റാങ്ക് മെച്ചപ്പെടുത്താന്‍ കച്ചമുറുക്കി ഇന്ത്യ, ജിഎസ്ടി ലഘൂകരിക്കാനുളള നടപടികള്‍ ഉടനുണ്ടായേക്കും
ആഗോള റാങ്കിങിലും ഇന്ത്യയ്ക്ക് മുന്നേറ്റമുണ്ടായി. ആഗോള റാങ്കിങില്‍ ഇന്ത്യ 14 റാങ്കുകളുയര്‍ത്തി 63 -ാം സ്ഥാനത്തേക്ക് എത്തി.
ദില്ലി: ലോകബാങ്കിന്റെ ബിസിനസ് സൗഹൃദ പട്ടികയിൽ ഇന്ത്യയുടെ റാങ്ക് കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുന്ന രീതിയിൽ ജിഎസ്ടി സംവിധാനം ലഘൂകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. വസ്തു രജിസ്ട്രേഷൻ നടപടികൾ അടക്കം എളുപ്പത്തിലാക്കിക്കൊണ്ട് രാജ്യത്തെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താൻ സംസ്ഥാനങ്ങളും ഉത്സാഹിക്കണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു.
പാപ്പരത്ത നിയമം നടപ്പാക്കിയത് രാജ്യത്തിന്റെ റാങ്ക് മെച്ചപ്പെടുത്താൻ സഹായകമായെന്നും ധനമന്ത്രി പറഞ്ഞു. അടുത്ത റാങ്കിംഗിൽ കൊൽക്കത്തയിലേയും ബംഗളൂരുവിലേയും സംരംഭക അന്തരീക്ഷം ലോകബാങ്ക് ഉൾപ്പെടുത്തും. ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇന്ത്യ ബിസിനസ് അനുകൂല സാഹചര്യം മുന്നോട്ടുവയ്ക്കുന്നതില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ആദ്യ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കുന്നത്.
ആഗോള റാങ്കിങിലും ഇന്ത്യയ്ക്ക് മുന്നേറ്റമുണ്ടായി. ആഗോള റാങ്കിങില്‍ ഇന്ത്യ 14 റാങ്കുകളുയര്‍ത്തി 63 -ാം സ്ഥാനത്തേക്ക് എത്തി. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്കൊപ്പം സൗദി അറേബ്യ, ജോര്‍ദാന്‍, ചൈന, നൈജീരിയ എന്നിവര്‍ ഇടം നേടിയിട്ടുണ്ട്.
2014 ല്‍ ആഗോള റാങ്കിങ് പ്രകാരം ഇന്ത്യയുടെ സ്ഥാനം 142 ആയിരുന്നു. 2018 ല്‍ 100 -ാം സ്ഥാനത്തേക്കും. ബിസിനസ് അനുകൂല സാഹചര്യം നിലനില്‍ക്കുന്ന രാജ്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യയെ ആദ്യ 50 രാജ്യങ്ങളുടെ ഗണത്തിലേക്ക് എത്തിക്കുകയാണ് എന്‍ഡിഎ സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.