എന്‍റെ ജോലി രാഷ്ട്രീയമല്ല, ചോദിച്ചിരുന്നെങ്കില്‍ ബിജെപിക്കും ഉപദേശം നല്‍കുമായിരുന്നു: അഭിജിത് ബാനര്‍ജി
അഭിജിത്തിന്‍റേത് ഇടതുപക്ഷ ചായ്‍വുള്ള ആശയങ്ങളും പദ്ധതികളും ഇന്ത്യന്‍ ജനത തള്ളിക്കളഞ്ഞതാണെന്ന കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്‍റെ പ്രസ്താവനക്ക് തൊട്ടുപിന്നാലെ ദേശീയമാധ്യമമായ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് അഭിജിത് ബാനര്‍ജി തന്‍റെ നിലപാട് വ്യക്തമാക്കിയത്.
ദില്ലി: രാഷ്ട്രീയം നോക്കിയല്ല തന്‍റെ പ്രവര്‍ത്തനമെന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം നേടിയ അഭിജിത് ബാനര്‍ജി. ചോദിച്ചിരുന്നെങ്കില്‍ യൂണിവേഴ്സല്‍ ബേസിക് ഇന്‍കം-യുബിഐ(ആഗോള അടിസ്ഥാന വരുമാനം) സംബന്ധിച്ച ഉപദേശം ബിജെപിക്കും നല്‍കുമായിരുന്നുവെന്നും രാഷ്ട്രീയമല്ല തന്‍റെ ജോലിയെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിന്‍റെ പ്രകടന പത്രികയിലെ ന്യായ് പദ്ധതിയുടെ ഉപദേഷ്ടകനായിരുന്നു അഭിജിത് ബാനര്‍ജി.
അഭിജിത്തിന്‍റേത് ഇടതുപക്ഷ ചായ്‍വുള്ള ആശയങ്ങളും പദ്ധതികളും ഇന്ത്യന്‍ ജനത തള്ളിക്കളഞ്ഞതാണെന്ന കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്‍റെ പ്രസ്താവനക്ക് തൊട്ടുപിന്നാലെ ദേശീയമാധ്യമമായ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് അഭിജിത് ബാനര്‍ജി തന്‍റെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയില്‍ ജീവിക്കുന്ന ഒരു വ്യക്തിക്ക് ഒരുവര്‍ഷത്തില്‍ ലഭിക്കേണ്ട മാന്യമായ വരുമാനം എത്രയാണെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ ചോദ്യം. വെല്ലുവിളി നിറഞ്ഞതായിരുന്നു കോണ്‍ഗ്രസിന്‍റെ ചോദ്യം. ഏറെ പഠനങ്ങള്‍ക്ക് ശേഷമാണ് 72,000 രൂപ എന്നുത്തരം നല്‍കിയത്. ഇതേ ചോദ്യം ബിജെപി ചോദിക്കുകയാണെങ്കില്‍ അവര്‍ക്കും ഇതേ ഉത്തരം നല്‍കുമായിരുന്നു.
മികച്ച നയങ്ങള്‍ രാഷ്ട്രീയത്തിന്‍റെ പേരില്‍ തടയുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി നോക്കിയല്ല പ്രവര്‍ത്തനം. നിരവധി സംസ്ഥാന സര്‍ക്കാറുകളുടെ നയങ്ങള്‍ മികച്ചതാണ്. ഒരുപാര്‍ട്ടിക്ക് മാത്രം ഉപദേശം എന്നത് തങ്ങളുടെ ശൈലിയല്ല. ഗുജറാത്ത്, ഹരിയാന, തമിഴ്നാട്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അഭിജിത്തിനൊപ്പം നൊബേല്‍ പങ്കിട്ട ഭാര്യ എസ്തേര്‍ ദഫ്ലോ പറഞ്ഞു. ഏല്‍പ്പിച്ച ജോലി കൃത്യമായി ചെയ്യുകയാണെന്നു സംസ്ഥാന സര്‍ക്കാറുകളുമായി നല്ല സൗഹൃദത്തിലാണെന്നും ഇരുവരും വ്യക്തമാക്കി.
അതേസമയം, ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹയും അഭിജിത് ബാനര്‍ജിക്കെതിരെ രംഗത്തെത്തി. വിദേശിയായ രണ്ടാം ഭാര്യയുള്ളവര്‍ക്കാണ് നൊബേല്‍ സമ്മാനം ലഭിക്കാന്‍ സാധ്യത കൂടുതല്‍. നൊബേല്‍ സമ്മാനം ലഭിക്കാന്‍ വിദേശിയായ രണ്ടാം ഭാര്യ വേണമെന്നത് മാനദണ്ഡമാണോ എന്ന് സംശയമുണ്ട്. ഇന്ത്യന്‍ ജനത കൈയൊഴിഞ്ഞ ഇടതുപാതയിലൂടെ സാമ്പത്തിക ശാസ്ത്രം കൊണ്ടുപോകാനാണ് അഭിജിത് ബാനര്‍ജിയെപ്പോലുള്ളവര്‍ ശ്രമിക്കുന്നതെന്നും സിന്‍ഹ ആരോപിച്ചിരുന്നു.