൂചന. ഇതിന് പുറമേ ഷിഫ്റ്റുകളുടെ എണ്ണത്തിലും മിക്ക നിര്‍മാണ കേന്ദ്രങ്ങളിലും കുറവ് വരുത്തി.

ഓഗസ്റ്റ് മാസത്തില്‍ ടൊയോട്ട, ഹ്യുണ്ടായ് തുടങ്ങിയ വാഹന നിര്‍മാതാക്കള്‍ ഉല്‍പാദനത്തില്‍ കുറവ് വരുത്തി. ചെലവുകള്‍ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് ഈ ഭേദഗതികളെന്നാണ് കമ്പനികള്‍ പറയുന്നത്. 

ജൂലൈ മാസത്തില്‍ തുടര്‍ച്ചായായി ഒന്‍പതാം മാസത്തിലും ഇന്ത്യന്‍ വാഹന വിപണിയില്‍ വലിയ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സ്ഥിതി ഗുരുതരമാകുന്ന പക്ഷം കൂടുതല്‍ താല്‍ക്കാലിക ജീവനക്കാരുടെ ജോലി നഷ്ടപ്പെട്ടേക്കുമെന്നാണ് വിപണി നിരീക്ഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഓഗസ്റ്റ് 16, 17 തീയതികളില്‍ ടൊയോട്ട തങ്ങളുടെ ബാംഗ്ലൂര്‍ പ്ലാന്‍റുകളിലെ ഉല്‍പാദനം നിര്‍ത്തിവച്ചിരുന്നു. കഴിഞ്ഞ മാസം ആകെ അഞ്ച് ദിവസം ഉല്‍പ്പാദനം നിര്‍ത്തിവെച്ചതായി ടൊയോട്ട ഇന്ത്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ എന്‍ രാജ പറയുന്നു. 7,000 ത്തോളം വാഹനങ്ങള്‍ ഫാക്ടറികളില്‍ കെട്ടിക്കിടക്കുന്നതാണ് ഇതിന് കാരണം. ജാപ്പനീസ് വാഹന നിര്‍മാണക്കമ്പനിയാണ് ടൊയോട്ട. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടയും ദിവസങ്ങളോളം തങ്ങളുടെ ഉല്‍പാദനം നിര്‍ത്തിവയ്ക്കുകയുണ്ടായി. ബോഡി ഷോപ്പ്, പെയിന്‍റ് ഷോപ്പ്, എന്‍ജിന്‍ -ട്രാന്‍സ്മിഷന്‍ വിഭാഗങ്ങളിലായാണ് കഴിഞ്ഞ മാസം ഉല്‍പാദനം നിര്‍ത്തിവച്ചത്. എന്നാല്‍, തൊഴിലാളികള്‍ക്ക് ആര്‍ക്കും ജോലി നഷ്ടപ്പെടില്ലെന്ന് ഹ്യുണ്ടയ് വ്യക്തമാക്കി.   

2018 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ കാർ വിൽപ്പന 23.3 ശതമാനമാണ് കുറഞ്ഞത്. 2004 ന് ശേഷമുള്ള ത്രൈമാസ വിൽപ്പനയിലെ ഏറ്റവും വലിയ സങ്കോചമാണിത് (സെന്‍റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി ഡേറ്റാ ബേസ് പ്രകാരം). കാര്‍ വിപണിയിലുണ്ടായ ഇടിവ് ടയര്‍ നിര്‍മാതാക്കള്‍, സ്റ്റീല്‍ വ്യവസായികള്‍, സ്റ്റീയറിംഗ് നിര്‍മാതാക്കള്‍ തുടങ്ങിയവരെയും വലിയ രീതിയില്‍ ബാധിച്ചു. ഇതിനൊപ്പം വാഹന വായ്പകളുടെ കാര്യത്തിലും ഇടിവുണ്ടായി. വാഹന വായ്പകളുടെ വളര്‍ച്ച 5.1 ശതമാനം മാത്രമാണ്. അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ച നിരക്കാണിത്.

മാരുതി സുസുക്കിക്ക് ഓഹരി ഉടമസ്ഥതതയുളള വാഹന ബോഡി കംപോണന്‍റുകള്‍ നിര്‍മിക്കുന്ന ബെല്‍സോണിക്ക 350 ല്‍ അധികം താല്‍ക്കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. വാഹനങ്ങളുടെ ഘടകങ്ങള്‍ നിര്‍മിക്കുന്ന കമ്പനികളും വാഹന നിര്‍മാതാക്കളും ഡീലര്‍മാരും അടക്കം ഇതിനകം മൂന്നര ലക്ഷം തൊഴിലുകള്‍ വെട്ടിക്കുറച്ചതായാണ് റിപ്പോര്‍ട്ടുക്കള്‍. 

രാജ്യത്തെ ഇരുചക്ര വാഹന വിപണിയില്‍ 2019 ഏപ്രില്‍ -ജൂണ്‍ വരെയുളള കാലത്ത് 11.7 ശതമാനം ഇടിവ് നേരിട്ടു. 2008 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുളള പാദത്തില്‍ ഉണ്ടായതിന് ശേഷമുളള ഏറ്റവും വലിയ ഇടിവാണ് രാജ്യത്തെ ഇരുചക്ര വാഹന വിപണി നേരിടുന്നത്.  
 

Latest Videos
Follow Us:
Download App:
  • android
  • ios