ദുബായ് മോഡല്‍ ഷോപ്പിങ് ഫെസ്റ്റിവല്‍, ഭവന നിര്‍മാണം, കയറ്റുമതി, നികുതിപരിഷ്കരണം; മാന്ദ്യം മറികടക്കാന്‍ ധനമന്ത്രിയുടെ ഉത്തേജന നടപടികള്‍

ടൂറിസം, ചെറുകിട, ഇടത്തരം സംരംഭങ്ങൾ, കയറ്റുമതി മേഖല എന്നിവയ്ക്ക് ഉത്തേജനം നൽകുന്നതിനായി ദുബായ് മോഡല്‍ ഷോപ്പിങ് ഫെസ്റ്റിവല്‍ ഇന്ത്യയില്‍ നടത്തുമെന്നും നിര്‍മല സീതാരാമന്‍ പറ‌ഞ്ഞു. 

finance minsters press conference

ദില്ലി: രാജ്യത്തെ കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ ആറ് ഇന പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍. കയറ്റുമതി മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് ടാക്സ് റീഎമിഷന്‍, ജിഎസ്ടി ക്രെഡിറ്റ് റീഫണ്ട് തുടങ്ങി നിരവധി പ്രഖ്യാപനങ്ങള്‍ ധനമന്ത്രിയില്‍ നിന്നുണ്ടായി. പാര്‍പ്പിട നിര്‍മാണ മേഖലയ്ക്കായി പ്രഖ്യാപനങ്ങളുണ്ടായെങ്കിലും പലതും കഴിഞ്ഞ കേന്ദ്ര ബജറ്റിന്‍റെ ആവര്‍ത്തനങ്ങളായിരുന്നു. കയറ്റുമതി മേഖലയ്ക്ക് 1,700 കോടിയുടെ വാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും. നിലവിലുളള എക്സ്പോര്‍ട്ട് ക്രെഡിറ്റ് ഗ്യാരന്‍റി കോര്‍പ്പറേഷന്‍റെ (ഇസിജിഎസ്) ഭാഗമായി എക്സ്പോര്‍ട്ട് ക്രെഡിറ്റ് ഇന്‍ഷുറന്‍സ് സര്‍വീസ് (ഇസിഐഎസ്) മുഖേനയാകും ഇത് നടപ്പാക്കുക. 

ടൂറിസം, ചെറുകിട, ഇടത്തരം സംരംഭങ്ങൾ, കയറ്റുമതി മേഖല എന്നിവയ്ക്ക് ഉത്തേജനം നൽകുന്നതിനായി ദുബായ് മോഡല്‍ ഷോപ്പിങ് ഫെസ്റ്റിവല്‍ ഇന്ത്യയില്‍ നടത്തുമെന്നും നിര്‍മല സീതാരാമന്‍ പറ‌ഞ്ഞു. 'ദുബായിൽ നടക്കുന്നതുപോലെ ഇന്ത്യ ഒരു വാർഷിക മെഗാ ഷോപ്പിംഗ് ഉത്സവം നടത്തും' ധനമന്ത്രി അറിയിച്ചു. 2020 മാർച്ചോടെ ഷോപ്പിങ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കും. തുണിത്തരങ്ങൾ, കരകൗശലം, യോഗ, എന്നിവ ഇതില്‍ ഉള്‍പ്പെടുത്തും. 

കയറ്റുമതി വർധിപ്പിക്കുന്നതിനുള്ള മറ്റൊരു നടപടിയായി 36,000-68,000 കോടി രൂപ അധിക ധനമായി സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയത്തിനായി വിട്ടുകൊടുക്കുമെന്ന് നിര്‍മല സീതാരാമൻ പറഞ്ഞു. ഗ്രാമീണ മേഖലയിലെ ചെറുകിട വ്യവസായ പുരോഗതി കൂടി മുന്നില്‍ക്കണ്ടുളള പ്രഖ്യാപനമായാണ് ഇതിനെ സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. പെട്രോളിയം, എഞ്ചിനീയറിംഗ്, തുകല്‍, രത്നം തുടങ്ങിയ പ്രധാന മേഖലകളിൽ നിന്നുള്ള കയറ്റുമതിയിൽ ഗണ്യമായ ഇടിവുണ്ടായതിനെത്തുടർന്ന് ഓഗസ്റ്റിൽ ഇന്ത്യയുടെ കയറ്റുമതി 6.05 ശതമാനം ഇടിഞ്ഞ് 26.13 ബില്യൺ ഡോളറിലെത്തി.

ബജറ്റ് വീടുകളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്ന നയമാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്. റിസര്‍വ് ബാങ്കിന്‍റെ റിപ്പോ നിരക്കുമായി ഭവന വായ്പകളെ ബന്ധിപ്പിക്കുമെന്ന നേരത്തെ നടത്തിയ പ്രഖ്യാപനം മന്ത്രി ആവര്‍ത്തിച്ചു. എല്ലാ ബാങ്കുകളുടെയും ഭവന വായ്പ നിരക്കുകള്‍ ഈ രീതിയിലേക്ക് മാറ്റും. രാജ്യത്തെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളെയും ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷനുകള്‍ക്കുമുളള ധനസഹായ ധനമന്ത്രി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി 1.95 കോടി വീടുകള്‍ രാജ്യത്ത് നിര്‍മിക്കുമെന്നും അവര്‍ അറിയിച്ചു. കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി നടത്തിയ പ്രഖ്യാപനങ്ങളുടെ തുടര്‍ച്ചായായിരുന്നു വാര്‍ത്താ സമ്മേളനത്തിലും നടത്തിയത്.  

രാജ്യത്തെ ഹൗസിംഗ് ഫിനാന്‍സ് രംഗത്തെ ശക്തിപ്പെടുത്തി നിര്‍മാണമേഖലയുടെ തളര്‍ച്ച പരിഹരിക്കുകയെന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയുളള നയമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനങ്ങളിലൂടെ മുന്നോട്ടുവയ്ക്കുന്നത്. റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച് ഭവന വായ്പയുടെ പലിശ നിരക്കുകള്‍ കുറയ്ക്കുന്നതിലൂടെ  രാജ്യത്തെ വായ്പ ലഭ്യത ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. 

രാജ്യത്ത് ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയ്ൽ പണപ്പെരുപ്പ നിരക്ക് നിയന്ത്രിണത്തിലാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. റീട്ടെയ്ല്‍ പണപ്പെരുപ്പം ഇപ്പോഴും നാല് ശതമാനത്തില്‍ താഴെയാണെന്ന് അവര്‍ പറഞ്ഞു. 

ഓഗസ്റ്റില്‍ പണപ്പെരുപ്പം കഴിഞ്ഞ പത്ത് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തിയിരുന്നു. ഓഗസ്റ്റില്‍ 3.21 ശതമാനമാണ് റീട്ടെയ്ല്‍ പണപ്പെരുപ്പം. ജൂലൈയിൽ 3.15 ശതമാനവും 2018 ഓഗസ്റ്റിൽ 3.69 ശതമാനവുമായിരുന്നു പണപ്പെരുപ്പം. രാജ്യത്ത് സ്ഥിര നിക്ഷേപത്തില്‍ വളര്‍ച്ചയുണ്ടായതായും ധനമന്ത്രി വ്യക്തമാക്കി. പ്രതിസന്ധിയിലായ വ്യവസായങ്ങള്‍ തിരിച്ചുവരവിന്‍റെ പാതയിലാണെന്നും ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

Latest Videos
Follow Us:
Download App:
  • android
  • ios