ഗയാനയില്‍ കണ്ണുവച്ച് ഇന്ത്യ: ഇറാന് പകരം ലാറ്റിന്‍ അമേരിക്കന്‍ മേഖലയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ ചടുല നീക്കങ്ങള്‍
അടുത്തകാലത്ത് വലിയതോതില്‍ എണ്ണ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങള്‍ കൂടിയാണ് ഗയാന. ഇതോടൊപ്പം വെനസ്വലയുമായി അതിര്‍ത്തി പങ്കിടുന്ന ഗയാനയുടെ പ്രദേശങ്ങളിലും വന്‍ എണ്ണ നിക്ഷേപമുണ്ട്.
ദില്ലി: അമേരിക്കയുടെ ഉപരോധത്തെ തുടര്‍ന്ന് എണ്ണ ലഭ്യതയില്‍ കുറവ് ഉണ്ടാകാതിരിക്കാനുളള നീക്കങ്ങള്‍ ഇന്ത്യ ശക്തിപ്പെടുത്തി. താല്‍ക്കാലികമായി സൗദി അറേബ്യയെപ്പോലെയുളള ഇന്ത്യയ്ക്ക് എണ്ണ വില്‍ക്കുന്ന രാജ്യങ്ങളെ കൂടുതല്‍ എണ്ണയ്ക്കായി സമീപിക്കാനും ഭാവിയില്‍ മറ്റ് വിപണികളിലേക്ക് വ്യാപിക്കാനുമാണ് ഇന്ത്യയുടെ ആലോചന. ഇതിന്‍റെ ഭാഗമായി ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഗയാനയിലെ എണ്ണപ്പാടങ്ങളെ കൂടുതല്‍ ആശ്രയിക്കാന്‍ രാജ്യത്തിന് ആലോചനയുണ്ട്.
അടുത്തകാലത്ത് വലിയതോതില്‍ എണ്ണ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങള്‍ കൂടിയാണ് ഗയാന. ഇതോടൊപ്പം വെനസ്വലയുമായി അതിര്‍ത്തി പങ്കിടുന്ന ഗയാനയുടെ പ്രദേശങ്ങളിലും വന്‍ എണ്ണ നിക്ഷേപമുണ്ട്. ലോകത്തെ ഏറ്റവും വലിയ ഊര്‍ജോല്‍പാദക കമ്പനികളില്‍ ഒന്നായ എക്സോണ്‍ മൊബീല്‍ ഗയാനയുടെ സ്റ്റാബ്രോക്ക് പ്രദേശത്ത് ഏകദേശം അഞ്ച് ബില്യണ്‍ ബാരല്‍ എണ്ണ നിക്ഷേപം ഉണ്ടാകാമെന്ന് പുറം ലോകത്തെ അറിയിച്ചതോടെയാണ് ഗയാന ലോക ശ്രദ്ധയിലേക്ക് എത്തിയത്. ഈ മേഖലകളെ ഗുണപരമായി ഉപയോഗിച്ച് ക്രൂഡ് പ്രതിസന്ധിക്ക് ദീര്‍ഘകാല പരിഹാരമാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്.
ഇതോടൊപ്പം ലാറ്റിനമേരിക്കന്‍ മേഖലയിലെ മറ്റ് ചില രാജ്യങ്ങളുമായും ഇന്ത്യ എണ്ണ വ്യാപാരത്തെ സംബന്ധിച്ച് അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തി വരുന്നതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. മെയ് രണ്ട് മുതലാണ് ഇറാന്‍റെ മേല്‍ അമേരിക്ക പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിയത്. ഇതോടെ ഇന്ത്യ ഉള്‍പ്പടെയുളള രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്ന് എണ്ണ വാങ്ങുക ദുഷ്കരമായി.