കൊറോണ റിപ്പോര്‍ട്ട് ചെയ്ത ഏഷ്യന്‍ രാജ്യങ്ങളുടെ എണ്ണം കൂടുന്നു; വന്‍ സാമ്പത്തിക ആഘാതം ഭയന്ന് ലോക രാജ്യങ്ങള്‍ !
അന്താരാഷ്ട്ര വില ഉയര്‍ന്നതിനെ തുടര്‍ന്ന് കേരളത്തിലും സ്വര്‍ണവിലയില്‍ വലിയ പ്രതിഫലനങ്ങളുണ്ടായി. കേരളത്തില്‍ സ്വര്‍ണവില ജനുവരി 25 ന് പവന് 30,000 രൂപയിലേക്ക് കുതിച്ചുകയറി.
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആഗോള സമ്പദ്ഘടനയില്‍ ആശങ്ക വര്‍ധിച്ചുവരുകയാണ്. ഹുബൈ തലസ്ഥാനമായ വുഹാനില്‍ മാത്രം 125 പേര്‍ രോഗബാധ മൂലം മരണപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ചൈനയില്‍ മരിച്ചവരുടെ എണ്ണം 132 ആയി ഉയര്‍ന്നു. വൈറസിനെ നിയന്ത്രണവിധേയമാക്കാനുള്ള അടിയന്തരനടപടികള്‍ക്കിടയിലും രോഗബാധിതരുടെ എണ്ണം 6,000 ആയി ഉയര്‍ന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇതോടെ ഏഷ്യന്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലെല്ലാം വ്യാപാര സമ്മര്‍ദ്ദം വര്‍ധിച്ചു. വുഹാന്‍ ചൈനയിലെ പ്രമുഖ ഗതാഗത ഹബ്ബായതിനാലാണ് രോഗം പെട്ടെന്ന് ലോകത്തിന്‍റെ വിവിധ കോണുകളിലേക്ക് പടരാന്‍ കാരണമായത്. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പദ്‍വ്യവസ്ഥയായ ചൈനയിലെ വളര്‍ച്ചാ നിരക്കിലുണ്ടാകുന്ന ഏത് മാറ്റങ്ങളും ആഗോള വളര്‍ച്ചാമുരടിപ്പിന് കാരണമാകും.
കൊറോണ വൈറസ് ബാധ യുഎഇയില്‍ സ്ഥിരീകരിച്ചതോടെ ജിസിസി രാജ്യങ്ങളിലെ നിക്ഷേപകര്‍ക്കിടയിലും ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. എന്നാല്‍, 2002 -03 ല്‍ ചൈനയില്‍ പടര്‍ന്നുപിടിച്ച സാര്‍സ് വൈറസ് ബാധ മൂലം ഉണ്ടായ ആഘാതം വുഹാന്‍ വൈറസ് മൂലം ഉണ്ടാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. സാര്‍സ് വൈറസ് ബാധയെ തുടര്‍ന്ന് ചൈനയുടെ ജിഡിപി നിരക്കില്‍ 1.1 മുതല്‍ 2.6 ശതമാനത്തിന്‍റെ വരെ ഇടിവുണ്ടായിരുന്നു. എന്നാല്‍, 2002 -03 കാലയളവില്‍ ചൈനീസ് സമ്പദ്‍വ്യവസ്ഥ ആഗോള സമ്പദ്‍വ്യവസ്ഥയുമായി ബന്ധം കുറവായിരുന്നുവെന്ന് വാദിക്കുന്നവരും ഉണ്ട്. ഇപ്പോള്‍ ചൈന ലോകത്തിന് മുന്നില്‍ സമ്പദ്‍വ്യവസ്ഥയെ തുറന്നുവച്ചു. അതിനാല്‍ തന്നെ വുഹാന്‍ ലോകത്തിന്‍റെ നെഞ്ചിടുപ്പ് വര്‍ധിപ്പിക്കുന്നു.
പ്രതിസന്ധി ചൈനയ്ക്ക് മാത്രമല്ല !
ചൈനയിലെ സെൻഷെൻ, ഷാങ്ഹായ് ഓഹരി വിപണികള്‍ യഥാക്രമം 3.52 ശതമാനത്തിന്‍റെയും 2.75 ശതമാനത്തിന്‍റെയും ഇടിവ് രേഖപ്പെടുത്തി. ചൈനീസ് പുതുവര്‍ഷം അവധിയിലേക്ക് കടക്കുന്നതിന് മുന്‍പുളള അവസ്ഥയായിരുന്നു ഇത്. ഇടിവിനെ തുടര്‍ന്ന് വിപണികളിലെ സമ്മര്‍ദ്ദം ഇല്ലാതാക്കുന്നതിന്‍റെ ഭാഗമായി ചൈനീസ് കലണ്ടര്‍ പ്രകാരമുളള പുതുവര്‍ഷ അവധി അടുത്ത തിങ്കളാഴ്ച വരെ നീട്ടി.
