സ്വര്‍ണത്തിന്‍റെ ഹാള്‍മാര്‍ക്കിങ്: കേരളത്തിലെ ജ്വല്ലറികളുടെ അവസ്ഥയെന്ത്?; രാജ്യത്തെ സ്വര്‍ണ വ്യാപാരം മാറാന്‍ പോകുന്നു

നിരവധി വിദേശ രാജ്യങ്ങളില്‍ 21 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ ലഭ്യമാണ്. ഇവ ഇന്ത്യയിലേക്ക് എത്തുന്നുണ്ട്. അതിനാല്‍ ഇവയുടെ വില്‍പ്പന അനുവദിക്കണമെന്നാണ് ജ്വല്ലറി ഉടമകളുടെ ആവശ്യം. 

hallmarking of gold jewellery, a detailed analysis of jewellery industry in India

2021 ജനുവരി മുതൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ഹാൾ മാർക്ക് മുദ്രയില്ലാതെ രാജ്യത്ത് സ്വർണാഭരണങ്ങൾ വിൽക്കുന്നത് കുറ്റകരമാണ്. എന്നാല്‍, ഇത്തരമൊരു പ്രഖ്യാപനം നടത്തുന്നതിന് മുമ്പായി അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ജ്വല്ലറി ഉടമകളും നിര്‍മാതാക്കളും പറയുന്നു. രാജ്യത്ത് അഞ്ചുലക്ഷത്തോളം സ്വർണവ്യാപാരികളാണുള്ളത്. ഒരു ലക്ഷത്തോളം നിർമാതാക്കളും ആയിരക്കണക്കിന് ഹോൾസെയിൽ ഡീലർമാരും ഈ മേഖലയിൽ പ്രവര്‍ത്തിക്കുന്നുണ്ട്.
 

27,000 ഓളം സ്വർണവ്യാപാരികൾ മാത്രമാണ് രാജ്യത്ത് ഹാൾമാർക്കിങ് ലൈസൻസ് എടുത്തിട്ടുള്ളത്. രാജ്യത്തൊട്ടാകെ 900 ൽ താഴെ ഹാൾമാർക്കിങ് സെന്ററുകൾ മാത്രമാണിന്നുളളത്. ഇത്തരം ഹാള്‍മാര്‍ക്കിങ് സെന്‍ററുകളെല്ലാം സ്വകാര്യ വ്യക്തികളുടേതാണ്. സർക്കാർ മേഖലയിൽ പേരിന് പോലും ഹാള്‍മാര്‍ക്കിങ് സെന്‍ററുകളില്ല. അതിനാല്‍ ഹാൾമാർക്കിങ് സെന്ററുകളുടെ എണ്ണം അടിയന്തരമായി വര്‍ധിപ്പിച്ചില്ലെങ്കില്‍ വ്യവസായത്തില്‍ വലിയ പ്രതിസന്ധിക്ക് അത് കാരണമായേക്കും.

ഹാള്‍മാര്‍ക്കിങിന്‍റെ കാര്യത്തില്‍ നിലവില്‍ ജ്വല്ലറികളിലുളള സ്റ്റോക്കുകളുടെ കാര്യത്തില്‍ മാത്രമാണ് ഇളവുകളുളളത്. പുതിയ ആഭരണങ്ങളെല്ലാം ഹാള്‍മാര്‍ക്ക് മുദ്രയോടെ മാത്രമേ രാജ്യത്ത് വില്‍ക്കാന്‍ പാടൊള്ളു. 14, 18, 22 കാരറ്റില്‍ വരുന്ന സ്വര്‍ണാഭരണങ്ങളായിരിക്കണം ഇവയെന്നും പുതിയ സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു. രാജ്യത്തെ പകുതിയിലേറെ സ്വർണ്ണ വ്യാപാരികൾക്കും നിലവില്‍ ഹാള്‍മാര്‍ക്കിങ് ലൈസൻസ് ഇല്ലെന്നത് വ്യവസായത്തിന്‍റെ ആശങ്ക വര്‍ധിപ്പിക്കുന്നു. 

hallmarking of gold jewellery, a detailed analysis of jewellery industry in India

ഉപഭോക്താക്കള്‍ പരാതിയുമായി എത്തിയേക്കാം

രാജ്യത്ത് ഏറ്റവും കൂടുതല്‍ ഹാള്‍മാര്‍ക്കിങ് സെന്‍ററുകളുളളത് മഹാരാഷ്ട്രയിലാണ്, 122 എണ്ണം. രണ്ടാം സ്ഥാനത്തുളള പശ്ചിമ ബംഗാളില്‍ 102 സെന്‍ററുകളുണ്ട്. എന്നാല്‍, ഉത്തര്‍പ്രദേശില്‍ 44 സെന്‍ററുകള്‍ മാത്രമാണുളളത്. ബീഹാറില്‍ ഹാള്‍മാര്‍ക്ക് സെന്‍ററുകളുടെ എണ്ണം 25 ആണ്. കേരളത്തില്‍ 69 ഹാള്‍മാര്‍ക്കിങ് സെന്‍റുകളുണ്ട്. 

