ഇന്ത്യ 2026ൽ ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് റിപ്പോർട്ട്
ബ്രിട്ടൻ ആസ്ഥാനമായ സെന്‍റര്‍ ഫോർ ഇക്കണോമിക്സ് ആന്‍ഡ് ബിസിനസ് റിസർച്ചാണ് റിപ്പോർട്ട് പുറത്തുവിട്ടത്
ദില്ലി: ഇന്ത്യ 2026ൽ ജർമ്മനിയെ മറികടന്ന് നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് റിപ്പോർട്ട്. ജപ്പാനെ മറികടന്ന് 2034ൽ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്നും റിപ്പോർട്ടിലുണ്ട്. ബ്രിട്ടൻ ആസ്ഥാനമായ സെന്‍റര്‍ ഫോർ ഇക്കണോമിക്സ് ആന്‍ഡ് ബിസിനസ് റിസർച്ചാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 2026ൽ ഇന്ത്യ അഞ്ച് ട്രില്യൺ യുഎസ് ഡോളർ വലിപ്പമുള്ള സാമ്പത്തിക ശക്തിയാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇന്ത്യ 2019ൽ ബ്രിട്ടനെയും ഫ്രാൻസിനെയും മറികടന്ന് ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി. 2026ൽ ജർമ്മനിയെ ഇന്ത്യ മറികടക്കും. 2034ൽ ജപ്പാനെയും മറികടക്കും. 'വേൾഡ് ഇക്കണോമിക് ലീഗ് ടേബിൾ 2020' എന്ന് പേരിട്ട റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കുന്നത്.
അടുത്ത 15 വർഷം മൂന്നാം സ്ഥാനത്തിന് വേണ്ടി ഇന്ത്യയും ജപ്പാനും ജർമ്മനിയും തമ്മിൽ ശക്തമായ മത്സരം നടക്കുമെന്നും ആത്യന്തിക വിജയം ഇന്ത്യയ്ക്കായിരിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യയ്ക്ക് 2024 ൽ അഞ്ച് ട്രില്യൺ ഡോളർ വലിപ്പമുള്ള സാമ്പത്തിക ശക്തിയാകാനാവില്ല. പക്ഷെ 2026ൽ ആ ലക്ഷ്യം നേടാനാവുമെന്നും റിപ്പോർട്ട് സമർത്ഥിക്കുന്നു.
അതേസമയം ആഗോള സാമ്പത്തിക ഭൂപടത്തിൽ അമേരിക്കയുടെയും ചൈനയുടെയും സ്വാധീനത്തിന് അടുത്ത കാലത്തൊന്നും ഇളക്കംതട്ടില്ല. ഇന്ത്യയുടെ സാമ്പത്തിക വളർച്ചാനിരക്ക് സെപ്‌റ്റംബറിൽ അവസാനിച്ച സാമ്പത്തികപാദത്തിൽ 4.5 ശതമാനമായത് തിരിച്ചടിയാണ്. കൂടുതൽ കരുത്തുറ്റ സാമ്പത്തിക പരിഷ്‌കരണ നടപടികൾ ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.