സ്വര്‍ണം വില്‍ക്കണമെങ്കില്‍ ഇനി 'സ്റ്റാന്‍ഡേര്‍ഡ്' വേണം; നിര്‍ണായക സര്‍ക്കാര്‍ തീരുമാനം വരുന്നു
രാജ്യത്ത് വിറ്റഴിക്കപ്പെടുന്ന സ്വര്‍ണാഭരണങ്ങളില്‍ 50 ശതമാനവും ബിഐഎസ് മുദ്രണം ഇല്ലാതെയാണ് വില്‍ക്കുന്നത്. 2,70,000 ത്തോളം ജ്വല്ലറി സ്ഥാപനങ്ങള്‍ ഇപ്പോഴും ബിഐഎസ് ചട്ടക്കൂടിന് പുറത്താണ്.
ദില്ലി: രാജ്യത്ത് വില്‍ക്കുന്ന സ്വര്‍ണാഭരണങ്ങളില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഴ്സിന്‍റെ ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. തീരുമാനം പ്രാവര്‍ത്തികമാകുന്നതോടെ രാജ്യത്ത് സ്വര്‍ണം വില്‍ക്കണമെങ്കില്‍ ബിഐഎസ് മുദ്ര വേണം. നിലവില്‍ 10 ശതമാനം ജുവല്ലറികള്‍ മാത്രമാണ് ബിഐഎസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളത്.
രാജ്യത്ത് വിറ്റഴിക്കപ്പെടുന്ന സ്വര്‍ണാഭരണങ്ങളില്‍ 50 ശതമാനവും ബിഐഎസ് മുദ്രണം ഇല്ലാതെയാണ് വില്‍ക്കുന്നത്. 2,70,000 ത്തോളം ജ്വല്ലറി സ്ഥാപനങ്ങള്‍ ഇപ്പോഴും ബിഐഎസ് ചട്ടക്കൂടിന് പുറത്താണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 44.9 മില്യണ്‍ സ്വര്‍ണാഭരണങ്ങളിലാണ് ബിഐഎസ് ഹാള്‍മാര്‍ക്കിങ് നടത്തിയിട്ടുളളത്. ഇവയുടെ ഭാരം ഏതാണ്ട് 450 മുതല്‍ 500 ടണ്ണാണ്.
ഇന്ത്യയില്‍ നടപ്പാക്കുന്ന പുതിയ ചട്ടക്കൂട് സംബന്ധിച്ച് ലോക വ്യാപാര സംഘടനയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യും. ഈ സാമ്പത്തിക വര്‍ഷത്തിലെ സ്വര്‍ണവില്‍പ്പനയിലും ഇറക്കുമതിയിലും ഇടിവ് പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ ഹാള്‍മാര്‍ക്കിങില്‍ കുറവ് ഉണ്ടായതായാണ് വിലയിരുത്തല്‍.