ജാപ്പനീസ് സ്റ്റോക്ക് എക്സ്ചേഞ്ച്, യുഎസ്, യൂറോപ്പ് തുടങ്ങിയ ഓഹരി വിപണികളിലും സമ്മര്‍ദ്ദം വലുതാണ്. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് ഒരു ശതമാനമാണ് കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തിയത്. രൂപയുടെ മൂല്യം മൂന്ന് ആഴ്ചയ്ക്കിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പോയി. കൊറോണ ഭീതിയില്‍ വിപണിയിലെ നിക്ഷേപം ആളുകള്‍ ലോഹത്തിലേക്ക് മാറ്റിയതോടെ സ്വര്‍ണത്തിന് ആഗോളതലത്തില്‍ വില വീണ്ടും കുതിച്ചുയര്‍ന്നു. സ്വര്‍ണത്തിന് ആഗോളതലത്തില്‍ ഇപ്പോഴും നിരക്ക് 1,600 ഡോളറിന് മുകളിലാണ്.
അന്താരാഷ്ട്ര വില ഉയര്‍ന്നതിനെ തുടര്‍ന്ന് കേരളത്തിലും സ്വര്‍ണവിലയില്‍ വലിയ പ്രതിഫലനങ്ങളുണ്ടായി. കേരളത്തില്‍ സ്വര്‍ണവില ജനുവരി 25 ന് പവന് 30,000 രൂപയിലേക്ക് കുതിച്ചുകയറി.
ചൈനീസ് പുതുവര്‍ഷ ആഘോഷവേള വലിയ വിനോദസഞ്ചാര ഒഴുക്കുണ്ടാകുന്ന സമയമാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകദേശം 70 ലക്ഷം ആളുകള്‍ ലോകത്തിന്‍റെ വിവിധ ഇടങ്ങളിലേക്കുളള യാത്രകള്‍ക്ക് പദ്ധതിയിട്ടിരുന്നു. എന്നാല്‍, 2019 ലെ വിനോദ സഞ്ചാരികളുടെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സഞ്ചാരികളുടെ എണ്ണത്തില്‍ 40 ശതമാനത്തിന്‍റെ ഇടിവാണുണ്ടായതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വുഹാന്‍ വൈറസ് നിസാരനല്ല
ചൈനയിൽ വൻതോതിൽ ഗതാഗതം നിർത്തലാക്കുന്നത് വ്യവസായത്തെ സാരമായി ബാധിക്കുകയും ഇറക്കുമതി -കയറ്റുമതി മേഖലയെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ചൈന നിലവിൽ ലോകത്തിന്റെ ഉത്പാദന കേന്ദ്രമാണ്. ഗതാഗതത്തിൽ നീണ്ടുനിൽക്കുന്ന ഏതൊരു നിയന്ത്രണവും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും മോശമായ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കും.
കൊറോണ വൈറസ് വ്യാപനം പൂർണ്ണമായും നിയന്ത്രിക്കുകയും സാധാരണ ബിസിനസ്സ് പുന:സ്ഥാപിക്കുകയും ചെയ്തതിന് ശേഷം മാത്രമേ ചൈനയിലെയും ആഗോള സമ്പദ്‌വ്യവസ്ഥയിലെയും വുഹാൻ വൈറസിന്റെ മുഴുവൻ ആഘാതം അറിയാൻ കഴിയൂ. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിന് മുന്‍പ് തന്നെ ചൈനയുടെ സാമ്പത്തിക വളർച്ചയ്ക്ക് 0.5 ശതമാനം മുതൽ ഒരു ശതമാനം വരെ നഷ്ടം നേരിട്ടിരുന്നു. ഒരു ശതമാനം വളര്‍ച്ചയില്‍ ഇടിവ് നേരിട്ടാല്‍ ചൈനീസ് സമ്പദ്‌വ്യവസ്ഥയ്ക്ക് 136 ബില്യൺ ഡോളറിലധികം നഷ്ടമുണ്ടാകും. ഇതാണ് ലോകത്തിന്‍റെ ആശങ്ക വര്‍ധിപ്പിക്കുന്നത്.
ഏഷ്യൻ ഡവലപ്മെന്റ് ബാങ്കിന്റെ കണക്കനുസരിച്ച്, സാര്‍സ് പൊട്ടിപ്പുറപ്പെട്ടത് 18 ബില്യൺ ഡോളർ നഷ്ടമുണ്ടാക്കി. കൊറോണ വൈറസ് മൂലം ആഗോളതലത്തിലുള്ള ആഘാതം വളരെ വലുതായിരിക്കുമെന്നാണ് കണക്കാക്കുന്നത്. 35 ദശലക്ഷത്തിലധികം ആളുകൾ ബന്ധന അവസ്ഥയില്‍ വൈറസ് ഭീഷണി നേരിടുകയാണ്. ഇതോടെ കൊറോണ വൈറസ് മൂലമുളള മനുഷ്യ ആഘതം വളരെ വലുതായിരിക്കുമെന്ന് ഉറപ്പിച്ച് പറയാം.