മോദി സർക്കാരിന് കീഴിൽ എഫ്‍സിഐ കടം പെരുകിയത് 190 ശതമാനം!
91409 കോടി രൂപയുടെ കടമായിരുന്നു 2014 മാർച്ചില്‍ ഫുഡ് കോര്‍പ്പറേഷനുണ്ടായിരുന്നത്. എന്നാല്‍ 2019 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ അനുസരിച്ച് 2.65 ലക്ഷം കോടി രൂപയാണ് എഫ്സിയുടെ കടം. അഞ്ച് വര്‍ഷം കൊണ്ട് 190 ശതമാനത്തോളമാണ് കടം കൂടിയത്.
ദില്ലി: മോദി സര്‍ക്കാരിന്‍റെ സമയത്ത് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കടം മൂന്നിരട്ടിയായെന്ന് റിപ്പോര്‍ട്ട്. ഭക്ഷ്യ സബ്സിഡിക്കായി കൃത്യമായ ഫണ്ട് ബജറ്റില്‍ നീക്കി വക്കാതെ വന്നതോടെയാണ് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്ക് കടം വാങ്ങേണ്ടി വന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 91409 കോടി രൂപയുടെ കടമായിരുന്നു 2014 മാർച്ചില്‍ ഫുഡ് കോര്‍പ്പറേഷനുണ്ടായിരുന്നത്. എന്നാല്‍ 2019 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ അനുസരിച്ച് 2.65 ലക്ഷം കോടി രൂപയാണ് എഫ്സിയുടെ കടം.
അഞ്ച് വര്‍ഷം കൊണ്ട് 190 ശതമാനത്തോളമാണ് കടം കൂടിയത്. കേന്ദ്രം നൽകിയിരുന്ന ഭക്ഷ്യ സബ്സിഡി കുറഞ്ഞതോടെയാണ് എഫ്സിഐ മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് ലോണുകളെടുത്തത്. 2016-17 കാലഘട്ടത്തില്‍ നാഷണല്‍ സ്മോള്‍ സേവിങ്സ് ഫണ്ടില്‍ നിന്ന് തുടര്‍ച്ചയായി കടം എടുത്തിട്ടുണ്ട്. ഈ ലോണുകളില്‍ നിന്ന് 1.91 ലക്ഷം രൂപയുടെ കടമാണ് എഫ്സിഐക്ക് നിലവിലുള്ളത്. ഭക്ഷ്യ സബ്സിഡിക്കായി ബജറ്റില്‍ തുക വിലയിരുത്ത്ല്‍ നേരത്തെ പതിവുണ്ടായിരുന്നു. എന്നാല്‍ ഏതാനും വര്‍ഷങ്ങളായി ഈ പണം നല്‍കുന്നില്ലെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ അനുസരിച്ചാണ് എഫ്സിഐയുടെ പ്രവര്‍ത്തനം. രാജ്യത്തെ ഭക്ഷ്യധാന്യങ്ങള്‍ പൊതുവിതരണ മേഖലയില്‍ എത്തിക്കുന്നത് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ്. 1965 ലെ ഫുഡ് കോര്‍പറേഷന്‍ ആക്ട് അനുസരിച്ചാണ് എഫ്സിഐ രൂപീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഭക്ഷ്യ സബ്സിഡിക്കായി ആവശ്യമായതില്‍ വളരെ കുറവ് തുകയാണ് എഫ്സിഐക്ക് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്.