2019 നവംബറിലെ കണക്കുകള്‍ പ്രകാരം കേരളത്തിലെ 2,162 ജ്വല്ലറികള്‍ക്ക് ഹാള്‍മാര്‍ക്ക് ലൈസന്‍സ് ഉണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഹാള്‍മാര്‍ക്ക് ജ്വല്ലറികളുളളത്. 4,549 എണ്ണം. ബീഹാറില്‍ 728 ഉം ഉത്തര്‍പ്രദേശില്‍ 817 ഉം മാത്രം ജ്വല്ലറികള്‍ക്കാണ് ഹാള്‍മാര്‍ക്ക് ലൈസന്‍സ് ഉളളത്. എന്നാല്‍,  ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആകെ ജ്വല്ലറികളുടെ എണ്ണം ഹാള്‍മാര്‍ക്ക് ജ്വല്ലറികളുടെ ഇരട്ടിയിലധികമാണ്. പശ്ചിമ ബംഗാളില്‍ ഹാള്‍മാര്‍ക്ക് ജ്വല്ലറികളുടെ എണ്ണം 3,415 ആണ്.    
 
"നിർമ്മാതാക്കളും ഹാൾമാർക്കിങ് സെന്ററുകളും ചേർന്ന് ഹാൾ മാർക്ക് ചെയ്തു തരുന്ന സ്വർണ്ണാഭരണങ്ങളിൽ പരിശുദ്ധി കുറവ് വന്നാൽ അതിന്റെ ഉത്തരവാദിത്വം വ്യാപാരികൾക്ക് മാത്രമാണെന്ന നിബന്ധന എടുത്തുകളയണം. ഹാൾമാർക്ക് ചെയ്ത സ്വർണാഭരണങ്ങൾ വിൽക്കുന്നതിന് ലൈസൻസ് നിർബന്ധമാണെന്ന വ്യവസ്ഥ പിൻവലിക്കണം. സര്‍ക്കാര്‍ പുതിയ നിര്‍ദ്ദേശത്തില്‍ നിർമ്മാതാക്കളെയും ഹോൾസെയിൽ ഡീലർമാരെയും ഹാൾമാർക്കിങ് പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇവരിൽ നിന്നാണ് വ്യാപാരികൾ സ്വർണാഭരണങ്ങൾ വാങ്ങി വിൽക്കുന്നത്. അതിനാല്‍ നിർമ്മാതാക്കളെയും ഹോൾസെയിൽ ഡീലർമാരെയും ഹാൾമാർക്കിങ് പരിധിയിൽ ഉൾപ്പെടുത്തണം. സ്വർണാഭരണത്തിലുള്ള പരിശുദ്ധിയിൽ കുറവ് വന്നാൽ അതിന് ഉത്തരവാദികൾ നിർമ്മാതാക്കളും ഹാൾമാർക്കിങ് സെൻസറുകളും തന്നെയാണ്." ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ്  അസോസിയേഷൻ(AKGSMA) സംസ്ഥാന ട്രഷററും ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ(GJC) ദേശീയ ഡയറക്ടറുമായ അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.

ഉപഭോക്താക്കൾ എപ്പോഴും വ്യാപാരികളോടാണ് ആദ്യം പരാതി പറയുന്നത് എന്നുള്ള പഴുത് ഉപയോഗിച്ച് നിർമാതാവും ഹാൾമാർക്കിങ് സെന്ററും  രക്ഷപ്പെടാൻ ഇത് കാരണമായേക്കുമെന്നും അദ്ദേഹം പറയുന്നു. 

hallmarking of gold jewellery, a detailed analysis of jewellery industry in India

