റിസര്‍വ് ബാങ്ക് പലിശ നിരക്ക്: ഇന്ത്യയുടെ ജിഡിപിയില്‍ കുറവുണ്ടാകുമെന്ന് അമേരിക്കന്‍ റേറ്റിംഗ് ഏജന്‍സി
പുതിയ സാഹചര്യത്തില്‍ വളര്‍ച്ചാ നിരക്ക് 6.8 ശതമാനം മാത്രമായിരിക്കുമെന്നാണ് ഫിച്ചിന്‍റെ വിലയിരുത്തല്‍. വായ്പ പലിശ നിരക്കുകളില്‍ 0.25 ബേസിസ് പോയിന്‍റിന്‍റെ കുറവ് റിസര്‍വ് ബാങ്ക് വരുത്തിയതാണ് പ്രധാനമായും പ്രതീക്ഷിത വളര്‍ച്ച നിരക്കില്‍ കുറവ് വരുത്താന്‍ ഫിച്ചിനെ പ്രേരിപ്പിച്ച ഘടകം.
ന്യൂയോര്‍ക്ക്: അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി നിരക്കില്‍ ഇടിവ് രേഖപ്പെടുത്തുമെന്ന് ഫിച്ച് റേറ്റിംഗ്സ് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ആസ്ഥാനമായ പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയാണ് ഫിച്ച് റേറ്റിംഗ്സ്. 2019 -20 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച നിരക്കില്‍ മുന്‍പ് പ്രവചിച്ചിരുന്നതിനെക്കാള്‍ 0.2 ശതമാനത്തിന്‍റെ കുറവ് വരുമെന്നാണ് ഫിച്ചിന്‍റെ റിപ്പോര്‍ട്ട്.
നേരത്തെ 2019 -20 സാമ്പത്തിക വര്‍ഷത്തില്‍ ഏഴ് ശതമാനം വളര്‍ച്ച ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥ നേടിയെടുക്കുമെന്നാണ് ഫിച്ച് പ്രവചിച്ചിരുന്നത്. എന്നാല്‍, പുതിയ സാഹചര്യത്തില്‍ വളര്‍ച്ചാ നിരക്ക് 6.8 ശതമാനം മാത്രമായിരിക്കുമെന്നാണ് ഫിച്ചിന്‍റെ വിലയിരുത്തല്‍. വായ്പ പലിശ നിരക്കുകളില്‍ 0.25 ബേസിസ് പോയിന്‍റിന്‍റെ കുറവ് റിസര്‍വ് ബാങ്ക് വരുത്തിയതാണ് പ്രധാനമായും പ്രതീക്ഷിത വളര്‍ച്ച നിരക്കില്‍ കുറവ് വരുത്താന്‍ ഫിച്ചിനെ പ്രേരിപ്പിച്ച ഘടകം. 2019 ഫെബ്രുവരിയിലെ പണ നയഅവലോകന യോഗത്തിലാണ് റിസര്‍വ് ബാങ്ക് പലിശ നിരക്കുകളില്‍ കുറവ് വരുത്തിയത്.
2018-19 സാമ്പത്തിക വര്‍ഷത്തില്‍ 7.2 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. 2020-21 ല്‍ ഇന്ത്യയുടെ വളര്‍ച്ച നിരക്ക് ഉയര്‍ന്ന് 7.1 ലേക്ക് എത്തുമെന്നാണ് ഫിച്ച് കണക്കുകൂട്ടുന്നത്.