നിയമത്തില്‍ വ്യക്തത വേണം

നാല് ഗ്രാമിൽ താഴെയുള്ള ആഭരണങ്ങൾ ഹാൾമാർക്കിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണം. ജി എസ് ടി സംവിധാനം അനുസരിച്ച് 40 ലക്ഷം രൂപയിൽ താഴെ വിറ്റുവരവുള്ളവർക്ക് രജിസ്ട്രേഷൻ ആവശ്യമില്ലെന്ന് സർക്കാർ ഉത്തരവുള്ളതിനാൽ, 40 ലക്ഷം രൂപയിൽ താഴെ വിറ്റുവരവുള്ളവരെ എങ്ങനെ ഹാൾമാർക്കിങ് പരിധിയിൽ ഉൾപ്പെടുത്താൻ കഴിയും, ഹാൾമാർക്കിങ് രജിസ്ട്രേഷന് അപേക്ഷ നൽകണമെങ്കിൽ ജി എസ് ടി രജിസ്ട്രേഷൻ നിർബന്ധമാണ് താനും ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്ത വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
സ്വര്‍ണത്തിന്‍റെ മാറ്റ് ഉറപ്പാക്കുന്ന ഗുണമേന്മാ മുദ്രയായ ഹാൾമാർക്കിങ് നിർബന്ധമാക്കുന്നത് സ്വാഗതാര്‍ഹമാണെന്നാണ് കേരളത്തിലെ ജ്വല്ലറി ഉടകകള്‍ പറയുന്നത്. എന്നാല്‍, ഇതിന് കൂടുതല്‍ സാവകാശവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാനുളള നടപടികളും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും അവര്‍ പറയുന്നു. 

ഏറ്റവും കൂടുതൽ ഹാൾമാർക്ക് ലൈസൻസ് എടുത്ത വ്യാപാരികൾ ഉള്ള സംസ്ഥാനമാണ് കേരളം. കേരളത്തിൽ വിൽക്കപ്പെടുന്ന സ്വർണാഭരണങ്ങൾ 90 ശതമാനവും ഹാൾമാർക്ക് ചെയ്തതാണ്. എന്നാൽ ചില വൻകിട കോർപ്പറേറ്റുകൾ ഹാൾമാർക്കിങ് മുദ്ര ഇല്ലാത്ത സ്വർണാഭരണങ്ങളാണ് രാജ്യമെമ്പാടും വിൽക്കുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും ജ്വല്ലറി ഉടമകള്‍ അഭിപ്രായപ്പെട്ടു.

വിദേശത്ത് നിന്ന് വരുന്ന 21 കാരറ്റ് സ്വര്‍ണം
 
ഉപഭോക്താക്കളെ ബോധവൽക്കരിക്കുന്ന പ്രചരണങ്ങൾ വളരെ കുറവാണെന്ന പരാതിയും ഉയരുന്നുണ്ട്. ബോധവല്‍ക്കരണത്തിലെ കുറവ് മൂലം പഴയ സ്വര്‍ണാഭരണങ്ങള്‍ ഇനി വില്‍ക്കാനോ മാറ്റിവാങ്ങാനോ സാധിക്കില്ലന്ന തരത്തിലുളള വ്യാജ പ്രചരണങ്ങള്‍ക്ക് കാരണമായിരുന്നു. ഉപഭോക്താക്കളുടെ കൈവശമുള്ള ഏത് കാരറ്റ് സ്വർണാഭരണങ്ങളും രാജ്യത്ത് വിൽക്കുന്നതിനോ മാറ്റി വാങ്ങുന്നതിനോ പണയം വയ്ക്കുന്നതിനോ  തടസ്സമില്ല. പുതിയ ഹാള്‍മാര്‍ക്കിങ് രീതിയിലേക്ക് 21, 24 കാരറ്റുകളെക്കൂടി ഉള്‍പ്പെടുത്തണമെന്നും ജ്വല്ലറി ഉടമകളില്‍ നിന്ന് ആവശ്യമുയരുന്നുണ്ട്. 

നിരവധി വിദേശ രാജ്യങ്ങളില്‍ 21 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ ലഭ്യമാണ്. ഇവ ഇന്ത്യയിലേക്ക് എത്തുന്നുണ്ട്. അതിനാല്‍ ഇവയുടെ വില്‍പ്പന അനുവദിക്കണമെന്നാണ് ജ്വല്ലറി ഉടമകളുടെ ആവശ്യം. എന്നാല്‍, 21 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ ഉപഭോക്താക്കളുടെ കൈയില്‍ നിന്ന് വാങ്ങാന്‍ ജ്വല്ലറികള്‍ക്ക് തടസ്സമില്ല. ഇക്കഴിഞ്ഞ ജനുവരി 15 നാണ് രാജ്യത്ത് സ്വര്‍ണാഭരണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കിയത്. 
 
ഹാൾമാർക്കിങ് സെന്ററുകൾ പരിശോധിക്കുവാനും ക്രോസ്ചെക്ക്  ചെയ്യുവാനുള്ള സംവിധാനം എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടായില്ലെങ്കില്‍ വലിയ തിരിമറികള്‍ നടക്കാന്‍ സാധ്യതയുളളതായും ഈ മേഖലയിലുളളവര്‍ പറയുന്നു. 
 

Latest Videos
Follow Us:
Download App:
  • android
  • ios